പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തുന്ന ആന്റണി പെരുമ്പാവൂരിനെ സോഷ്യല്‍ മീഡിയകളിലെ ട്രോളന്മാര് ഏറ്റെടുക്കുകയും രസകരമായ ട്രോളുകളുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്നു.
ഇപ്പോഴിതാ ബ്രോ ഡാഡിയെക്കുറിച്ച് ആന്റണി പെരുമ്പാവൂരുമായി പൃഥ്വിരാജ് ചര്‍ച്ച ചെയ്യുന്ന തരത്തിലുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിന് ഉടനേ ഡേറ്റ് ഇല്ലെന്ന് പറയുന്ന ആന്റണിയെ പൊലീസ് വേഷം നല്കി വരുതിയിലാക്കുന്ന പൃഥ്വിരാജാണ് വീഡിയോയിലുള്ളത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദീപക് ദേവിന്റെ സംഗീതത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മധു വാസുദേവന്റേതാണ് വരികള്‍.
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് തയ്യാറാക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മീന, ലാലു അലക്സ്, കല്യാണി പ്രിയദര്ശന്, മുരളി ഗോപി, മല്ലിക സുകുമാരന്‍, സൗബിന് ഷാഹിര്‍ തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.