‘ഞാന്‍ കാഞ്ചി വലിച്ചിട്ടില്ല’; സെറ്റില്‍ വെടിയുണ്ട കൊണ്ടുവന്നവരേക്കുറിച്ച് അന്വേഷിക്കണമെന്ന് അലക് ബാള്‍ഡ്‌വിന്‍

‘റസ്റ്റ്’ സിനിമയുടെ ചിത്രീകരണത്തിനിടെ ഛായാഗ്രാഹക ഹാലിന ഹച്ചിന്‍സ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി നടന്‍ അലക് ബാള്‍ഡ്‌വിന്‍. ഹാലിനയുടെ മരണത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖവും പശ്ചാത്താപവുമുണ്ടെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ ഹോളിവുഡ് നടന്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കോ ഉത്തരവാദിത്തമുണ്ട്. പക്ഷെ എനിക്കത് ആരെന്ന് അറിയില്ല. താനല്ല ഛായാഗ്രഹകയുടെ മരണത്തിന് ഉത്തരവാദിയെന്നതുകൊണ്ട് കുറ്റം ചെയ്‌തെന്ന് കരുതുന്നില്ലെന്നും നടന്‍ എബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഞാന്‍ കാഞ്ചി വലിച്ചിട്ടില്ല. ഒരിക്കലും ഞാന്‍ ആര്‍ക്കെങ്കിലുമെതിരെ തോക്കുചൂണ്ടി കാഞ്ചി വലിക്കില്ല. ഞാനാണ് ഉത്തരവാദിയെന്ന് തോന്നിയെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ.

അലക് ബാള്‍ഡ്‌വിന്‍
ഹാലിന ഹച്ചിന്‍സ്

ലൊക്കേഷനിലേക്ക് യഥാര്‍ത്ഥ വെടിയുണ്ടകള്‍ കൊണ്ടുവന്നവരേക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കേണ്ടതെന്ന് നടന്‍ ചൂണ്ടിക്കാട്ടി. ഞാന്‍ പല തവണ പൊലീസുമായി സംസാരിച്ചു. എനിക്കൊന്നും മറച്ചുവെയ്ക്കാനില്ല. തോക്കില്‍ വെടിയുണ്ട വന്നത് എങ്ങനെയെന്ന് എനിക്കറിയില്ല. റിഹേഴ്‌സലിനിടെ എന്റെ ഓരോ നീക്കവും ഹാലിന ഡയറക്ട് ചെയ്യുകയായിരുന്നു. ഏത് ആംഗിളിലാണ് തോക്ക് പിടിക്കേണ്ടതെന്ന് പറഞ്ഞു തരികയായിരുന്നു അവള്‍. തോക്കില്‍ ഹാലിന പിടിക്കാന്‍ പറഞ്ഞ സ്ഥലത്ത് ഞാന്‍ പിടിച്ചു. ഹാലിനയുടെ കക്ഷത്തിന് കീഴെ ഉന്നം പിടിക്കുന്ന രീതിയിലായിരുന്നു അത്. തോക്കിന്‍ കൊത്തി വലിച്ചുവെയ്ക്കുന്നതായിരുന്നു ഷോട്ട്. കാഞ്ചി വലിച്ചിരുന്നില്ല. തോക്കിന്‍കൊത്തി വലിച്ച ശേഷം ഞാന്‍ വിട്ടപ്പോള്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു. എല്ലാവരും ഞെട്ടിപ്പോയി. വലിയ ശബ്ദത്തിലായിരുന്നു അത്. അവരാരും ഇയര്‍പ്ലഗ് ധരിച്ചിരുന്നില്ല. തോക്ക് കാലിയാകേണ്ടിയിരുന്നതാണ്. തിരയില്ലാത്തതെന്ന് പറഞ്ഞാണ് തനിക്ക് തോക്ക് നല്‍കിയതെന്നും ബാള്‍ഡ്‌വിന്‍ പറഞ്ഞു.

