ഐസിസ് ആക്രമണത്തില്‍ കാലുകള്‍ തകര്‍ന്ന ലിസ ചലാന്‍ കേരളത്തിലേക്ക് വരുന്നു; ക്യാമറ വീണ്ടെടുത്ത കുര്‍ദിഷ് കഥപറയാന്‍

ഇരുപത്തി ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് കരസ്തമാക്കിയിരിക്കുന്നത് ലിസ ചലാന്‍ എന്ന കുര്‍ദിഷ് സംവിധായികയാണ്. തുര്‍ക്കിയിലെ ഐസിസ് ബോംബാക്രമണത്തിന്റെ ഇരയാണ് ലിസ. 2015-ലെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ ഏറെ ശ്രമകരമായാണ് ജീവിതത്തിലേക്കും പിന്നീട് സിനിമയിലേക്കും തിരിച്ചുവന്നത്.

ലിസ തന്റെ ജീവിതം പറയുന്നതിങ്ങനെ:

‘ഞാന്‍ ലിസ ചലാന്‍. 1987 ജനുവരി 12ന് ദിയാബാകിര്‍ എന്ന സ്ഥലത്ത് ജനിച്ചു, രാഷ്ട്രീയാഭിമുഖ്യമുള്ള ഒരു കുര്‍ദിഷ് കുടുംബത്തിലെ പത്ത് മക്കളില്‍ ഒരാളായി. തുര്‍ക്കിയിലെ കുര്‍ദുകള്‍ക്കെതിരായ ഭരണകൂട അടിച്ചമര്‍ത്തലിന്റെ ഫലമായി പ്രയാസകരമായ കുട്ടിക്കാലമായിരുന്നു എന്റേത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എനിക്ക് തുര്‍ക്കിയിലെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. കുര്‍ദുകള്‍ക്ക് മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടാന്‍ തുടര്‍ക്കിയില്‍ അവകാശമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ മാതൃഭാഷയില്‍ സിനിമ നിര്‍മ്മിക്കാനും ഒരു ഫിലിം മേക്കറാവാനും ആഗ്രഹിച്ചു. അതായിരുന്നു കുട്ടിക്കാലത്തെ എന്റെ സ്വപ്നം. അതിനുവേണ്ടി, ദിയാര്‍ബക്കീര്‍ മുനിസിപാലിറ്റിയുടെ കീഴിലുള്ള അറാം ടൈഗ്രാന്‍ സിറ്റി കണ്‍സര്‍വേറ്ററിയില്‍ ഞാന്‍ ചേര്‍ന്ന് സിനിമ പഠിച്ചു. നിര്‍ഭാഗ്യവശാല്‍ 2016ല്‍ ഭരണകൂടം നിയമിച്ച മേയര്‍ കണ്‍സര്‍വേറ്ററി അടച്ചുപൂട്ടി. എന്റെ മാതൃഭാഷയില്‍ ചെയ്ത വര്‍ക്കുകളുള്‍പ്പെടെ ആ രണ്ട് വര്‍ഷത്തെ പഠനത്തിന്റെ ഫലമായി കുര്‍ദിഷ് മേഖലയില്‍നിന്നുള്ള കഥകളുമായി ഞാന്‍ അടുക്കുകയും കുര്‍ദിഷ് സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് എനിക്ക് കൂടുതല്‍ ധാരണയുണ്ടാവുകയും ചെയ്തു. നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ചപ്പോള്‍ ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള എന്റെ ആഗ്രഹം ശക്തമായി. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളെയും യുദ്ധകഥകളെയും കുറിച്ചുള്ള രാഷ്ട്രീയ ഡോക്യുമെന്ററികളില്‍ ഞാന്‍ പങ്കാളിയാവാന്‍ തുടങ്ങി. ദിയാര്‍ബാക്കിറിലെ മിഡില്‍ഈസ്റ്റ് അക്കാദമിയില്‍ ഞാന്‍ അംഗമാവുകയും അക്കാദമിയുടെ പ്രോജക്ടുകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും ചെയ്തു.

2015 ജൂണ്‍ അഞ്ചിന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്ഡിപി) തെരഞ്ഞെടുപ്പ് റാലിയെ ലക്ഷ്യമിട്ട് ഐസിസ് നടത്തിയ ബോംബാക്രമണത്തില്‍ എന്റെ രണ്ടുകാലുകളും നഷ്ടപ്പെട്ടു. വീണ്ടും നടന്ന് തുടങ്ങാന്‍ വര്‍ഷങ്ങളെടുത്തതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും എനിക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. ആറുവര്‍ഷക്കാലം തെറ്റായ ചികിത്സകളും സങ്കീര്‍ണമായ ശസ്ത്രക്രിയകളും സാമ്പത്തികമായ പരാധീനതകളുമായി എനിക്ക് പോരടിക്കേണ്ടിവുന്നു. എഴുന്നേറ്റ് നില്‍ക്കാനും വീല്‍ചെയര്‍ ഉപേക്ഷിക്കാനും കൃത്രിമ കാല്‍ ഉപയോഗിച്ച് സിനിമാ നിര്‍മ്മാണം തുടരാനും ഞാന്‍ പോരാടി. അത് ഇന്നും തുടരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ദുര്‍ബലരായ ആളുകളുടെ നീതിക്കുവേണ്ടിയും ഐസിസ് അടക്കമുള്ള കേസുകളിലും ഞാന്‍ ഒരു ആക്ടിവിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു’.

ഈ വിപരീത സാഹചര്യങ്ങളുണ്ടായിട്ടും താന്‍ തന്റെ സമരം അവസാനിപ്പിക്കുകയോ സിനിമാ നിര്‍മ്മാണം ഉപേക്ഷിക്കുകയോ ചെയ്തില്ലെന്നും ലിസ വിവരിക്കുന്നു. ‘ഞാന്‍ ക്യാമറ വീണ്ടെടുക്കുകയും എന്റെയും എന്റെ ജനതയുടെയും കഥകള്‍ പറയാനായുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുപയോഗിച്ച് ഈ അടുത്തകാലത്ത് ഞാനൊരു ഷോര്‍ട്ട് ഫിലിം എടുക്കുകയും അതില്‍ ഞാന്‍ തന്നെ എനിക്ക് പറയേണ്ട കഥയായി തീരുകയും ചെയ്തു’, അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുത്തുനില്‍പ്പിനെയും ധൈര്യത്തെയും ആദരിച്ചുകൊണ്ടാണ് ‘സ്്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം നല്‍കുന്നതെന്നാണ് ഐഎഫ്എഫ്‌കെ വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ പുരസ്‌കാരത്തിനാണ് ലിസ അര്‍ഹയായിരിക്കുന്നത്.

ഡെഫ്തര്‍ എന്ന ഹൃസ്വചിത്രത്തില്‍ ആര്‍ട്ട് ഡയറക്ടറായും ശബ്ദ സാങ്കേതിക വിദഗ്ധയായും ലിസ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശബ്ദ സാങ്കേതിക വിദഗ്ധ അസിസ്റ്റന്റ് ഡയറക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍, സഹസംവിധായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ ജോലികള്‍ ചെയ്തു. ദ ടംഗ് ഓഫ് ദ മൗണ്ടയ്ന്‍ എന്ന ചിത്രത്തിന് തിരക്കഥയും സംവിധാനവുമൊരുക്കി. ഇപ്പോഴും സിനിമകളുടെയും ഡോക്യുമെന്ററികളുടെയും ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സജീവമാണ് ലിസ.

UPDATES
STORIES