ബിനു പപ്പു അഭിമുഖം: ‘എനിക്കെല്ലാം പുതിയതാണ്, ചൂസിയാവാനുള്ള സമയമായിട്ടില്ല’

/ December 17, 2021

‘ഭീമന്റെ വഴി’യില്‍ സോ ഫാര്‍ സോ ഗുഡായ ‘കൃഷ്ണദാസ്’, ‘ഓപ്പറേഷന്‍ ജാവ’യില്‍ അഖിലേഷേട്ടനെ തേടിയെത്തുന്ന ‘ജോയ് സാര്‍’, ‘സഖാവി’ലെ ‘പ്രഭാകരന്‍ ഈരാളി’… ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച വേഷങ്ങളിലൂടെയെല്ലാം പ്രക്ഷേകന്റെ മനസില്‍ ഇടംനേടിയാണ് ബിനു പപ്പുവിന്റെ സിനിമായാത്ര. ക്യാരക്ടര്‍ റോളുകളിലൂടെ ക്യാമറയ്ക്ക് മുമ്പിലും സംവിധായകനോടൊപ്പം ക്യാമറയ്ക്ക് പിന്നിലും ഇദ്ദേഹമുണ്ട്. ആദ്യമായി കോമഡി ചെയ്ത ‘ഭീമന്റെ വഴി’ തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റും, ‘സൗദി വെള്ളക്ക’ അണിയറയില്‍ അവസാനഘട്ട മിനുക്ക് പണികളിലും. കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്ന വലിയ ആമുഖങ്ങളൊന്നുമില്ലാതെ തന്നെ സിനിമയുടെ ഭാഗമായി തുടരുന്ന ബിനു പപ്പു മനസിലുള്ള സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സൗത്ത്‌റാപ്പിനോട് സംസാരിക്കുന്നു.

ക്യാരക്ടര്‍ റോളുകള്‍ ചെയ്താണ് ബിനു പപ്പുവിനെ ഇതുവരെ കണ്ടിട്ടുള്ളത്. ഭീമന്റെ വഴിയില്‍ പക്ഷേ, തമാശക്കാരനായ കൃഷ്ണദാസാണ്.

എല്ലാ വേഷങ്ങള്‍ക്കും അതിന്റേതായ ബുദ്ധിമുട്ടും പ്രയത്‌നങ്ങളുമുണ്ട്. കോമഡി ചെയ്യുമ്പോള്‍ റിസ്‌ക് എലമെന്റ്‌സ് കുറച്ചുകൂടും. നമ്മള്‍ ഒരു തമാശ കാണിക്കുകയോ പറയുകയോ ചെയ്തിട്ട് മറ്റൊരാള്‍ ചിരിച്ചിട്ടില്ലെങ്കില്‍ അത് തമാശയായിട്ടില്ലെന്നാണ് അര്‍ത്ഥം. അതിന്റെ എല്ലാ റിസ്‌കുമുണ്ട്. പക്ഷേ, അത് വളരെയധികം ആസ്വദിച്ചാണ് ചെയ്തത്.

‘ഭീമന്റെ വഴി’ മൊത്തത്തില്‍ വളരെ നല്ല അനുഭവമായിരുന്നു. കാരണം, ഞാന്‍ ഇതുവരെ കോമഡി ചെയ്തിട്ടില്ല. എട്ട്-ഒമ്പത് വര്‍ഷമായി സിനിമയിലുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളും മറ്റുമൊക്കെയാണ് ചെയ്തിട്ടുള്ളത്. ആദ്യമായാണ് ഒരു കോമഡി വേര്‍ഷന്‍ ചെയ്യുന്നത്. അതിന്റെ ത്രില്ലും പേടിയുമുണ്ടായിരുന്നു. വളരെയധികം ആസ്വദിച്ചാണ് ചെയ്തത്. അത് ജനങ്ങളിലേക്കെത്തി, ആളുകളത് സ്വീകരിച്ചു എന്നത് വളരെ സന്തോഷം.

