‘ഒരു സിനിമയ്ക്ക് ശേഷം ബ്രേക്ക് എടുത്തു, തിരിച്ചുവരണമെന്ന് തീരുമാനിച്ചതുപോലും പിന്നീട്’; ധാരണയില്ലാത്ത സംവിധായകരാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ടൊവിനോ തോമസ്

സംവിധായകര്‍ക്ക് കൃത്യം ധാരണയില്ലാത്തതിന്റെ പേരില്‍ പല മോശം സിനിമയുടെയും ഭാഗമാകേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. കഥ പറയുന്ന ഘട്ടത്തില്‍ വളരെ മനോഹരമായി അത് അവതരിപ്പിച്ച പലര്‍ക്കും ഷൂട്ടിങ്ങില്‍ പാളിപ്പോയിട്ടുണ്ട്. അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതിന് ശേഷം താനൊരു ബ്രേക്ക് എടുത്തിരുന്നെന്നും ടൊവിനോ പറഞ്ഞു. റൗണ്ട് ടേബിള്‍ വിത്ത് രാജീവ് മസന്ദ് എന്ന നെറ്റ്ഫ്‌ലിക്‌സ് ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിനേതാവ് എന്ന നിലയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് കൃത്യം ധാരണയില്ലാത്ത സംവിധായകരുടെ കൂടെ സിനിമ ചെയ്യേണ്ടിവരുമ്പോഴാണെന്നും ടൊവിനോ പറഞ്ഞു. ‘ഞാന്‍ അത്തരം സംവിധായകരുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട്. സാധാരണ ഓരോ സിനിമകള്‍ക്കും ശേഷം ഞാന്‍ വലിയ ബ്രേക്ക് എടുക്കാറില്ല. പക്ഷേ, ഒരു സിനിമയ്ക്ക് ശേഷം ഞാന്‍ മൂന്നുമാസം ബ്രേക്കെടുത്ത് യാത്ര ചെയ്തു. അതിന് ശേഷമാണ് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവരണോ വേണ്ടയോ എന്നുപോലും തീരുമാനിച്ചത്’.

‘ചില കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ല. നമ്മള്‍ ചില സംവിധായകരെ കണ്ണുമടച്ച് വിശ്വസിക്കും. വളരെ മനോഹരമായിട്ടായിരിക്കും അവര്‍ ആദ്യം കഥ പറയുക. പക്ഷേ, ഷൂട്ടിങ്ങിലേക്ക് വരുമ്പോള്‍ അതില്‍നിന്നും ഒരുപാട് വ്യത്യാസമുണ്ടായിരിക്കും. സംവിധായകന്‍ തന്നെ ഒരു ആശയക്കുഴപ്പത്തിലായിരിക്കും. ഷൂട്ടിങ് തുടങ്ങി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാവും നമ്മള്‍ക്കത് മനസിലാവുക. ആ സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ പറയാനൊന്നും സാധിക്കില്ലല്ലോ. ഒരുപാട് ആളുകള്‍ ആ സിനിമയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ടാവും. പിന്നെ നമ്മുക്കൊന്നും ചെയ്യാനില്ല. അത്തരം സിനിമ സംഭവിച്ചുകഴിഞ്ഞാല്‍ എല്ലാ പഴിയും സംവിധായകരിലല്ല, കേന്ദ്രകഥാപാത്രത്തിന്റെ മേലാവും ഉണ്ടാവുക’, ടൊവിനോ വിശദീകരിച്ചു.

നെറ്റ്ഫ്‌ളിക്‌സില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ വിശേഷങ്ങളും നടന്‍ പങ്കുവെച്ചു. സൂപ്പര്‍ ഹീറോ ആകണമെന്നും എല്ലാവരും സ്‌നേഹിക്കണമെന്നും ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നു. സിനിമയില്‍ വന്നപ്പോള്‍ കുറേ പേര്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങി. മിന്നല്‍ മുരളിയിലൂടെ സ്‌ക്രീനിലെങ്കിലും ഒരു സൂപ്പര്‍ ഹീറോ ആകാനും സാധിച്ചു. എന്റെ ഈ രണ്ടാഗ്രഹവും കുറച്ചെങ്കിലും നടന്നു. കുടുംബത്തോടൊപ്പം ബേസിലിന്റെ വീട്ടില്‍ ഇരുന്നാണ് ഞങ്ങള്‍ മിന്നല്‍ മുരളി കണ്ടത്. എന്റെ മകള്‍ ഇപ്പോഴും വിശ്വസിക്കുന്നത് എനിക്ക് സൂപ്പര്‍ പവര്‍ ഉണ്ടെന്നാണ്. വളര്‍ന്നു വലുതായി അവള്‍ മനസിലാക്കട്ടെ അവളുടെ അച്ഛന്‍ ഒരു സൂപ്പര്‍ ഹീറോ അല്ല എന്ന്. പക്ഷെ അതുവരെ ഞാന്‍ ഇത് എന്‍ജോയ് ചെയ്യും,” ടൊവിനോ പറഞ്ഞു.

ബോളിവുഡ് അഭിനേതാക്കളായ താപ്‌സി പന്നു, കൊങ്കണ സെന്‍ ഷര്‍മ, സാന്യ മല്‍ഹോത്ര, രവീണ ടാണ്ടണ്‍, ആദര്‍ശ് ഗൌരവ് എന്നിവരും ടൊവിനോയ്‌ക്കൊപ്പം റൌണ്ട് ടേബിള്‍ വിത്ത് രാജീവ് മസന്ദിന്റെ ഭാഗമായിരുന്നു.

മിന്നല്‍ മുരളിയിലെ പ്രകടനത്തിലൂടെ പാന്‍ ഇന്ത്യന്‍ താരം എന്ന നിലയിലേക്കാണ് ടൊവിനോ വളര്‍ന്നിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തില്‍ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

UPDATES
STORIES