പ്രതിനായകൻ മമ്മൂട്ടി

മമ്മൂട്ടി എന്ന താരശരീരത്തിന് അതിന്‌റെ കച്ചവട അലങ്കാരങ്ങളെ അഴിച്ചുവച്ച് അടിമുടിവില്ലനാകാന്‍ ഈ എഴുപതാംകാലത്തും കഴിയുന്നു എന്നതിന്‌റെ സാക്ഷ്യമായിരുന്നു രത്തീന സംവിധാനം ചെയ്ത പുഴു. താരപദവി അലങ്കരിക്കുമ്പോഴും നായകന്‌റെ കുപ്പായമൂരി വില്ലന്‍ വേഷം കെട്ടാന്‍ വിമുഖത കാട്ടിയിട്ടില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം വെള്ളിത്തിരയില്‍ വില്ലനായി എത്തിയപ്പോഴെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള അഞ്ച് കഥാപാത്രങ്ങളെ പരിചയപ്പെടാം.

കൂടെവിടെ

നായകനിരയിലേക്ക് ഉയര്‍ന്നു വന്ന കാലത്താണ് മമ്മൂട്ടി പത്മരാജന്‌റെ കൂടെവിടെ എന്ന ചിത്രത്തിലെ പട്ടാളക്കാരനായ ക്യാപ്റ്റന്‍ തോമസാകുന്നത്. ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലെ അദ്ധ്യാപികയാണ് സുഹാസിനിയുടെ ആലീസ്. ജോസ് പ്രകാശ് അവതരിപ്പിച്ച സേവ്യര്‍ പുത്തൂരാന്‍ എന്ന പാര്‍ലമെന്റ് അംഗത്തിന്റെ അച്ചടക്കമില്ലാത്ത മകനായ രവി പുത്തൂരാനായി എത്തിയത് റഹ്‌മാന്‍ ആയിരുന്നു. റഹ്‌മാന്‌റെ ആദ്യ ചിത്രം കൂടിയാണ് കൂടെവിടെ. രവിയെ ഒരു നല്ല വിദ്യാര്‍ത്ഥിയായി മാറ്റിയെടുക്കുന്നതിന്‌റെ ഭാഗമായി ആലീസ് രവിയില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നത് ആലീസിന്റെ കാമുകനായ ക്യാപ്റ്റന്‍ തോമസിനെ അസ്വസ്ഥനാക്കുന്നു. രവിയെ പിന്തുടരുന്നതിനിടയില്‍ മനഃപൂര്‍വമല്ലെങ്കിലും തോമസ്സിന്റെ ജീപ്പിടിച്ച് രവി കൊല്ലപ്പെടുന്നു. തോമസ് പിന്നീട് പോലീസിനു കീഴടങ്ങുകയും ചെയ്യുന്നു. കാഞ്ഞിരപ്പള്ളി നസ്രാണിയെന്നും പട്ടാളക്കാരനെന്നുമുള്ള തന്‌റെ ആണ്‍ ഐഡന്‌റിറ്റിയില്‍ അഭിരമിക്കുന്ന കഥാപാത്രമാണ് തോമസ്. കാഴ്ചക്കാരില്‍ വെറുപ്പും നീരസവും മാത്രം ബാക്കിയാക്കുന്ന തോമസ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ ഒരു ബ്രില്യന്റ് തിരഞ്ഞൈടുപ്പായിരുന്നു.

വിധേയന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ ഒരു അടിമയുടേയും അയാളുടെ ക്രൂരനായ യജമാനന്‌റേയും കഥയാണ്. 1994ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ക്രിസ്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ തൊമ്മിയായി എം ആര്‍ ഗോപകുമാറും ഭാസ്‌കര പട്ടേലര്‍ എന്ന ക്രൂരനും സ്വേച്ഛാധിപതിയുമായ ജന്മിയായി മമ്മൂട്ടിയുമെത്തി. അതിശക്തനും അധികാരം കൈയാളുന്നവനുമായ പട്ടേലര്‍ സ്ത്രീകളെ ഒരു ഭോഗവസ്തുവായി മാത്രം കണ്ടു. കൊലപാതകിയും സ്ത്രീലമ്പടനുമായ ഭാസ്‌കരപ്പട്ടേലര്‍ ബുദ്ധിമാനായ ഒരു കുറ്റവാളിയാണ്. തന്‌റെ തെറ്റുകള്‍ അയാല്‍ ക്രൂരമായ ചിരിക്കു പിന്നില്‍ ഒളിപ്പിച്ചു. യജമാനനെ അക്ഷരം പ്രതി അനുസരിക്കുകയും അയാള്‍ പേരെടുത്തുവിളിക്കുമ്പോള്‍ ആഹ്‌ളാദിക്കുകയും ചെയ്യുന്നവനാണ് തൊമ്മി.

വെള്ളിത്തിരയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നായി ഇപ്പോഴും നിലനില്‍ക്കുന്നു ഭാസ്‌കര പട്ടേലര്‍. സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെ അത് വാണിജ്യ വിജയമായി മാറുകയും, മമ്മൂട്ടി ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പൂര്‍ണ്ണമായും കടത്തിവെട്ടുകയും ചെയ്തു. വിധേയനിലെ കഥാപാത്രം മമ്മൂട്ടിയുടേ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. തുടക്കം മുതല്‍ ചിത്രത്തിന്റെ ഭൂരിഭാഗത്തും മുഖത്ത് ശൗര്യവും ക്രൂരതയും നിറച്ചു നിന്ന മമ്മൂട്ടിയെ ജര്‍മന്‍ മാധ്യമങ്ങള്‍ സ്വേച്ഛാധിപതി ആയിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുമായാണ് താരതമ്യം ചെയ്തത്. ഭാസ്‌കര പട്ടേലര്‍ എന്ന വില്ലനിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.