‘ഭീമന്റെ വഴി’യില്‍ ബിനു പപ്പുവും സുരാജും

കോമഡി വര്‍ക്ക് ഔട്ടായില്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാകുക. ഒരു ചളിയുമായി കണക്ട് ചെയ്യപ്പെട്ട് നടന്റെ മുഖം പ്രേക്ഷകന്റെ മനസില്‍ അവശേഷിച്ചേക്കും?

അത്തരം കാര്യങ്ങളൊന്നും ചിന്തിച്ചിട്ടല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് തമാശയാണ്. അതിനെ തമാശയായിട്ടെടുത്താല്‍ മതി. സീരിയസ് ആക്കേണ്ട കാര്യമില്ലല്ലോ. ഒരു തമാശ പറയുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിരിക്കുക എന്നേയുള്ളു. അല്ലെങ്കില്‍ ചിരിക്കാതെ നമ്മള്‍ വിട്ടുകളയുമല്ലോ. നമ്മുടെ സുഹൃത്തുക്കളായാല്‍ പോലും പറയുന്ന തമാശ വര്‍ക്കൗട്ട് ആയില്ലെങ്കില്‍ നമ്മള്‍ ചോദിക്കില്ലേ എന്ത് ചളിയാടാ അത് എന്ന്. അത്രയൊക്കെയേ ഉള്ളൂ.

കൃഷ്ണദാസ് ഓട്ടോയ്ക്ക് തീ വെക്കുന്നുണ്ട്, അടിയുണ്ടാക്കുന്നുണ്ട്. പക്ഷേ, ആ നാട്ടിലെ പാവം അദ്ദേഹമാണ്.

കൃഷ്ണദാസ് സ്വയം വിചാരിക്കുന്നത് താന്‍ ഇവിടെ തെറ്റൊന്നും ചെയ്യുന്നില്ലെന്നാണ്. അതയാള്‍ തുടക്കത്തില്‍ തന്നെ വിശദീകരിക്കുന്നുമുണ്ട്. രാവിലെമുതല്‍ വൈകീട്ടുവരെ ഓട്ടോ ഓടിക്കുന്നുണ്ട്. കിട്ടുന്ന കാശ് ഭാര്യയുടെ കയ്യില്‍ ഏല്‍പിക്കുന്നുണ്ട്. വൈകിട്ടായാല്‍ രണ്ടെണ്ണം അടിക്കും. പക്ഷേ, അടിച്ചിട്ട് കൃഷ്ണദാസ് ഇന്നേവരെ ഇവിടെയൊരു പ്രശ്‌നമുണ്ടാക്കിയതായി നിങ്ങള്‍ക്കറിയോ… ഇല്ല! അതാണ്. മദ്യപിക്കുന്നത് ഒരു തെറ്റായി കൃഷ്ണദാസിന് ഇന്നേവരെ തോന്നിയിട്ടില്ല. തന്റെ മദ്യപാനം കൊണ്ട് നാട്ടിലോ സമൂഹത്തിലോ ഒരു പ്രശ്‌നവും ഉണ്ടാക്കിയതായി അയാള്‍ക്ക് ഇന്നേവരെ തോന്നിയിട്ടില്ല. മറ്റുള്ളവരെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളല്ല, മറിച്ച് അയാളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ് അയാള്‍ ചെയ്യുന്നത്. ഉദാഹരണത്തിന് സ്വന്തം ഓട്ടോ കത്തിക്കുക, ബോധമില്ലാതെ എവിടെയെങ്കിലും കിടന്നുറങ്ങുക അത്തരം കാര്യങ്ങളാണ് അയാള്‍ ചെയ്യുന്നത്. അതൊന്നും മറ്റാളുകളെ ഉപദ്രവിക്കുന്നതായി അയാള്‍ കരുതുന്നില്ല. സിനിമയില്‍ എവിടെയും അയാള്‍ ആരെയും ഉപദ്രവിക്കുന്നതായി കാണിക്കുന്നില്ല. അയാള്‍ അങ്ങനെയാണ്. ഭയങ്കര പാവമാണ്. മദ്യപിക്കുന്ന എല്ലാവരും ദുഷ്ടന്മാരല്ലല്ലോ. എല്ലാവരും പാവങ്ങളാണ്, സാചര്യങ്ങളാണ് പലരെയും പലതിലേക്കും എത്തിക്കുന്നത്. കൃഷ്ണദാസിനെ സംബന്ധിച്ചിടത്തോളം അയാളൊരു പാവമാണ്.

