തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ പുരസ്കാരദിനച്ചടങ്ങില് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സംവിധായകന്. എം ജി സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി യുവ സംവിധായകന് മക് മെര് മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു.
കേരളത്തില്‍ നിര്‍മ്മിച്ച മികച്ച ക്യാംപസ് ഹ്രസ്വ ചിത്രമായി മക് മെറിന്റെ ‘ബേണ്‍’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സമാപനച്ചടങ്ങില്‍ പുരസ്കാരം സ്വീകരിക്കാനായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ മക് മെറിനെ വേദിയിലേക്ക് ക്ഷണിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, അക്കാദമി ചെയര്മാന് കമല്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവരാണ് വേദിയിലുണ്ടായിരുന്നത്. മാക് മെര് വിയോജിപ്പ് നേരിട്ട് അറിയിച്ചതോടെ പുരസ്കാരം നല്‍കേണ്ടിയിരുന്ന കെ എന്‍ ബാലഗോപാല്‍ അവാര്‍ഡ് ഫലകം കസേരയില്‍ വെച്ചു. മാക് മെര് കസേരയില്‍ നിന്ന് പുരസ്കാരം എടുക്കുകയും ചെയ്തു.
തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥിയായ മക് മേര് കോളേജുകളിലെ ജാതിവിവേചനമാണ് തന്റെ ചിത്രത്തിന് പശ്ചാത്തലമാക്കിയത്. അധ്യാപകരില്‍ നിന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ ജാതി അധിക്ഷേപവും മാനസിക പീഡനവും നേരിടുന്നത് ബേണ്‍ ചര്‍ച്ച ചെയ്യുന്നു. മക് മെര്, അജ്മല്‍ ടി എസ്, ദീപക് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബേണിനൊപ്പം രാജ് ഗോവിന്ദ് സംവിധാനം ചെയ്ത ‘അണ്‍സീന്‍ വോയിസസ്’ എന്ന ചിത്രവും ഒന്നാം സമ്മാനത്തിന് അര്‍ഹമായി. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് അണ്‍സീന്‍ വോയിസസ് നിര്‍മ്മിച്ചത്.
സംസ്ഥാനത്തെ ചലച്ചിത്ര മേളകള്‍ എതിര്‍പ്പും ആവിഷ്കാര സ്വാതന്ത്ര്യവും പ്രകടിപ്പിക്കാനുള്ള വേദികള്‍ കൂടിയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ഐഡിഎസ്എഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്തിരുന്നില്ല. സ്വതന്ത്ര ചിന്ത പ്രോത്സാഹിപ്പിക്കേണ്ട ഒരു ഇടമാണിത്. പകര്‍ച്ചവ്യാധിയുടെ കാലം കലാ ലോകത്തെ ബാധിക്കാതിരിക്കാന്‍ കേരളം ബന്ധശ്രദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.