കൃഷ്‌ണേന്ദു കലേഷ് അഭിമുഖം: കാണികളുടെ കണ്ണിലൂടെയാണ് പ്രാപ്പെട വളരുന്നത്

/ March 21, 2022

ആഖ്യാനം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമാണ് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍നിന്നും ഐഎഫ്എഫ്‌കെ വേദിയിലെത്തിയിരിക്കുന്ന കൃഷ്‌ണേന്ദു കലേഷിന്റെ ‘പ്രാപ്പെട’. കണ്ടുശീലിച്ച സിനിമാ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമാണ് പ്രാപ്പെട. ഒരുപാട് ചോദ്യങ്ങളിലേക്ക് വാതിലുകള്‍ തുറന്നാണ് കൃഷ്‌ണേന്ദു ആദ്യചിത്രമൊരുക്കിയിരിക്കുന്നത്. 22-നും, 24-നും പ്രാപ്പെട ഐഎഫ്എഫ്‌കെ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കാമ്പുള്ള രാഷ്ട്രീയം പറയുന്ന ഫാന്റസി സയന്‍സ് ഫിക്ഷനാണ് പ്രാപ്പെട. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ വ്യത്യസ്തമായി ആവിഷ്‌കരിക്കുന്ന ചിത്രം ആദ്യകാഴ്ചയില്‍ അത്രകണ്ട് ആസ്വാദ്യകരമായെന്ന് വരില്ല. പശ്ചാത്തല സംഗീതം കൊണ്ടും കഥ പറയുന്ന രീതി കൊണ്ടും കളര്‍ ടോണുകൊണ്ടും ആകെമൊത്തം പരീക്ഷണാത്മകമാണ് ചിത്രം. നിലവിലുള്ള തിരക്കയുടെ എഴുത്ത് സങ്കല്‍പങ്ങളില്‍നിന്നും മാറിനടന്നാണ് സംവിധായകന്‍ സ്‌ക്രിപ്ട് ഒരുക്കിയിരിക്കുന്നത്. പരിമിതമായ സംഭാഷങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. തുടക്കം മുതല്‍ അവസാനം വരെ കഥയ്ക്ക് പ്രഖ്യാപിത സമയമോ കാലമോ സ്ഥലമോ ഇല്ല. എന്നോ എവിടെയോ സംഭവിക്കുന്ന, സംഭവിച്ച ഒരു ഫാന്റസി. സിനിമയെക്കുറിച്ചും കലാകാരന്റെ ആവിഷ്‌കാരത്തെക്കുറിച്ചും കലയിലൂടെ രാഷ്ട്രീയം പറയുന്നതിനെക്കുറിച്ചും കൃഷ്‌ണേന്ദു സൗത്ത്‌റാപ്പിനോട് സംസാരിക്കുന്നു.

പൊതുവേ കണ്ടിട്ടുള്ള സിനിമാ കാഴ്ചകളില്‍ വ്യത്യസ്തമാണ് പ്രാപ്പെട. എങ്ങനെയാണ് അത്തരമൊരു ആശയത്തിലേക്കെത്തിയത്?

ഒരു സിറ്റ്വേഷന്‍ പ്രൊഡക്ടാണ് ‘പ്രാപ്പെട’. ഒരുപാട് ചിന്തിച്ചുണ്ടാക്കിയതോ മനസില്‍ ഒരുപാട് നാളായി ഉണ്ടായിരുന്നതോ അല്ല. വളരെ പെട്ടന്ന് സംഭവിച്ച സിനിമയാണ്. കൊവിഡ് പാന്‍ഡമിക്കിനിടയിലുണ്ടായ ചിന്തയില്‍നിന്നാണ് ഈ സിനിമയിലേക്കെത്തിയത്. ഇന്ത്യയില്‍ കൊവിഡ് ആദ്യതരംഗത്തിന്റെ സമയമായിരുന്നു അത്. ഒരു ഭീതിയായിരുന്നല്ലോ മൊത്തത്തില്‍. മനുഷ്യര്‍ ഒന്നാകെ നിയന്ത്രണങ്ങളില്‍ അകപ്പെട്ടുപോയ സമയം. എന്തുചെയ്യണമെന്നറിയാതെ ആളുകള്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നു. അങ്ങനെയൊരു സാഹചര്യം അധികാരം ദുരുപയോഗം ചെയ്യാനും കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനുമൊക്കെ പറ്റിയ സമയമാണ്. ഈ ഭീതി പെരുപ്പിക്കലിനിടയിലൂടെ പല കാര്യങ്ങളും അവര്‍ക്ക് ചെയ്‌തെടുക്കാന്‍ കഴിയും. ആ ചിന്തയില്‍ത്തന്നെ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ആ ഒരു ചിന്തയില്‍നിന്നും വളരെപെട്ടന്നുണ്ടാക്കിയ ആഖ്യാനമാണ് പ്രാപ്പെട. പുറംമോടിയില്‍ വളരെ സിമ്പിളായിട്ടുള്ള ആഖ്യാനമാണ് സിനിമയ്ക്ക് ഞാന്‍ നല്‍കിയത്. വളരെ പെട്ടെന്ന് ഉള്‍ക്കൊണ്ട ആശയത്തെ വളരെ പെട്ടെന്നുതന്നെ അവതരിപ്പിക്കുകയായിരുന്നു. രണ്ടര മാസത്തിനകം ഷൂട്ടിങ് ആരംഭിച്ചു. ആ സമയത്ത് യാത്രയ്‌ക്കൊക്കെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രധാന കഥാപാത്രം പൂനെ സ്വദേശിയാണ്. അവര്‍ ഇവിടെ വന്ന് വിമാനത്താവളത്തില്‍നിന്നും നേരെ ക്വാറന്റൈന്‍ സെന്ററിലേക്കാണ് പോയത്. അങ്ങനെ വന്ന ചില താമസങ്ങള്‍ മാത്രമേ ഷൂട്ടിങ് ആരംഭിക്കാന്‍ ഉണ്ടായുള്ളു. പതിനെട്ട് ദിവസത്തിനകം ചിത്രീകരണവും പൂര്‍ത്തിയാക്കി.