കോമഡി ചെയ്യുന്ന ബിനു പപ്പുവിനെ കുതിരവട്ടം പപ്പുവുമായി ആളുകള്‍ താരതമ്യം ചെയ്യുന്നുണ്ടോ?

ആ താരതമ്യം ചെയ്യല്‍ ഇല്ലാതിരിക്കില്ലല്ലോ. ‘അച്ഛന്റെ അത്ര പോര’ എന്ന് എനിക്ക് കുറേ മെസേജുകള്‍ വന്നു. ‘അച്ഛന്റെ മോന്‍ തന്നെ’ എന്ന് പറഞ്ഞവരുമുണ്ട്. ഇതിനെ രണ്ടിനെയും നല്ല രീതിയിലാണ് ഞാനെടുക്കുന്നത്. അച്ഛന്റെ അത്ര വന്നില്ലെന്ന് പറയുന്നത് ശരിയാണ്. അച്ഛന്റെയത്ര എന്തായാലും വരില്ല. അത് അച്ഛനാണ്, ഇത് മകനാണ്. വ്യത്യാസങ്ങളുണ്ട്. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത്തരം കമന്റുകളൊക്കെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. നല്ലത് മാത്രം പറഞ്ഞുകഴിഞ്ഞാല്‍ നമ്മള്‍ ചിലപ്പോള്‍ അഹങ്കാരിയായിപ്പോവും. നല്ലതും ചീത്തയും പറയുന്നതുകൊണ്ട് കുഴപ്പമില്ല. ഓപ്പറേഷന്‍ ജാവ ചെയ്തപ്പോള്‍ എല്ലാവരും പറഞ്ഞു ‘ചേട്ടാ നന്നായിട്ടുണ്ട്’ എന്ന്. ‘ചേട്ടാ ഒരു അളവുവരെ ഓക്കെ, എന്നാലും എന്തോ ഒരു പൂര്‍ണതയിലെത്താനുണ്ട്’ എന്ന മെസേജും കിട്ടിയിട്ടുണ്ട്. ശരിയാണത്. ആളുകളുടെ കണ്ണില്‍ ഞാനൊരു പൂര്‍ണതയിലെത്താനുണ്ട്. അത് കേള്‍ക്കുമ്പോഴാണ് ആ സിനിമ ഒരുതവണകൂടി കണ്ടിട്ട് നമുക്ക് എവിടെയെങ്കിലും പാളിയിട്ടുണ്ടോ, അല്ലെങ്കില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നില്ലേ എന്ന് ചിന്തിക്കാനുള്ള അവസരമുണ്ടാവുന്നത്.

അഭിമുഖങ്ങളിലും മറ്റുമൊക്കെ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലുണ്ടാകാറുള്ളത്. പുള്ളി എങ്ങനെയായിരുന്നു, വീട്ടില്‍ തമാശ പറയുമായിരുന്നോ, സിനിമാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നോ എന്ന ചോദ്യങ്ങള്‍ എപ്പോഴും ഉണ്ടാകും. ഇവരെങ്ങനെയായിരിക്കും വീട്ടില്‍ എന്നറിയുന്നത് ആളുകള്‍ക്ക് കൗതുകമുള്ള കാര്യമാണ്. സിനിമയില്‍ സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്ന ഒരാള്‍, അയാള്‍ സിനിമയില്‍ ഒരുപാട് കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ടാവും, ഒരുപാട് റേപ്പുകള്‍ ചെയ്തിട്ടുണ്ടാവും, ബാങ്കുകള്‍ കവര്‍ന്നിട്ടുണ്ടാവും. ആ വ്യക്തി വീട്ടില്‍ അങ്ങനെയേ ആയിരിക്കില്ലല്ലോ. എന്റെ അച്ഛന്‍ സിനിമയില്‍ ഒരുപാട് തമാശകള്‍ പറയുന്ന ആളാണ്. പുള്ളി വീട്ടില്‍ എങ്ങനെയായിരിക്കും എന്നത് ആളുകളില്‍ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. വീട്ടില്‍ ഇവരൊക്കെ സാധാരണ ആളുകളാണ്.