ഹാലിനയ്ക്ക് തല കറക്കമോ ഹൃദയാഘാതമോ ഉണ്ടായെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഹാലിന വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് എന്നോട് പറയുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

അലക് ബാള്‍ഡ്‌വിന്‍

നടന് കോള്‍ട്ട്. 45 എന്ന മോഡല്‍ തോക്ക് കൈമാറിയ അസിസ്റ്റന്റ് ഡയറക്ടര്‍ ഡേവിഡ് ഹാള്‍സ് അലക് ബാള്‍ഡ്‌വിന്നിന്റെ വിശദീകരണത്തെ പിന്തുണച്ചു. ബാള്‍ഡ്‌വിന്‍ കാഞ്ചി വലിച്ചിട്ടില്ലെന്നാണ് തന്റെ കക്ഷി ആദ്യ ദിവസം മുതല്‍ ആവര്‍ത്തിക്കുന്നതെന്ന് ഡേവിഡ് ഹാള്‍സിന്റെ അഭിഭാഷക ലിസ ടൊറാകോ പറയുന്നു.

റസ്റ്റിന്റെ സെറ്റ്

കോടതി രേഖകള്‍ പറയുന്നത് പ്രകാരം സിനിമയ്ക്ക് വേണ്ടി ആയുധങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്ന ഹന്ന ഗുട്ടിറെസ് റീഡ് ആണ് ഡേവിഡ് ഹാള്‍സിന് തോക്ക് നല്‍കിയത്. ‘ഉണ്ടയില്ലാത്ത തോക്ക്’ എന്ന് വിളിച്ചുപറഞ്ഞാണ് ഹാള്‍സ് തോക്ക് നടന് നല്‍കിയത്. ഉണ്ടകള്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നാണ് ഹന്നയുടെ വാദം. ഇതോടെ പൊലീസ് അന്വേഷണം തിര എവിടെ നിന്നെത്തി എന്നതിലേക്ക് തിരിഞ്ഞു. പലരില്‍ നിന്നായാണ് ‘റസ്റ്റ്’ നിര്‍മ്മാതാക്കള്‍ ചിത്രീകരണത്തിന് വേണ്ടിയുള്ള ആയുധങ്ങള്‍ ശേഖരിച്ചത്. സെത്ത് കെന്നി എന്ന തോക്ക് വിതരണക്കാരന് പറ്റിയ പിഴവും ഇതിന് പിന്നാലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ തോക്ക് കൃത്യമായി പരിശോധിക്കാതെ അശ്രദ്ധ കാട്ടിയതുമാകാം മരണത്തില്‍ കലാശിച്ചതെന്ന് അനുമാനമുണ്ട്. വീണ്ടും നിറച്ച ചില തോക്കുകളില്‍ നിന്നാകാം യഥാര്‍ത്ഥ തിര വന്നതെന്ന് കെന്നി അന്വേഷണ സംഘത്തോട് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താന്‍ നല്‍കിയത് പൊള്ളയായ തിരകളായിരുന്നെന്നാണ് സെത്ത് കെന്നിയുടെ സത്യവാങ് മൂലത്തിലുള്ളത്.

ഒക്ടോബര്‍ 21നാണ് ഹോളിവുഡിനേയും ചലച്ചിത്ര പ്രേമികളേയും ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ അലക് ബാള്‍ഡ്‌വിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു. 42കാരിയായ ഹാലിന ഹച്ചിന്‍സിന്റെ ദേഹത്തും സംവിധായകന്‍ ജോയല്‍ സോസയുടെ ശരീരത്തിലും വെടിയുണ്ട തുളഞ്ഞുകയറി. ഹെലികോപ്ടറില്‍ ഹാലിനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോയല്‍ സോസ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സംഭവം വലിയ വിവാദമായതോടെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ആയുധ ഉപയോഗം ചര്‍ച്ചയായി. താന്‍ സിനിമാജീവിതം ഉപേക്ഷിച്ചേക്കുമെന്ന് അലക് ബാള്‍ഡ്‌വിന്‍ സൂചിപ്പിക്കുന്നുണ്ട്.

UPDATES
STORIES