യഥാര്‍ത്ഥത്തില്‍ പിന്നീടാണ് ഈ സിനിമ വികസിച്ചത്. അത് ഏകദേശം ഒരുവര്‍ഷത്തോളമെടുത്തു. ഷൂട്ടിന് ശേഷം അവസാന നിമിഷം വരെ തിരക്കഥ വികസിച്ചുകൊണ്ടേയിരുന്നു. പത്തിരുപത് പേജുള്ള ഒരു ട്രീറ്റ്‌മെന്റ് നോട്ട് വെച്ചിട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. ബാക്കിയെല്ലാം സംഭവിച്ചത് മനസിലാണ്. സിനിമയുടെ ഘടന ഇങ്ങനെയാവാന്‍ കാരണവും അതാണ്. കൃത്യമായി എഴുതി തയ്യാറാക്കിയ തിരക്കഥയോടെയാണ് ഞാന്‍ സിനിമയെടുത്തിരുന്നതെങ്കില്‍ ‘പ്രാപ്പെട’ ഇങ്ങനെയാവില്ലായിരുന്നു. സിനിമയ്ക്ക് പരീക്ഷണ സ്വഭാവം വരാനുള്ള ഒരു കാരണവും ഞാനതിന്റെ തിരക്കഥയെ ഈ രീതിയില്‍ സമീപിച്ചതുകൊണ്ടാണ്.

കൃത്യമായി എഴുതിത്തയ്യാറാക്കിയ തിരക്കഥ കയ്യിലില്ലെങ്കില്‍ ആശയം നഷ്ടപ്പെട്ടുപോവില്ലേ?

ഇല്ല. കാരണം, സിനിമയുടെ കേന്ദ്രബിന്ദു എന്റെ ഉള്ളിലുണ്ടല്ലോ. അത് മനസില്‍വെച്ചാണ് ഓരോ സീനും ഡെവലപ് ചെയ്തത്. ഒരു വീടിനകത്തുള്ള മൂന്നോ നാലോ പേരിലൂടെ മാത്രമാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന തീം നമ്മുടെ കൈവിട്ട് പോകില്ല. ഒറ്റ ലൊക്കേഷനില്‍ ഒരു ക്ലോസ്ഡ് സ്‌പേസില്‍ നടക്കുന്ന കഥയായതുകൊണ്ടുതന്നെ വളരെ നമ്മള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരിക്കും. അതില്‍നിന്നും വിട്ടുപോവില്ല. സമയവും സ്ഥലവും മാറുമ്പോഴും വലുതാകുമ്പോഴും മാത്രമാണ് കഥയുമായും സന്ദര്‍ഭങ്ങളുമായും അകലമുണ്ടാവുന്നത്. അല്ലാത്തപക്ഷം ആ കഥ എന്നെ ചുറ്റികറങ്ങിക്കൊണ്ടിരിക്കുകയാണ്.

കഥാപാത്രങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രാപ്പെട ഒരുപാട് പൊളിറ്റിക്‌സ് മുന്നോട്ടുവെക്കുന്നുണ്ട്. സംവിധായകന്‍ സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കുന്നതിനെ എങ്ങനെയാണ് കാണുന്നത്?

സിനിമയില്‍ക്കൂടി മാത്രം എന്നല്ല. ഒരു കലാകാരന്‍ അയാള്‍ കൈകാര്യം ചെയ്യുന്ന ഏത് കലയിലൂടെയും പറയാനുദ്ദേശിക്കുന്ന വിഷയത്തിന് ഒരു ലോക കാഴ്ചപ്പാടുണ്ടാവും. ലോകത്തെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതിന് സ്വാഭാവികമായും ഒരു രാഷ്ട്രീയ വീക്ഷണമുണ്ടാവും. അതിനൊരു പാര്‍ട്ടി പൊളിറ്റിക്‌സിന്റെ ആവശ്യമില്ല. കലയില്‍ മാനവികതയുടെ അംശങ്ങള്‍ സ്വാഭാവികമായും കടന്നുവരും. ഒരു കലാരൂപമുണ്ടാക്കുക എന്നാല്‍ അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കല സംഭവിച്ചുകഴിയുമ്പോള്‍ നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുള്ള രാഷ്ട്രീയം അതില്‍ എത് ഏത് വിധേനയും പ്രതിഫലിക്കും. നമ്മളുണ്ടാക്കുന്ന സെറ്റും കഥാപാത്രങ്ങളും അവരുടെ സംസാരവും അതില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളും എല്ലാം സ്വയമേവ പൊളിറ്റിക്കലാവും. അങ്ങനെയാണത്.