അച്ഛനോടൊപ്പം

അഷ്‌റഫ് ഹംസ-ചെമ്പന്‍ വിനോദ് കൂട്ടുകെട്ടിലാണല്ലോ ഈ കഥാപാത്രങ്ങളൊക്കെ ഉണ്ടായത്. അവരുടെ കൂടെയുള്ള അനുഭവം എങ്ങനെയായിരുന്നു?

രണ്ടുപേരും ഭയങ്കര രസമാണ്. ചെമ്പോസ്‌കി കിടിലന്‍ സ്റ്റോറി ടെല്ലറാണ്. ഭയങ്കര രസമായിട്ടാണ് അങ്ങേര് കഥ പറയുന്നത്. ആക്ഷനും എക്‌സ്പ്രഷനുമൊക്കെയിട്ടാണ് പുള്ളി എന്തും അവതരിപ്പിക്കുക. ജീവിതത്തിലുണ്ടായതാണെങ്കിലും വരുന്ന വഴിക്ക് കണ്ടതാണെങ്കിലും പുള്ളി പറയുന്നത് ഭയങ്കര രസമായിട്ടാണ്. സിനിമയുടെ സ്‌ക്രിപ്ട് റീഡിങ് സെഷനില്‍ അഷ്‌റഫിക്ക കഥ പറഞ്ഞതിനേക്കാളും രസം ചെമ്പന്‍ പറയുന്നതായിരുന്നു. ‘ഞാന്‍ പറഞ്ഞാല്‍ ശരിയാവില്ല, നീ തന്നെ പറഞ്ഞോ, നീ പറയുമ്പോഴാണതിന്റെ രസം കിട്ടുന്നത്’ എന്ന് അഷ്‌റഫിക്ക തന്നെ ചെമ്പനോട് പറയും. വളരെ എക്‌സ്പ്രസീവായും ലൗഡ് ആയുമാണ് ചെമ്പന്‍ കഥപറയുക. എല്ലാ മൊമന്റും ലൈവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണദ്ദേഹം. ഒരുപാട് അനുഭവങ്ങളുള്ള ആളാണ്. അഷ്‌റഫിക്ക ഭയങ്കര സൈലന്റാണ്. എന്നാല്‍ ഭയങ്കര ഹ്യൂമറുള്ള ആളുകൂടിയാണദ്ദേഹം. അഷ്‌റഫിക്കയുടെ തല തിന്നുക എന്നതായിരുന്നു എന്റെ പ്രധാന പരിപാടി. അദ്ദേഹത്തെ പിന്നാലെ നടന്ന് വെറുപ്പിക്കുക, ഇങ്ങനെ തോണ്ടി വെറുപ്പിക്കുക എന്നതൊക്കെയായിരുന്നു എന്റെ ഹോബി. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടും ഞാന്‍ ഇതേ പരിപാടിതന്നെ ചെയ്തു. അപ്പോ പുള്ളി ചോദിക്കും ഇനിയെന്താടാ ബാക്കിയുള്ളത് എന്ന്. ‘ജ്യൂസ് കുടിച്ചുകഴിഞ്ഞ് സ്‌ട്രോ ഇട്ടിട്ട് ഒരു വലിയുണ്ടല്ലോ, അത് ബാക്കിയുണ്ട്, അതുംകഴിഞ്ഞിട്ടേ വിടുള്ളു’ എന്ന് ഞാനും.

കൊവിഡിനിടയിലായിരുന്നെങ്കിലും ഷൂട്ട് എങ്ങനെയായിരുന്നു?