പാലേരിമാണിക്യം

മമ്മൂട്ടി നെഗറ്റീവ് റോളില്‍ അഭിനയിച്ച ചിത്രങ്ങളുടെ പട്ടികയിലെ അടുത്ത പേര് ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’യാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിന്റെ കഥ ചരിത്ര കാലഘട്ടത്തിലെ ചില വസ്തുതകള്‍ അനാവരണം ചെയ്യുന്ന ഒരു നിഗൂഢത നിറഞ്ഞ ഒരു സിനിമയാണ്. 1957ല്‍ മാണിക്യം എന്ന യുവതി കൊല്ലപ്പെടുകയും 52 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടുപേര്‍ പാലേരിയില്‍ എത്തുകയും ചെയ്യുന്നു. അവിടെ നിന്നാണ് കഥ വികസിക്കുന്നത്. മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി / ഹരിദാസ് / ഖാലിദ് അഹമ്മദ് എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ദൈവത്തെക്കാള്‍ ഒട്ടും ചെറുതല്ല താനെന്ന് വിശ്വസിക്കുന്ന നാട്ടുപ്രമാണിയാണ് മുരിക്കുംകുന്നത്തു അഹമ്മദ് ഹാജി. ‘ഒരു മാണിക്കത്തിനെ അല്ല ഒമ്പത് മാണിക്കത്തിനെ കൊന്നാലും ഒരു നായും ചോയിക്കേല’ എന്ന ആത്മവിശ്വാസവും ഗര്‍വുമാണ് അഹമ്മദ് ഹാജി അടിമുടി. മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയെ തേടി 2009ല്‍ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമെത്തി. ശ്വേതാ മേനോന്‍, മൈഥിലി, സിദ്ദീഖ്, ശ്രീനിവാസന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുന്നറിയിപ്പ്

ദയ എന്ന സിനിമയ്ക്ക് ശേഷം വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്. സി.കെ രാഘവന്‍ എന്ന ജയില്‍പ്പുള്ളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. ദീര്‍ഘകാലത്തെ ജയില്‍ വാസത്തിന് ശേഷം പുറം ലോകം കാണുന്ന രാഘവന്‍ സിനിമയിലുടനീളം സൗമ്യനും ശാന്തനും ദുര്‍ബലനുമാണ്. എന്നാല്‍ ക്ലൈമാക്‌സിലെ രാഘവന്‌റെ ചിരി ഏതൊരു പ്രേക്ഷകനേയും ഞെട്ടിക്കുന്ന ഒന്നാണ്. ആ ചിരിയുടെ തുടര്‍ച്ച ഒരു കൊലപാതകവും. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഒരു അഭിനയമുഹൂര്‍ത്തം കൂടിയാണ് മുന്നറിയിപ്പിന്‌റെ ക്ലൈമാക്‌സ്. സിനിമ കഴിയുമ്പോള്‍ രാഘവന്‌റെ ചിരികൂടിയാണ് പ്രേക്ഷര്‍ക്കൊപ്പം തിയേറ്റര്‍ വിട്ട് പോരുന്നത്. ചിത്രത്തിലെ അഞ്ജലി എന്ന മാധ്യമപ്രവര്‍ത്തകയായി എത്തിയത് അപര്‍ണ ഗോപിനാഥായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ തേടിയെത്തിയ ഒരു മികച്ച ചിത്രം കൂടിയായിരുന്നു മുന്നറിയിപ്പ്.

പുഴു

സഹാനുഭൂതി തൊട്ടുതീണ്ടിയിട്ടില്ലാത്ത ആരോടും അലിവില്ലാത്ത കുട്ടന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മമ്മൂട്ടി കഥാപാത്രം അടിമുടി ജാതിയാകുന്ന കാഴ്ചയായിരുന്നു പുഴു. മറ്റുള്ളവരെ നിരന്തരം പീഡിപ്പിക്കുന്ന കുട്ടന്‍ സ്വയം ഒരു ഇരയായാണ് വിശ്വസിക്കുന്നത്. ആരോടും അലിവില്ലാത്ത ആര്‍ക്കുമേലെയും തനിക്ക് അധികാരമുണ്ടെന്ന് കരുതുന്ന കുട്ടന്‍ സ്വയം മാറാതെ മറ്റുള്ളവരെ മാറ്റിയെടുക്കാനും നിയന്ത്രിക്കാനുമുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുന്ന ആളാണ്. തനിച്ചുവളര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന സ്വന്തം മകന്‌റെ മനസ് കാണാന്‍ കൂടി അയാള്‍ക്ക് കഴിയുന്നില്ല. വിദ്വേഷവും കയ്പ്പും വെറുപ്പുമാണ് അയാളിലെ ആത്യന്തികമായ ഭാവം. മമ്മൂട്ടി എന്ന സവര്‍ണ നായക ശരീരം പൂര്‍ണമായും ഒരു വലതുപക്ഷ മനോഭാവമായി രൂപപ്പെടുകയാണ് രത്തീന സംവിധാനം ചെയ്ത പുഴുവില്‍. മമ്മൂട്ടിയുടെ സഹോദരിയായ ഭാരതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയാണ്. ബി.ആര്‍ കുട്ടപ്പനായി അപ്പുണ്ണി ശശിയും എത്തി.

UPDATES
STORIES