ഫാന്റസി ഫിക്ഷനില്‍ ഇത്തരം പൊളിറ്റിക്കല്‍ ആഖ്യാനങ്ങള്‍ക്കുള്ള സാധ്യതയുണ്ടോ?

ശരിക്കും ഇത്തരം ഴോണര്‍ ചിത്രങ്ങള്‍ക്കാണ് അതിനുള്ള ഏറ്റവുമധികം സാധ്യതയുള്ളത്. കാരണം ഇവയൊന്നും നേരെ കഥപറയുന്നവയല്ല. ഒരു നറേറ്റീവ് സിനിമയിലേതുപോലെ ഒന്നും നമ്മള്‍ നേരിട്ട് പറയുന്നില്ല. മെറ്റഫറുകഗളിലൂടെയും മറ്റും സൂചനകള്‍ നല്‍കി ചിത്രീകരിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിന്റെ പ്രതിഫലനത്തിലാണ് സിനിമയുടെ പൊളിറ്റിക്‌സ് മനസിലാവുക. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് രാഷ്ട്രീയം പറയണമെങ്കില്‍ അത് പ്ലെയിന്‍ ആയി പറയാതെ, പ്രേക്ഷകന് ചിന്തിക്കാനുള്ള ഒരു സാഹചര്യം ഇട്ടുകൊടുക്കണമെന്നാണ്. കാണുന്നവരുടെ ചിന്തയും ഭാവനയും ചേരുന്ന തരത്തിലാണ് ഞാന്‍ ആലോചിക്കാറുള്ളത്.

അധികാരം, അടിമത്വം, അതിന് ശേഷമുണ്ടാകുന്ന സ്വാതന്ത്ര്യം, പലായനം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കാണിക്കുന്നുണ്ടല്ലോ. ഇത്രയധികം കാര്യങ്ങള്‍ ഒരുമിച്ച് പറയുന്നത് ആളുകളെ കലാസ്വാദനത്തിനപ്പുറം ചിന്താക്കുഴപ്പത്തിലാക്കില്ലേ?

ചിന്താക്കുഴപ്പത്തിന്റെ ഒരു അംശം എന്തായാലും ഉണ്ടാവും. കാരണം, ഇതിന്റെ വിഷ്വല്‍ ലാങ്വേജില്‍തന്നെ ഒരു ആശയക്കുഴപ്പമുണ്ട്. അത് കുറച്ച് മനപ്പൂര്‍വം ചെയ്തതാണ്. കാരണം ഈ കണ്‍ഫ്യൂഷന്‍ എന്നത് കേന്ദ്രകഥാപാത്രത്തിന്റെ പ്രധാന പ്രശ്‌നമാണ്. റൂബി എന്ന പെണ്‍കുട്ടി ഒരേസമയം സംഭ്രമത്തിലും ജിജ്ഞാസയിലുമാണ് മുന്നോട്ടുനീങ്ങുന്നത്. ഈ കണ്‍ഫ്യൂഷനും ക്യൂരിയോസിറ്റിയുമാണ് സിനിമയില്‍ ഞാന്‍ പരീക്ഷിച്ചിട്ടുള്ള കാര്യവും. ആ കുട്ടിക്ക് ലോകത്തെക്കുറിച്ചോ മനുഷ്യരെക്കുറിച്ചോ സാമൂഹിക ജീവിതത്തേക്കുറിച്ചോ ഒന്നുമറിയില്ല. ഒന്നിനെക്കുറിച്ചും അവള്‍ക്ക് ഒരു ധാരണയുമില്ല. ആരുമവള്‍ക്ക് ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും മുന്നിലില്ലാത്ത ഒറ്റപ്പെട്ടുപോയ കുട്ടിയാണ്. പുരുഷാധികാര കേന്ദ്രീകൃതമായ വീട്ടിലാണ് അവള്‍ വളര്‍ന്നത്. അവളുടെ കണ്‍ഫ്യൂഷനുകള്‍ക്കൊപ്പം തന്നെ അത്യാഗ്രഹം പാരമ്പര്യമായിത്തന്നെ അവളുടെ ജീനിലുണ്ട്. അതുകൊണ്ടുതന്നെ ആ കഥാപാത്രം പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്നൊന്നും പറയാന്‍ കഴിയില്ല. ലോകവുമായി ഒരു വ്യവഹാരവുമില്ലാത്ത യൗവ്വനാരംഭത്തിലുള്ള ഒരു കുട്ടിയാണത്. ആ കണ്‍ഫ്യൂഷന്‍ മൊത്തത്തിലുണ്ട്.