കൊവിഡ് ലോക്ഡൗണുകള്‍ക്കിടയിലെ ബ്രേക്കിലായിരുന്നു ഷൂട്ടിങ്. മാനദണ്ഡങ്ങളൊക്കെയുണ്ടായിരുന്നതുകൊണ്ട് ചെറിയ ക്രൂ ആയിരുന്നു. ഒരു നാട്ടില്‍ നടക്കുന്ന ചെറിയ സംഭവമാണല്ലോ കഥ. ഒരു കുഞ്ഞി ഗ്രാമം. അവിടെയുള്ള ആളുകളെയുള്ളൂ. ഒരു വഴിയുടെ, അല്ലെങ്കിലൊരു പത്ത് പന്ത്രണ്ട് വീട്ടുകാരുടെയൊക്കെ കഥ പറയുമ്പോള്‍ ഒരുപാട് ആളുകളുടെ ആവശ്യവുമില്ല. എല്ലാ സീനിലും അവിടെയിവിടെയൊക്കെയായി നമ്മളൊക്കെത്തന്നെയേയുള്ളു. ആഷിക്കേട്ടനും (ആഷിഖ് അബു) ചെമ്പനും ചെയ്ത ഏറ്റവും വലിയ കാര്യം എല്ലാവരെയും ഒരു സ്ഥലത്ത് താമസിപ്പിച്ചു എന്നതാണ്. അവിടെയുണ്ടായിരുന്ന ഒരു റിസോര്‍ട്ടിലായിരുന്നു താമസം.

കുറ്റിപ്പുറത്തെ അതിമനോഹരമായ ഒരു സ്ഥലമായിരുന്നു അത്. ചെമ്പന്‍ അവിടം കൂടുതല്‍ മനോഹരമാക്കി. സാധാരണ ഷൂട്ട് കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ റൂമുകളില്‍ പോയിരിക്കലാണ് പതിവ്. ഇവിടെ അങ്ങനെയേ ആയിരുന്നില്ല. നസീര്‍ സംക്രാന്തി ചേട്ടന്റെയും പ്രമോദേട്ടന്റെയും നിര്‍മ്മല്‍ പാലാഴിയുടേയുമൊക്കെ ഒരു ചീട്ടുകളി കേന്ദ്രമുണ്ട്. അഭിനയിക്കുന്നവര്‍ മാത്രമല്ല, ക്യാമറ ചെയ്യുന്ന ഗിരീഷേട്ടനടക്കം എല്ലാവരും ഷൂട്ടിങ് കഴിഞ്ഞാല്‍ അവിടെയെത്തും. ജിനുവിന് എല്ലാദിവസവും പക്ഷി നിരീക്ഷണമുണ്ട്. ഒരു ബൈനോക്കുലറും പക്ഷികളെക്കുറിച്ചുള്ള വലിയൊരു പുസ്തകവും പുള്ളിയുടെ കയ്യിലുണ്ട്. ഷൂട്ടില്ലാത്ത ദിവസം ജിനു പാടത്തിറങ്ങി ‘ഈ കിളിയുണ്ടിവിടെ, ആ കിളിയുണ്ട്’ എന്നൊക്കെയാവും. ഭയങ്കര രസമായിരുന്നു എല്ലാം. അത് ആ സിനിമയ്ക്കും പ്രയോജനമായിട്ടുണ്ട്.

ഒടിടി-തിയേറ്റര്‍ ചര്‍ച്ചകള്‍ നടന്നിരുന്ന സമയത്താണല്ലോ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മരക്കാര്‍ റിലീസായി തൊട്ടടുത്ത ദിവസം. ആശങ്കയുണ്ടായിരുന്നോ?

സിനിമ വിജയിക്കുമോ ഇല്ലയോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. മരക്കാറിന്റെ കൂടെ റിലീസ് ചെയ്ത ധൈര്യം വലുതാണെന്ന് പറയുന്നവരുണ്ട്. ശരിക്കും മരക്കാറിന്റെ കൂടെയല്ല ഭീമന്റെ വഴി റിലീസ് ചെയ്തത്. ഞങ്ങളായിരുന്നു ആദ്യം റിലീസ് തിയതി പ്രഖ്യാപിച്ചത്. മരക്കാര്‍ ഒടിടിയിലെന്ന് കരുതി നില്‍ക്കുന്ന സമയമായിരുന്നു. മരക്കാര്‍ ഞങ്ങള്‍ക്കൊരു ദോഷമോ, ഞങ്ങള്‍ മരക്കാറിന് ദോഷമോ ആയിട്ടില്ല. മരക്കാര്‍ കാണേണ്ട ആളുകള്‍ എന്തായാലും അത് കാണും. ഞാനും കണ്ടു. ഭീമന്റെ വഴി കാണാന്‍ ഇഷ്ടമുള്ളവര്‍ അത് കാണും. ലൈറ്റ് സിനിമകളായിരിക്കും ചിലര്‍ക്കിഷ്ടം, ചിലര്‍ക്ക് ഹെവി ആയിരിക്കും താല്‍പര്യം. ഇതൊരു ഫീല്‍ ഗുഡ് ചിത്രമാണല്ലോ. വലിയ കാര്യങ്ങളൊന്നും അതില്‍ സംസാരിക്കുന്നില്ല. പൊളിറ്റിക്‌സോ പൊളിക്റ്റിക്കല്‍ കറക്ട്‌നെസുകളോ പറയുന്നില്ല.

