കൊവിഡ് വീണ്ടും വില്ലനായി; അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റി

ഫെബ്രുവരി നാലിന് തിരുവനന്തപുരത്ത് നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് മാറുന്ന സാഹചര്യത്തില്‍ മേള നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

പ്രതിനിധികളുടെ എണ്ണം കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍, കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി. മേള തിരുവനന്തപുരത്തു തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കൊവിഡ് തോത് കുറയുന്നതനുസരിച്ച് മേള നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

‘2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായി. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും’, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലായിട്ടായിരുന്നു കഴിഞ്ഞ 2020ല്‍ ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ യോഗങ്ങള്‍ക്കൊടുവിലായിരുന്നു 2021ലെ മേള 2022 ഫെബ്രുവരിയോടെ നടത്താമെന്ന തീരുമാനത്തിലേക്കെത്തിയത്. കൊവിഡ് വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തലത്തിലാണ് തിയതി വീണ്ടും നീട്ടിയിരിക്കുന്നത്.

UPDATES
STORIES