ഒരുപാട് തീമുകള്‍ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുള്ള ആശയക്കുഴപ്പമാണെങ്കില്‍ അതുമുണ്ടാവാന്‍ സാധ്യതയുണ്ട്. നമ്മുടെയൊക്കെ സാധാരണ ജീവിതത്തില്‍ പോലും ഒരുപാട് അധികാര ശ്രേണികള്‍ ദിനംപ്രതി കയറിയിറങ്ങുന്നുണ്ട്. അതിനെ കുറേക്കൂടി ഡ്രമാറ്റിക് ആയും രൂപകങ്ങളിലൂടെയുമൊക്കെ പറഞ്ഞ് ഒരോ സെക്ഷനായി നിര്‍ത്തുമ്പോഴാണ് കുറച്ചുകൂടി അനുഭവപ്പെടുക. പിന്നെ, കാണികളുടെ കണ്ണിലൂടെയാണ് കഥ വികസിക്കുന്നത്. കഥ രൂപപ്പെടുന്നതില്‍ കാണികളും ഭാഗമാവുന്നുണ്ട്.

സാധാരണ പ്രേക്ഷകന് പരിചയമുള്ള സിനിമാ സങ്കല്‍പങ്ങളില്‍നിന്നും വ്യത്യസ്തമാണ് പ്രാപ്പെടയും കരിഞ്ചാത്തനും. എന്താണ് കൃഷ്‌ണേന്ദുവിന്റെ മനസിലെ സിനിമ?

സിനിമയെ ഒരു ജനപ്രിയ കലയായിട്ടുതന്നെയാണ് ഞാന്‍ കാണുന്നത്. ഈ രണ്ട് ചിത്രങ്ങളും ഞാന്‍ എടുക്കാനുള്ള കാരണം, ഇതുരണ്ടുമാണ് ഏറ്റവും പരീക്ഷണാത്മകമായി എനിക്ക് ചെയ്യാന്‍ പറ്റിയ സന്ദര്‍ഭമുണ്ടായത് എന്നതുകൊണ്ടാണ്. യാതൊരു നിബന്ധനകളുമില്ലാതെ, വളരെ സപ്പോര്‍ട്ടീവായ ഒരു സാഹചര്യത്തില്‍നിന്ന എനിക്ക് ഷൂട്ട് ചെയ്യാനും എനിക്ക് ഇഷ്ടമുള്ളതുപോലെ ഒരു സിനിമ ചെയ്യാനും കഴിഞ്ഞു. മറ്റ് കെട്ടുപാടുകളൊന്നുമില്ലാതെ, പരീക്ഷണാത്മകമായിട്ട് രണ്ട് സിനിമകള്‍ ചെയ്യാനുമുള്ള സൗകര്യം കിട്ടിയപ്പോഴാണ് ഞാനിത് രണ്ടും ചെയ്തത്. ഇതാണ് എന്റെ രീതി എന്നല്ല അതിനര്‍ത്ഥം. ഇത് എന്റെ പരമാവധി പരീക്ഷണങ്ങള്‍ മാത്രമാണ്. വളരെ ഴോണര്‍ സെന്‍ട്രിക് ആയിട്ടുള്ള സിനിമകളെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് ഞാന്‍.

പ്രാപ്പെടയിലും കരിഞ്ചാത്തനിലും മതം ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ടല്ലോ. കൃഷ്‌ണേന്ദുവിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ പ്രതിഫലനമാണോ അത്?

ഫ്യൂച്ചറിലുള്ള കള്‍ട്ടായിട്ടാണ് ‘പ്രാപ്പെട’യില്‍ മതം കടന്നുവരുന്നത്. മതത്തെ ഒരു നെക്സസായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. വിദ്വേഷം ഉദ്പാദിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ ടൂളാണ് മതം. അന്യതാ ബോധമുണ്ടാക്കുന്നതിന് പുതിയ കാലത്ത് ഏറ്റവും ഫലപ്രദമായിട്ടുള്ള ടൂളാണത്. മതവും പണവും അധികാരവും ചേര്‍ന്നുകഴിയുമ്പോഴാണ് അതുണ്ടാവുന്നത്. അത് സംഭവിച്ചുകഴിഞ്ഞാല്‍ യുദ്ധങ്ങളുണ്ടാക്കാം, ചേരികളുണ്ടാക്കാം, വേര്‍തിരിവുകളുണ്ടാക്കാം, മനുഷ്യരെ തമ്മില്‍ അകറ്റാം. അത് പൊളിറ്റിക്കലാണ്. മനുഷ്യരെ എല്ലാക്കാലവും വിഘടിപ്പിച്ചുനിര്‍ത്തുക എന്നതാണ് കോര്‍പ്പറേറ്റുള്‍ക്കും ഭരിക്കാനുള്ള അധികാര മാനസികാവസ്ഥയുള്ളവര്‍ക്കും എപ്പോഴും നല്ലത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നാണ് അവരുടെ ആശയം. അതിനെ സാങ്കല്‍പികമായി സമീപിക്കുക എന്നതാണ് സിനിമയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം. ഒരു സാങ്കല്‍പിക കഥയുണ്ടാക്കി അതിനെ വിശ്വാസയോഗ്യമാക്കുക. അതാണ് ഒരു മതം ചെയ്യുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

സിനിമയില്‍ ഒരു ഭാഗമായി മാത്രമാണ് ഞാന്‍ മതത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ അധികാരം കയ്യാളുന്നവര്‍ക്കും മുകളില്‍ മതത്തെ കയ്യാളുന്നവര്‍ക്ക് ഒരു സ്ഥാനമുണ്ടെന്നും അവര്‍ വിചാരിച്ചുകഴിഞ്ഞാല്‍ പല കൃത്രിമത്വവും വരുത്താമെന്നും മാത്രമേ ഞാന്‍ കാണിച്ചിട്ടുള്ളൂ. അതിലും കൂടുതല്‍ മനുഷ്യരുടെ ശാരിരീകമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് ഇതിനെയെല്ലാം മറികടക്കാം എന്നതാണ് ഞാന്‍ കാണിച്ചിരിക്കുന്നത്. പക്ഷേ, അത് പോസിറ്റീവായിട്ടല്ല കാണിച്ചിരിക്കുന്നത്.