വഴി പ്രശ്‌നവും അതിര്‍ത്തി തര്‍ക്കവും ലോകത്ത് എല്ലായിടത്തുമുള്ളതാണ്. വഴിയുണ്ടാക്കാന്‍ ഭീമന്‍ എന്ന് വിളിപ്പേരുള്ള സഞ്ജു എടുക്കുന്ന അധ്വാനവും, അയാള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും, സ്ഥലം കൊടുക്കാതെ പറ്റിച്ചുനടക്കുന്ന മിസ്റ്റര്‍ കൊസ്‌തേപ്പും, അവിടെയുള്ള മെമ്പറും, ജൂഡോ പഠിപ്പിക്കുന്ന പെണ്‍കുട്ടിയും, കൃഷ്ണദാസും അവരുടെ കാര്യങ്ങളുമൊക്കെയാണ്. നല്ല നര്‍മ്മമുള്ള ഒരു കൊച്ചുസിനിമ. അത് തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഇഷ്ടമാവേണ്ടതാണ്. ആ ഒരു പ്രതീക്ഷയുണ്ടായിരുന്നു. അത് നൂറ് ശതമാനം നീതിപുലര്‍ത്തി. ഇപ്പോഴും മരക്കാറും ജാനേ മന്നും കുറുപ്പുമെല്ലാം തിയേറ്ററുകളില്‍ ഓടുന്നുണ്ട്. സിനിമ നല്ലതാണെങ്കില്‍ അതിന് ആളുണ്ടാവും. ചിത്രം വലുതോ ചെറുതോ എന്നല്ല ചോദ്യം. ആത്യന്തികമായി അത് നല്ലതാണോ എന്നതാണ്.

വൈറസില്‍ അസോസിയേറ്റയായിരുന്നു, പിന്നീട് ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്റെ ഒപ്പവും അഭിനയിച്ചു.

ചാക്കോച്ചന്‍ ഭയങ്കര അര്‍പ്പണ ബോധമുള്ള, കൃത്യനിഷ്ഠതകളുള്ള നടനാണ്. അദ്ദേഹം കൃത്യം സമയത്തെത്തും. ബാക്കിയാരും എത്തില്ല എന്നല്ല. ‘ചാക്കോച്ചാ ഷോട്ട് റെഡിയാണേ’ എന്ന് നമ്മള്‍ പറയുമ്പോള്‍ ‘ഞാന്‍ രണ്ടുമിനുട്ടിലെത്താം’ എന്നാണ് പുള്ളിയുടെ മറുപടിയെങ്കില്‍, രണ്ടാം മിനുട്ടില്‍ എത്തിയിരിക്കും. അടിപൊളി കക്ഷിയാണ്. നമുക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. എത്രയോ മുതിര്‍ന്ന നടനാണ്. എന്നാല്‍പ്പോലും ഒരു കൂട്ടുകാരനാണെന്ന് തോന്നും. വൈറസിലൊക്കെ ഒരുപാട് നല്ല അനുഭവങ്ങളുണ്ട്. ചാക്കോച്ചനാണെങ്കില്‍ വൈറസില്‍ കാണ്ഡം കാണ്ഡം ഡയലോഗുകള്‍ പറയാനുണ്ട്. പടം സിങ്ക് സൗണ്ടുമാണ്. അതിനിടയിലൊക്കെയുള്ള രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഭീമന്റെ വഴിയിലെത്തുമ്പോള്‍ ഞാന്‍ ചാക്കോച്ചന്റെ കൂടെ അഭിനയിക്കുകയാണ്. ഇത് രണ്ടും രസമാണ്. ആദ്യത്തേതില്‍ ചാക്കോച്ചന് സീന്‍ പറഞ്ഞുകൊടുത്തു. ഇതില്‍ ഒരേ സീനില്‍ അഭിനയിച്ചു.

