‘സെറ്റുകളില്‍ പരാതി പരിഹാര സെല്‍ നിര്‍ബന്ധം’; ഡബ്ല്യുസിസിയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി

കേരളത്തിലെ സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്ന് കേരളാ ഹൈക്കോടതി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് 2018-ല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

‘രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍ മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരെ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര ുപരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. ഒരുപാട് സ്ത്രീകള്‍ ജോലിചെയ്യുന്ന ഇടമാണ് സിനിമ’, ഹൈക്കോടതി വിലയിരുത്തി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന വനിതാകമ്മീഷനെ കക്ഷി ചേര്‍ത്തിരുന്നു. ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം ന്യായമാണെന്നാണ് വനിതാ കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

സിനിമാ രംഗത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ രംഗത്ത് സ്ത്രീകള്‍ക്കുനേരെ വലിയ ചൂഷണമാണ് നടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പഠിച്ച് നിയമനിര്‍മ്മാണത്തിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

UPDATES
STORIES