ശാരീരിക മാറ്റങ്ങളുണ്ടാകുന്ന പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയിലൂടെയാണല്ലോ പ്രാപ്പെടയുടെ കഥ കടന്നുപോകുന്നത്. ഒരു പുരുഷ കേന്ദ്രീകൃതമായ സാഹചര്യത്തില്‍ വളരുന്ന ആ പെണ്‍കുട്ടിയുടെ തെരഞ്ഞെടുപ്പുകളിലും അധികാരത്തിന്റെ ചുവ കടന്നുവരുന്നുണ്ട്

സാഹചര്യങ്ങള്‍ മുന്നില്‍ വരുമ്പോഴും അവള്‍ എന്താണ് തെരഞ്ഞെടുക്കുന്നത് എന്നത് വലിയൊരു പ്രശ്നമാണ്. രാജേഷ് മാധവന്റെ കഥാപാത്രം കടന്നുവരുന്ന ഘട്ടം മുതല്‍ ജീവിതത്തില്‍ വളരെ അണ്‍കണ്ടീഷണലായിട്ടുള്ള ഒരു കാര്യത്തെ അവള്‍ എന്‍കൗണ്ടര്‍ ചെയ്യുന്നുണ്ട്. അതൊരു മനുഷ്യനാണോ എന്നുപോലും ഞാന്‍ പറഞ്ഞിട്ടില്ല. വളരെ പ്രസന്നമായ വിശാലമായൊരു ലോകം യാതൊരു നിബന്ധനകളുമില്ലാതെ അതുവരെ കണ്ടിരുന്നതില്‍നിന്നും വ്യത്യസ്തമായി കാണിച്ചുകൊടുക്കുന്ന ഒരു വ്യക്തിയായിട്ടാണ് രാജേഷ് മാധവന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, അവള്‍ അവളുടെ അത്യാര്‍ത്തിക്കുവേണ്ടിയാണ് അവനെ ഉപയോഗിക്കുന്നത്. അതിനെ കൊണ്ടുപോയി തട്ടുംപുറത്തിട്ട് ശ്വാസം മുട്ടിക്കുകയാണ്. ഒരു കുട്ടിയുടെ സ്വാര്‍ത്ഥതയാണോ നിഷ്‌കളങ്കതയില്ലായ്മയാണോ അത് എന്നൊന്നും നമ്മള്‍ പറഞ്ഞിട്ടില്ല. പക്ഷേ, അങ്ങനെയാണ് അവള്‍ ചൂസ് ചെയ്യുന്നത്.

അതുപോലെത്തന്നെ അവന്‍ തട്ടിന്‍പുറത്തിരിക്കുമ്പോള്‍ ഒരു പ്രോപ്പഗാന്‍ഡാ ഫിലിം, ഒരു ബോംബിങ്ങിന്റെ ഒരു ഫിലിം എടുത്തു നോക്കുന്നുണ്ട്. ഇതൊന്ന് കാണിക്കാന്‍ അവള്‍ പറയുന്നുണ്ട്. അത് ശരിയല്ലെന്നും അതൊരു ‘ബാഡ് ബ്രോക്കൊളി’യാണ് എന്നും അവന്‍ പറയുന്നു. പക്ഷേ, കുഴപ്പമില്ല എനിക്കത് കാണണമെന്നാണ് അവളുടെ മറുപടി. അങ്ങനെ കാണിച്ചുകഴിയുമ്പോഴാണ് ഇവളും ഇന്‍സ്പയേഡ് ആവുന്നത്. അടിസ്ഥാനപരമായി ഒരു ഷോവനിസ്റ്റിക്-ഫാസിസ്റ്റ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു പ്രൊപ്പഗാന്‍ഡാ ഫിലിം ആദ്യമായി കാണുമ്പോള്‍ത്തന്നെ അവള്‍ എക്സ്പോസ്ഡ് ആവുന്നുണ്ട്. ആ വിഷ്വലില്‍ ഇവള്‍ വല്ലാതെ ആവേശം കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് ക്ലൈമാക്സില്‍ ഇവള്‍ ഒരു വയലന്‍സ് തന്നെ ഉണ്ടാക്കുന്നത്. ഒരു ആക്ഷന്‍ ഫൈറ്റ് ഉണ്ടല്ലോ. ഇവളുടെയൊരു സംഭാവനയാണത്. അവളതില്‍ രസിക്കുന്നുണ്ട്. ഒരു ഫാസിസ്റ്റ് ചുറ്റുപാടില്‍ വളരുമ്പോഴുണ്ടാകുന്ന എല്ലാവിധ ആര്‍ത്തിയും വെറുപ്പുമൊക്കെ ഇവളുടെയുള്ളില്‍ എവിടെയോയുണ്ട്. അതവളുടെ കൗമാര പ്രായത്തില്‍നിന്നും ആര്‍ത്തവമുണ്ടാകുന്ന പ്രായത്തിലെ മാനസികാവസ്ഥയില്‍ നിന്നുമെല്ലാമുണ്ടാകുന്ന ഒരുതരം അവ്യക്തതയില്‍നിന്നുണ്ടാവുന്നതാണ്. അത് നല്ല സമയമാണോ മറിച്ചാണോ എന്നൊന്നും പറയാന്‍ കഴിയില്ല.