ഓപ്പറേഷന്‍ ജാവയാണോ കരിയര്‍ ബ്രേക്ക്?

തീര്‍ച്ചയായും. എട്ടൊമ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ‘സഖാവി’ലെ പ്രഭാകരന്‍ ഈരാളിയാണ് ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ കഥാപാത്രമായി തോന്നിയത്. പക്ഷേ, എനിക്ക് കരിയര്‍ ബ്രേക്ക് തന്ന സിനിമ ഓപ്പറേഷന്‍ ജാവയാണ്. അതിലെ ജോയ് സാര്‍ എന്ന കഥാപാത്രമാണ് ജീവിതത്തിലെ ടേണിങ് പോയിന്റ് എന്നൊക്കെ പറയാന്‍ കഴിയുന്നത്.

അതിന് ശേഷം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ടോ?

ഒരു സിനിമയില്‍ അഭിനയിക്കാനായി തിരക്കഥാകൃത്തോ സംവിധായകനോ വിളിച്ച് കഥ പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നാണ് ആദ്യം ആലോചിക്കുക. പറ്റില്ലെന്നാണ് തോന്നുന്നതെങ്കില്‍ ‘അത് ഞാന്‍ ചെയ്താല്‍ ശരിയാവുമെന്ന് തോന്നുന്നില്ല’, ‘എനിക്ക് ഇണങ്ങുന്നതല്ല’ എന്ന് അവരോട് പറയും. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു നവാഗതനാണ്. എനിക്കെല്ലാം പുതിയതാണ്. തെരഞ്ഞെടുക്കാനോ വേര്‍തിരിക്കാനോ ഉള്ള സമയമായിട്ടില്ല. അത്രയും ഞാന്‍ വളര്‍ന്നിട്ടുമില്ല. വരുന്ന കഥാപാത്രങ്ങളെല്ലാം എന്നെ സംബന്ധിച്ച് പുതിയതാണ്. അഭിലാഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’യാണ് ഇനി വരാനിരിക്കുന്നത്. അതും എനിക്ക് പുതിയതാണ്. തരുണിന്റെ കൂടെ ‘സൗദി വെള്ളക്ക’ ചെയ്യുന്നു. അതും പുതിയതാണ്. കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും എന്നെ സംബന്ധിച്ച് പുതിയതാണ്.

പൊലീസ് കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ച് ചെയ്തു എന്നതിലുപരി മറ്റ് വേഷങ്ങളൊന്നും ഞാന്‍ ചെയ്തിട്ടേയില്ല. എന്നിലേക്ക് വരുന്നതെല്ലാം പുതിയതാണ്. ഞാനങ്ങനെ ചൂസിയായിട്ടൊന്നുമില്ല. ലാല്‍ ജോസ് സാറിന്റെ പടത്തില്‍ അഭിനയിച്ചു. അതില്‍ ആകെ രണ്ട് സീനിലേ ഞാനുള്ളൂ. വലിയ മുഴുനീള കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മാത്രമേ ഇനി അഭിനയിക്കൂ എന്നൊന്നുമില്ല. ഇത് ചെയ്യാം, അല്ലെങ്കില്‍ ഇതാണ് നോക്കിയിരുന്നത് എന്നതരത്തില്‍ നമ്മളെ ഇംപ്രസ് ചെയ്യുന്ന സിനിമകളിലെ കഥാപാത്രമാവുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

സൗദി വെള്ളക്കയുടെ വിശേഷങ്ങള്‍

ഷൂട്ട് കഴിഞ്ഞു. ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബ്രിട്ടോ വിന്‍സെന്റ് എന്ന പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കൊച്ചി പശ്ചാത്തലമായൊരുങ്ങുന്ന ചിത്രമാണ്. ഓപ്പറേഷന്‍ ജാവയില്‍നിന്നും വളരെ വ്യത്യസ്തമായ സിനിമയാണിത്. കുറച്ചധികം പണിയെടുത്തിട്ടുണ്ട്.

