പൊതുപരിപാടിക്കിടെ നടി ആക്രമിക്കപ്പെട്ട കേസ് പരോക്ഷമായി പരാമര്‍ശിച്ച് നടന് ദിലീപ്. താന്‍ സത്യത്തിനും നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലാണെന്ന് നടന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന, നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവര്ക്കും അറിയാം. ജയിലില്‍ നിന്ന് വന്ന സമയത്ത് ഈ ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശകരമായി നിന്നത്. അവിടെവെച്ച് എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണെന്നും നടന് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ദിലീപിന്റെ പ്രതികരണം.
വലിയ ജനക്കൂട്ടം കാണുമ്പോള്‍ വേദിയില്‍ നിന്ന് സംസാരിക്കാന്‍ ടെന്‍ഷനുള്ള ആളാണ്. നാവില്‍ നിന്ന് എന്തെങ്കിലും അബദ്ധങ്ങള്‍ പറ്റുമോയെന്ന് പേടിയുണ്ട്. ഒരാളേയും നമ്മളായിട്ട് വേദനിപ്പിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുകയെന്ന് പറയുന്നതുപോലെ.
ദിലീപ്
താന്‍ എപ്പോഴും പിന്നിലേക്ക് നിക്കുന്ന ആളാണെന്നും നടന് പ്രസംഗിച്ചു നാണപ്രകൃതമുള്ളയാളാണ്. കഴിഞ്ഞ ദിവസം വേറൊരു വലിയ പരിപാടിയുടെ കാര്യം പറഞ്ഞതാണ്. ഞാനിപ്പോള്‍ കുറച്ചുനാളത്തേക്ക് പരിപാടികള്‍ക്കൊന്നും പോകുന്നില്ല എന്ന് പറഞ്ഞു. ഞാനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം എന്താണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.
ആലുവ എന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നാണ്. ശതാബ്ദി ആഘോഷം നടക്കുന്നതിനിടെ എന്നെ വിളിച്ച നഗരസഭയോടും ചെയര്‍മാനോടും മറ്റംഗങ്ങളോടും ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നു. ഈയൊരു അവസരത്തില്‍ എന്നെ മാറ്റി നിര്‍ത്താതെ, നിങ്ങളും ഒപ്പം ചേര്‍ത്ത്, ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ, അത് എന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്, അപേക്ഷിക്കുകയാണ്. തുടര്‍ന്നും നമ്മള് കണ്ടുകൊണ്ടിരിക്കുമെന്ന് പറഞ്ഞാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 2017 ഫെബ്രുവരിയില്‍ നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വെച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. ദിലീപ് അടക്കം ഒമ്പത് പേര് കേസില്‍ കുറ്റാരോപിതരാണ്. 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. ആരോപണങ്ങളും അറസ്റ്റും ജയില്‍ വാസവും വലിയ കോളിളക്കമുണ്ടാക്കിയതോടെ നടന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയായിരുന്നു.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ 200ലധികം സാക്ഷികളുള്ള കേസില്‍ ഇനിയും കുറച്ചുപേരെ വിസ്തരിക്കാനുണ്ട്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കര്‍ എന്നിങ്ങനെ പ്രോസിക്യൂഷന് സാക്ഷികളില്‍ ഒരു വിഭാഗം വിചാരണക്കിടെ കൂറുമാറി. പ്രോസിക്യൂഷന് ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും വാദം കേള്‍ക്കുന്ന പ്രത്യേക കോടതി പരിശോധിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്.