സാധാരണ പ്രേക്ഷകന് എളുപ്പം മനസിലാകാത്ത വിധത്തിലുള്ള ട്രീറ്റ്‌മെന്റാകുമ്പോള്‍ അതൊരു അവാര്‍ഡ് സിനിമയായി എന്ന വിമര്‍ശനമുണ്ടാകില്ലേ?

ഫോര്‍മല്‍ സിനിമകളെന്നുപറയുന്ന ഒരു വിഭാഗമുണ്ട്. ഞാന്‍ കുറച്ച് അക്കാദമിക്കലായി സിനിമയെ സമീപിക്കുന്ന ആളാണ്. അക്കാദമിക്കലായി പറയുകയാണെങ്കില്‍ സിനിമകളെ റിയലിസ്റ്റിക്കും ഫോര്‍മലുമായി രണ്ടായി തിരിക്കാം. റിയലിസ്റ്റിക് സ്റ്റൈലിലുള്ള സിനിമകളാണ് നമ്മള്‍ കൂടുതലായും കാണാറുള്ളത്. പണ്ട് ഇവയ്ക്ക് രണ്ടിനും ഇടയില്‍നില്‍ക്കുന്ന ക്ലാസിക് സിനിമകള്‍ ഉണ്ടാകാറുണ്ടായിരുന്നു. തൊണ്ണൂറുകളിലൊക്കെ നമ്മള്‍ ശീലിച്ചുപോന്ന മലയാളം സിനിമ അതാണ്. ഇപ്പോഴത്തെ സിനിമകള്‍ കുറേക്കൂടി റിയലിസ്റ്റിക് സ്‌റ്റൈലിലാണ് വരുന്നത്. ഇതൊക്കെ ഓരോരോ രീതികളാണ്. സിനിമ ഒരിക്കലും റിയലല്ല. അതെപ്പോഴും ഉണ്ടാക്കിയെടുക്കപ്പെടുന്നവയാണ്. ഇപ്പോള്‍ മിക്കവരും സ്വീകരിക്കുന്ന രീതി റിയലിസ്റ്റിക്കാണ് എന്നേയുള്ളൂ. പിന്നെയുള്ളത് ഫോര്‍മല്‍ സിനിമകളാണ്. അവയാണ് പരീക്ഷണാത്മക സ്വഭാവം കാണിക്കാറുള്ളത്. അത് എന്റെ ഈ സിനിമ പോലെയുമല്ല. ഭയങ്കരമായ എക്‌സ്പിരിമെന്റല്‍ സിനിമകളുണ്ട്. ഇവ മൂന്നിനെയും ഉള്‍ക്കൊള്ളാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്. പ്രാപ്പെടയില്‍ റിയലിസമാണ് ഏറ്റവും കുറവുള്ളത്. ആ പൊലീസുകാരന്‍ ജോലിക്കാരുടെ മുറിയില്‍ പോയി സംസാരിക്കുന്ന ഒറ്റ സീനില്‍ മാത്രമേ ഞാന്‍ റിയലിസം കൊണ്ടുവന്നിട്ടുള്ളൂ. ബാക്കിയെല്ലാം ഒരു സര്‍റിയല്‍ രീതിയില്‍ നിന്നുകൊണ്ട് ഡ്രാമയുണ്ടാക്കിയാണ് ചെയ്തിരിക്കുന്നത്. സിനിമാറ്റിക് മീറ്ററുകള്‍ നോക്കുകയാണെങ്കില്‍ ഫോര്‍മലാണ് ഈ സിനിമ. അതേസമയംതന്നെ പൂര്‍ണാര്‍ത്ഥത്തില്‍ ഫോര്‍മല്‍ സിനിമയുമല്ല. ക്ലാസികിന്റെയും റിയലിസന്റേയും അടരുകള്‍ ഇതിനകത്തുണ്ട്. ഡ്രമാറ്റിക് എലമെന്റ്‌സ് ഉള്‍ക്കൊണ്ടിട്ടുള്ള കഥപറച്ചിലാണുതാനും. ഇവയുടെയെല്ലാം സമ്മിശ്ര രൂപമായിട്ടാണ് ഞാന്‍ സിനിമയെ ട്രീറ്റ് ചെയ്തത്. ഇതുവരെ കണ്ട എല്ലാ സിനിമാ ശീലങ്ങളുടെയും ചെറിയ വകഭേദങ്ങളും പല സ്ഥലങ്ങളിലും കാണാം.

അടുക്കി ചിട്ടപ്പെടുത്തിയാണ് പ്രാപ്പെടയില്‍ സംഗീതവും കലാസംവിധാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരമൊരു സിനിമയില്‍ അതൊരു വെല്ലുവിളിയായിരുന്നോ?