സംവിധാനമോ, അഭിനയമോ? ഏതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുന്നത്?

സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതേസമയം തന്നെ അഭിനയിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമായതുകൊണ്ടാണല്ലോ നമ്മളെ അഭിനയിക്കാന്‍ വിളിക്കുന്നത്. രണ്ടും ഒരേപോലെ കൊണ്ടുപോകാനാണ് തീരുമാനം. സൗദി വെള്ളക്കയോടുകൂടി അസോസിയേറ്റ് ഡയറക്ഷന്‍ അവസാനിപ്പിക്കുകയാണ്. സ്വന്തം സിനിമ ആലോചിക്കുന്നതുകൊണ്ട് സമയം ഒരുപാട് നഷ്ടപ്പെടും. കാരണം, ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ഏഴെട്ട് മാസം അതിനൊപ്പം നില്‍ക്കേണ്ടതുണ്ട്. മറ്റ് കാര്യങ്ങളിലേക്കൊന്നും ശ്രദ്ധ കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് അതൊന്ന് നിര്‍ത്തിവെക്കുകയാണ്.

സ്വന്തം സിനിമ എന്താണെങ്കിലും സമയമെടുക്കും. 2023-ഓടുകൂടിയെന്നാണ് ആലോചിക്കുന്നത്. അതിന് മുമ്പ് ഒരു സിനിമ എഴുതുന്നുണ്ട്. ആ സിനിമ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്യുക. ഇപ്പോള്‍ അതിന്റെ പണികളിലാണ്.

സൗദി വെള്ളക്കയുടെ ഷൂട്ടിനിടെ ബിനുവും തരുണും

തരുണ്‍ മൂര്‍ത്തിയുമായി ഒരു കോമ്പോ സെറ്റായല്ലേ?

തരുണ്‍ വല്ലാതെ അതിശയിപ്പിച്ച സംവിധായകനാണ്. ആദ്യ സിനിമയുടെ കഥ പറഞ്ഞുതന്നെ ഞെട്ടിച്ചു. തരുണിന്റെ പരിപാടികളൊക്കെ ഭയങ്കര രസമാണ്. രസകരമായിട്ടാണ് പുള്ളി സെറ്റിനെ കൊണ്ടുപോവുക. ‘ഓപ്പറേഷന്‍ ജാവ’യില്‍വെച്ച് തരുണുമായി നല്ലൊരു ബന്ധമുണ്ടായി. രണ്ടാമത്തെ സിനിമയിലേക്കും തരുണ്‍ എന്നെ വിളിച്ചു. പത്ത് ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ ‘സൗദി വെള്ളക്ക’യുടെ ചീഫ് അസോസിയേറ്റ് ആവുന്നത്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നതിനപ്പുറം തരുണിനെ അറിയണമെന്ന് എനിക്കുണ്ടായിരുന്നു. ഡയറക്ഷന്‍ സൈഡില്‍ നില്‍ക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണുണ്ടാവുക. സൗദി വെള്ളക്ക നടക്കുന്ന സമയത്ത് ഞാന്‍ തരുണിന്റെയടുത്ത് കഥ പറഞ്ഞു. ‘[നല്ല കഥയാണല്ലോ, ചേട്ടന്‍ ചെയ്യാന്‍ പോവുകയാണോ’ എന്നാണ് തരുണ്‍ എന്നോട് ചോദിച്ചത്. ‘ഞാനല്ല, നീയാണ് ഇത് സംവിധാനം ചെയ്യുന്നതെന്ന്’ ഞാന്‍ മറുപടിയും നല്‍കി. അങ്ങനെയാണ് അത് ഓണ്‍ ആയത്. സൗദി വെള്ളക്ക കഴിഞ്ഞാല്‍ അതുമായി മുന്നോട്ടുപോകാനാണ് ആലോചിക്കുന്നത്.

UPDATES
STORIES