‘ഇളമയ് ഇതോ ഇതോ.. ഇത് എപ്പടി ഇറുക്ക്…’; ആരോഗ്യപ്രശ്‌നങ്ങളെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ഇളയരാജ

സംഗീതപ്രേമികള്‍ക്ക് പുതുവത്സരാംശകള്‍ നേര്‍ന്ന് ഇളയരാജ. സര്‍വ്വകലാശാല എന്ന ചിത്രത്തിലെ തന്റെ പ്രശസ്തമായ ഇളമയ് ഇതോ ഇതോ… എന്നുതുടങ്ങുന്ന ഗാനമാലപിച്ചാണ് സംഗീത കുലപതിയുടെ ആശംസ. ട്വിറ്ററിലൂടെയാണ് ഇളയരാജ പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ചത്.

പാട്ടിന്റെ ആദ്യ വരികള്‍ക്ക് ശേഷം ‘ഇത് എപ്പടിയിറുക്ക്’ എന്ന ഹൃദ്യമായ ചോദ്യവും അദ്ദേഹം ചോദിക്കുന്നു. കമല്‍ഹാസന്‍ നായകനായെത്തിയ ചിത്രത്തില്‍ ഇളരാജയുടെ സംഗീതത്തില്‍ എസ്.പി ബാലസുബ്രഹ്‌മണ്യമായിരുന്നു ‘ഇളമയ് ഇതോ ഇതോ’ പാടി ഹിറ്റാക്കിയത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇളരാജ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് അതീവ സന്തോഷത്തോടെയുള്ള ശബ്ദത്തില്‍ കാറിലിരുന്നുള്ള ഗാനവുമായി അദ്ദേഹം നേരിട്ടെത്തിയിരിക്കുന്നത്.

എല്ലാ വര്‍ഷത്തെയും പതിവുപോലെ അരുണാചലേശ്വര ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ പുതുവത്സരാഘോഷത്തിനായി തുരുവണ്ണാമലയിലേക്കുള്ള യാത്രയിലാണ് ഇളയരാജയെന്നാണ് വിവരം. പുതുവത്സര ദിനത്തില്‍ അദ്ദേഹം മധുരൈ മീനാക്ഷി ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങും

UPDATES
STORIES