ശരിക്കും പറഞ്ഞാല്‍, സംഗീതം എന്താണെന്ന് അറിയില്ലാത്ത ഒരു സ്ഥലത്താണ് സിനിമ തുടങ്ങുന്നത്. അവിടെ സംഗീതത്തിന് യാതൊരു സാധ്യതകളുമില്ല. കാരണം അവിടെയുള്ളവര്‍ക്ക് സംഗീതം എന്താണെന്നറിയില്ല. അല്ലെങ്കില്‍ സംഗീതം പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു കാര്യം മാത്രമാണ്. ഇന്നത്തെ സംഗീതമെന്താണെന്നോ ഒന്നും അറിയില്ലാത്ത ആളുകളാണ്. ആ പെണ്‍കുട്ടിക്കും സംഗീതമെന്താണെന്നറിയില്ല. ദിവസവും കേള്‍ക്കുന്ന ശബ്ദങ്ങളുടെ ലൂപ്പില്‍നിന്നാണ് പലപ്പോഴും മ്യൂസിക് ഉണ്ടാവുക. ശബ്ദങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ആ ലൂപ്പിലൂടെയത് സംഗീതമായി മാറുന്ന ഒരു സംഗതിയുണ്ട്. അത് നമ്മള്‍ ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. മ്യൂസിക്കിനെ മ്യൂസിക്കായും ട്രീറ്റ് ചെയ്തിരിക്കുന്ന ചില ഭാഗങ്ങളുണ്ട്. രാജേഷിന്റെ കഥാപാത്രം വരുന്ന സന്ദര്‍ഭം മുതലാണ് അത് ശരിക്കും മ്യൂസിക്കലാവുന്നത്. അതുവരെ സംഗീതത്തിന് യാതൊരു തരത്തിലുള്ള കൃത്യതയും കൊടുത്തിട്ടില്ല. അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണത്. ആ ഘട്ടംവരെ അപശ്രുതികളുമെല്ലാം കേള്‍ക്കാം. കൃത്യമായിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ എന്നൊന്നും പറയാന്‍ കഴിയില്ല. എല്ലാം ബ്രേക്ക് ചെയ്താണ് കൊടുത്തിരിക്കുന്നത്. കാരണം, അത് കേന്ദ്രകഥാപാത്രത്തിന്റെ മാനസികാവസ്ഥയുമായി പൊരുത്തപ്പെട്ടുപോകുന്ന ഒന്നാണ്. ട്യൂണിങ് പോയിക്കിടക്കുന്ന റേഡിയോയുടെ ശബ്ദം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാം. ഫ്രീക്വന്‍സി മാച്ച് ചെയ്യാത്ത പോലെ ഒരു ശബ്ദം. അതെല്ലാം അങ്ങനെത്തന്നെ കൊണ്ടുവന്നതാണ്. സൗണ്ട് ഡിസൈനിങ്ങും മ്യൂസിക്കും ചില സമയങ്ങളില്‍ ഒന്നുതന്നെയാണ്. പലപ്പോഴും മ്യൂസിക് വേറെയായിട്ടല്ല നില്‍ക്കുന്നത്.

സംഭാഷണവും വളരെ കുറച്ചേ ഉള്ളൂ

കരിഞ്ചാത്തനിലാണെങ്കിലും പ്രാപ്പെടയിലാണെങ്കിലും ഞാന്‍ സംഭാഷണത്തെ ഉപയോഗിച്ചിരിക്കുന്നത് ആണുങ്ങള്‍ തമ്മില്‍ പറയുന്ന ഡീലുകളും അവരുടെ അത്യാഗ്രഹങ്ങളും അവരുടെ പൊട്ടത്തരങ്ങളും അവരുടെ അത്യാഗ്രഹങ്ങളും… അങ്ങനെയുള്ള കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്. നിശബ്ദതയിലാണ് ഈ സിനിമയുടെ പ്രധാന കാര്യങ്ങളെല്ലാം നടക്കുന്നത്. സംഭാഷണം ആണുങ്ങളുടെ മാത്രം തോന്നിവാസമായിട്ടാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ സംഭാഷണം വളരെ ലേസിയായിട്ടാണ് പോകുന്നത്. അതിന് കൃത്യമായ ഒരു രൂപമോ വലിയ അര്‍ത്ഥ തലങ്ങളോ നമ്മള്‍ കൊടുത്തിട്ടില്ല. കുറച്ച് വ്യത്യസ്തമായിട്ടാണ് സംഭാഷണത്തെ സമീപിച്ചിരിക്കുന്നത്.

‘യുദ്ധം ഇല്ലാതാവണമെങ്കില്‍ സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം’ എന്ന ബഷീറിയന്‍ പ്രയോഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്

അതിന് കഥയുമായി കുറച്ച് ബന്ധമുണ്ട്. നമ്മുടെ ശാരിരീകമായ ആവശ്യങ്ങള്‍ വരുമ്പോള്‍ പലപ്പോഴും നമ്മള്‍ യുദ്ധങ്ങള്‍ മറക്കുമെന്നാണ് പറയുന്നത്. ഉദാഹരണത്തിന്, മൂത്രശങ്ക അതി കഠിനമായി നില്‍ക്കുന്ന സമയമാണെങ്കില്‍ നമ്മള്‍ പല വയലന്‍സും വേണ്ടെന്നുവെക്കും. ബഷീറിന്റെ ഭയങ്കര രസമുള്ളൊരു ഫിലോസഫിയാണത്. സിനിമയില്‍ ആ പെണ്‍കുട്ടിയുടെ അവസ്ഥയും സമാനമാണ്. വീട്ടില്‍ പല തരത്തിലുള്ള അധികാര അധിനിവേശങ്ങളും കടന്നുവരുമ്പോഴും ശാരിരീകമായ പല ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ടാകുന്ന പ്രായത്തിലാണ് അവള്‍ നില്‍ക്കുന്നത്. പക്ഷേ, യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് അതിലെ പ്രശ്നം. അവസാനം അവളുതന്നെ റെഫ്യൂജിയായി മാറുകയാണ്.

