‘അമിതാഭ് ബച്ചന്റെ ‘ഷറാബി’ റീമേക്ക് ചെയ്യാന്‍ ആഗ്രഹം’; അതൊരു വെല്ലുവിളി തന്നെയെന്ന് ധനുഷ്

അമിതാഭ് ബച്ചന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ഷരാബി’ പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധനുഷ്. ഹിന്ദി സിനിമകളില്‍ ഇന്ന് റീമേക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ചിത്രമേതെന്ന ചോദ്യത്തിനായിരുന്നു ധനുഷിന്റെ മറുപടി. കുറച്ച് നാള്‍ മുന്‍പ് തനിക്ക് ‘അന്ധാദുന്‍’ തമിഴില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാലുള്ള ചില കാരണങ്ങളാല്‍ പുനര്‍നിര്‍മ്മിക്കാനുള്ള അവകാശം ലഭിച്ചില്ലെന്നും നടന്‍ പ്രതികരിച്ചു.

അമിത് ജിയുടെ ഷരാബി റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണത്. ആ ചലഞ്ച് ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടവുമാണ്.

ധനുഷ്

അമിതാഭ് ബച്ചന്‍, ജയപ്രദ, പ്രാണ്‍, ഓം പ്രകാശ്, രഞ്ജീത് എന്നിവരെ പ്രധാന വേഷങ്ങളിലെത്തിച്ച് പ്രകാശ് മെഹ്‌റയാണ് ഷരാബി (1984) സംവിധാനം ചെയ്തത്. കള്ളുകുടിയന്‍ എന്നാണ് ഷരാബി എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം. വിക്കി കപൂര്‍ ആയെത്തിയ അമിതാഭ് പിതൃസ്‌നേഹം കിട്ടാത്ത ധൂര്‍ത്ത പുത്രനെയാണ് അവതരിപ്പിച്ചത്. അതിസമ്പന്നനായ ബിസിനസുകാരന്‍ അമര്‍ നാഥ് ആയി പ്രാണ്‍ വേഷമിട്ടു. ചെറുപ്പം മുതലേ മദ്യത്തിന് അടിമയായ വിക്കി വിഷാദത്തിലേക്ക് നീങ്ങുന്നതും അതിനിടെ മീനയെന്ന (ജയപ്രദ) ലൈംഗീക തൊഴിലാളിയെ കണ്ടുമുട്ടുന്നതുമാണ് ഷരാബിയുടെ പ്രമേയം. 1981ല്‍ പുറത്തിറങ്ങിയ ‘ആര്‍തര്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രകാശ് മെഹ്‌റ ഷരാബി ഒരുക്കിയത്.

അമിതാഭ് ബച്ചന്‍ / ഷരാബി

2015ല്‍ പുറത്തിറങ്ങിയ ഷമിതാഭിലൂടെ ബിഗ്ബിയും ധനുഷും സ്‌ക്രീന്‍ പങ്കിട്ടിരുന്നു. ആര്‍ ബാല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയില്ല.

ധനുഷിന്റെ പുതിയ ബോളിവുഡ് ചിത്രം ‘അത്‌റംഗി രേ’ ഡിസംബര്‍ 24ന് ഒടിടി റിലീസായെത്തും. അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍ എന്നിവരേക്കൂടി അണിനിരത്തി ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് എല്‍ റായിയുടെ ‘രാഞ്ജന’യിലൂടെയായിരുന്നു (2013) ധനുഷിന്റെ ഹിന്ദി അരങ്ങേറ്റം. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയായ അത്‌റംഗി രേ ഡിസ്‌നി ഹോട്‌സ്റ്റാറാണ് പ്രേക്ഷകരിലെത്തിക്കുക.

ധനുഷ്, സാറ അലി ഖാന്‍ / അത്‌റംഗി രേ
UPDATES
STORIES