ഹൃദയം ബോളിവുഡിലേക്ക്; റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കി ധര്‍മ്മ പ്രൊഡക്ഷന്‍സ്; സ്വപ്‌ന സാക്ഷാത്കാരമെന്ന് വിശാഖ് സുബ്രഹ്‌മണ്യം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ‘ഹൃദയം’ സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കി കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കുള്ള റീമേക്ക് റൈറ്റ്‌സ് ആണിത്. ഹൃദയത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കരണ്‍ ജോഹറും വിവരം പങ്കുവെച്ചിട്ടുണ്ട്.

സിനിമകളുടെ തുടക്കത്തില്‍ ധര്‍മ്മയുടെ ലോഗോ കാണുന്നത് തന്റെ നല്ല ഓര്‍മ്മകളില്‍ ഒന്നായിരുന്നെന്ന് വിശാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ‘എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ നോക്കിയിരുന്ന ബാനറാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്. സിനിമകളുടെ തുടക്കത്തില്‍ ധര്‍മ്മയുടെ ലോഗോ പ്രത്യക്ഷെടുമ്പോഴെല്ലാം എന്റെ മുഖത്തൊരു പുഞ്ചിരി വിടരാറുണ്ട്. കൂടെ ഒരുപാട് ഓര്‍മ്മകളും. വര്‍ഷങ്ങളായി ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്ത ഏറ്റവും അഭിമാനകരമായ രണ്ട് ബാനറുകള്‍ എന്റെ സിനിമയുടെ റീമേക്ക് അവകാശം നേടി എന്നത് ഒരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ്’, വിശാഖ് പറയുന്നു.

ധര്‍മ്മ പ്രൊഡക്ഷന്‍സും മെറിലാന്‍ഡ് സിനിമാസും ഒരുമിക്കുന്ന മനോഹരമായ ഒരു യാത്രയുടെ തുടക്കം മാത്രമാണ് ‘ഹൃദയം’ എന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കുറിച്ചു. 1979-ല്‍ യാഷ് ജോഹറാണ് നിര്‍മ്മാണ-വിതരണ കമ്പനിയായി ധര്‍മ്മ പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2004ല്‍ മകന്‍ കരണ്‍ ജോഹര്‍ കമ്പനി ഏറ്റെടുക്കുകയായിരുന്നു.

പ്രണവ് മോഹന്‍ലാല്‍-ദര്‍ശന-കല്യാണി പ്രിയദര്‍ശന്‍ കോമ്പോയിലെത്തിയ ഹൃദയം കേരളത്തില്‍ വലിയ ബോക്‌സ്ഓഫീസ് വിജയമായിരുന്നു. തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും റിലീസ് ചെയ്തിരുന്നു.

UPDATES
STORIES