മലയാളിയല്ലാത്ത കേതകിയടക്കം വളരെക്കുറച്ച് അഭിനേതാക്കളെ ചിത്രത്തിലുള്ളൂ. പക്ഷേ, കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഉണ്ടായതാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുതാക്കലും ചിത്രത്തിലില്ല. അതെങ്ങനെ സാധിച്ചു?

ഇതില്‍ അഭിനയിച്ച എല്ലാവരും എനിക്കറിയാവുന്നവരാണ്. സേവ്യര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയനാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അദ്ദേഹത്തിന്റെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. തുമ്പനായി അഭിനയിച്ച നിതിന്‍ ജോര്‍ജും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. കേതകിയായുമായി മാത്രമേ ഞാന്‍ മുമ്പ് വര്‍ക്ക് ചെയ്യാത്തതായിട്ടുണ്ടായിരുന്നുള്ളൂ. കേതകിയെ എനിക്ക് പരിജയപ്പെടുത്തിയത് ക്യാമറമാനായ മഹേഷ് മാധവനാണ്. കേതകി പൂനെ സ്വദേശിയാണ്. പിന്നെ അതിന്റെ ക്യാമറയും എഡിറ്റിങ്ങും മ്യൂസിക്കും എല്ലാം ചെയ്ത ആളുകളെല്ലാം ഒരേ മാനസികാവസ്ഥയിലുള്ള ആളുകളായിരുന്നു. കൊവിഡിന്റെ സാഹചര്യമായിരുന്നതിനാല്‍ ആര്‍ക്കും ഒരു വര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത സമയമായിരുന്നു. കലാകാരന്മാരെ സംബന്ധിച്ച് നിയന്ത്രണങ്ങള്‍ അവരെ അസ്വസ്ഥരാക്കും. എന്തെങ്കിലും ചെയ്യാതിരിക്കാന്‍ കഴിയില്ല. അതിന്റെ കുറേ ഗുണം എനിക്കീ സിനിമയിലും കിട്ടിയിട്ടുണ്ട്. എന്തും ചെയ്യാം എന്ന മാനസികാവസ്ഥയിലായിരുന്നു എല്ലാവരും. വളരെ ചെറിയ ക്ലോസ്ഡ് സ്‌പേസ് ഡ്രാമയാണിത്. വിഎഫ്എക്‌സെല്ലാം ഉപയോഗിച്ച് അതിന്റെ അതിരുകള്‍ നമ്മള്‍ വലുതാക്കുകയാണ് ചെയ്തത്. ഫോര്‍ട്ട്‌കൊച്ചിയിലുള്ള തൗഫീക് ആണ് വിഎഫ്എക്‌സ് ചെയ്തത്. അവന്റെ ഒറ്റമുറി വീട്ടില്‍ ഇരുന്ന് ഒറ്റയ്ക്കാണ് തൗഫീക്ക് മുഴുവന്‍ വിഎഫ്എക്‌സും ചെയ്തത്. അങ്ങനെ കൂടെ നിന്ന എല്ലാവരില്‍നിന്നും കിട്ടിയ പിന്തുണയുടെ റിസള്‍ട്ടുകൂടിയാണ് പ്രാപ്പെട.

പ്രാപ്പെട റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നല്ലോ. ആദ്യ സിനിമയ്ക്ക് തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ എന്ത് തോന്നുന്നു?

ആദ്യസിനിമ റോട്ടര്‍ഡാം പോലെയുള്ള വലിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. നല്ലൊരു അംഗീകാരമാണത്. മറ്റ് ഫിലിം ഫെസ്റ്റിവലുകളെ അപേക്ഷിച്ച് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിന് അതിന്റെ വൈവിധ്യങ്ങളായ ക്യാറ്റഗറികളടക്കം പ്രത്യേകതകളേറെയുണ്ട്. പുതിയ സംവിധായകര്‍ക്കും വ്യത്യസ്തങ്ങളായ സിനിമകള്‍ക്കും പരീക്ഷണ ചിത്രങ്ങള്‍ക്കുമെല്ലാം അവസരങ്ങള്‍ നല്‍കുന്ന ഫെസ്റ്റിവലാണത്. യൂറോപ്പില്‍ത്തന്നെ എണ്ണം പറഞ്ഞ ഫെസ്റ്റിവലാണ്. ഒരു പുതിയ സംവിധായകന് എന്തുകൊണ്ടും മികച്ച പ്ലാറ്റ്‌ഫോമാണത്. അതിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷം.

UPDATES
STORIES