രാജ്യാന്തര ചലച്ചിത്ര മേള; ആദ്യദിനം ‘രഹ്ന മറിയം നൂര്‍’ ഉള്‍പ്പടെ 13 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ കൊടിയേറ്റം. രാവിലെ 10 മുതല്‍ കൈരളി തിയേറ്ററിലും ടാഗോറിലുമായി പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. അബ്ദുള്ള മുഹമ്മദ് സാദ് സംവിധായകനായ ബംഗ്ലാദേശി ചിത്രം ‘രഹന മറിയം നൂര്‍’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം ആറരയ്ക്ക് നിശാഗന്ധിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കും.

ബംഗ്ലാദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് അധ്യാപികയായ 37 കാരി രഹനയുടെ ജീവിതവും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹ്ന തന്റെ വിദ്യാര്‍ത്ഥിനിക്കും ആറുവയസുകാരി മകള്‍ക്കും വേണ്ടി നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ ‘രഹന മറിയം നൂര്‍’ പറയുന്നു. ഓസ്‌കാര്‍ നോമിനേഷന് പുറമെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ബംഗ്ലാദേശി ചിത്രം എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

ഉറുഗ്വന്‍ ചിത്രമായ ‘ദ എംപ്ലോയര്‍ ആന്‍ഡ് ദ എംപ്ലോയീ’, സ്വീഡിഷ് ചിത്രം ‘ലാമ്പ്’, സ്പാനിഷ് ചിത്രം ‘ദ കിംഗ് ഓഫ് ഓള്‍ ദ വേള്‍ഡ്’, ഇറാനിയന്‍ ചിത്രം ’19’, അല്‍ബേനിയന്‍ ചിത്രം െൈ’ഹവ്’, സൗത്ത് കൊറിയന്‍ ചിത്രം ‘ഇന്‍ ഫ്രണ്ട് ഓഫ് യുവര്‍ ഫേസ’്, ജര്‍മ്മന്‍ ചിത്രം ‘ഗ്രേറ്റ് ഫ്രീഡം’ എന്നിവയടക്കം ആദ്യദിനത്തിലെത്തുന്ന പതിമൂന്ന് ചിത്രങ്ങളില്‍ പന്ത്രണ്ടും ലോക സിനിമ വിഭാഗത്തില്‍ നിന്നാണ്.

യന്ത്രമനുഷ്യര്‍ക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ‘ഐ ആം യുവര്‍ മാന്‍’, കൊവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ വനിതയുടെ കഥ പറയുന്ന ‘നയന്റീന്‍’, പോളണ്ടിലെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘ലീവ് നോ ട്രെയ്സസ്’ എന്നീ ചിത്രങ്ങളും ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും.

വാര്‍ധക്യത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ‘ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍’ ഇന്ത്യന്‍ സിനിമ വിഭാഗത്തിലാണ് പ്രദര്‍ശനം.

UPDATES
STORIES