ഐഎഫ്എഫ്‌കെയ്ക്ക് പുതിയ തിയതിയായി; മാര്‍ച്ച് 18 മുതല്‍ എട്ടുദിവസം മേള, 14 തിയേറ്ററുകളിലായി 180 ചിത്രങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റി വെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ചില്‍ നടത്താന്‍ തീരുമാനം. മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തുവെച്ച് ഐഎഫ്എഫ്‌കെ നടത്തുമെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മാര്‍ച്ച് 18ന് വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍വെച്ചാണ് മേളയുടെ ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

‘എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ സജി ചെറിയാന്‍ വ്യക്തമാക്കി.

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്‌ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

മേള ഫെബ്രുവരി നാലിന് ആരംഭിക്കുന്ന വിധത്തിലായിരുന്നു നേരത്തെ സംഘാടകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സംസ്ഥാന വ്യാപകമായി വീണ്ടും കൊവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് തിയതി മാറ്റുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലായിട്ടായിരുന്നു 2020ല്‍ ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നത്.

UPDATES
STORIES