നാദിയ മൊയ്തു അഭിമുഖം: ‘ഭീഷ്മപര്‍വ’ത്തിലേത് 35 വര്‍ഷത്തിനിടയിലെ എന്റെ ആദ്യ മുസ്‌ലിം വേഷം

/ January 9, 2022

‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നാദിയ മൊയ്തു. 200 ദിവസത്തിലധികം പ്രദര്‍ശനം നടത്തി വമ്പന്‍ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം പിന്നീട് മലയാളത്തിലെ സൂപ്പര്‍ നായികയായി മാറി. പിന്നീട് തമിഴിലും തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്തു. വിവാഹശേഷം ഒരു നീണ്ട ഇടവേളയെടുത്ത നാദിയ സിനിമാ സ്‌ക്രീനിലേക്ക് വീണ്ടുമെത്തിയപ്പോഴും ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ ‘ഡബിള്‍സി’ലൂടെയായിരുന്നു മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. ‘പുത്തന്‍ പുതുകാലൈ വിടിയാത’ എന്ന ആന്തോളജിയും ‘ഭീഷ്മപര്‍വ’വുമാണ് നിലവില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തമിഴ്, മലയാളം ചിത്രങ്ങള്‍. ഇരുഭാഷകളിലും ഏറെ കാലത്തിന് ശേഷം എത്തുന്നതിന്റെ വിശേഷങ്ങള്‍ നാദിയ മൊയ്തു സൗത്ത്‌റാപ്പുമായി പങ്കുവെക്കുന്നു.

‘പുത്തന്‍ പുതു കാലൈ’യിലൂടെ തമിഴില്‍ വീണ്ടുമത്തുകയാണ്. ജനുവരി 14ന് ഒടിടി റിലീസായി ചിത്രമെത്തും. എന്തൊക്കെയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍?

ഞാന്‍ ആദ്യമായിട്ടാണ് ഒടിടിക്കുവേണ്ടിയുള്ള സിനിമ ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റും കൗതുകവുമുണ്ട്. ആന്തോളജിയില്‍ മധുമിത സംവിധാനം ചെയ്യുന്ന ‘മൗനമേ പാര്‍വയായ്’ എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. മധുമിത നേരത്തെ ചെയ്ത ‘കെ.ഡി’ എന്ന തമിഴ് ചിത്രം വലിയ അഭിപ്രായങ്ങള്‍ നേടിയിരുന്നു. എനിക്ക് മധുവിനെ നേരത്തെ അറിയാം. ഞങ്ങള്‍ക്കിരുവര്‍ക്കും ഒരുപാട് കോമണ്‍ സുഹൃത്തുക്കളുണ്ട്. ഈ സിനിമയുടെ തിരക്കഥ തയ്യാറായപ്പോള്‍ മധുമിത എന്റെയടുത്ത് വന്ന് ഇങ്ങനെയൊരു കഥയുണ്ടെന്നും ഞാന്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്നും പറഞ്ഞു. പിന്നീട് എനിക്ക് സ്‌ക്രിപ്ട് തന്നു. അത് വായിച്ചപ്പോള്‍ത്തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അതില്‍ ഭര്‍ത്താവിന്റെ റോളും പ്രധാനപ്പെട്ടതാണ്. ആരാണ് വേഷത്തിലെത്തുന്നതെന്ന് ഞാന്‍ ചോദിച്ചു. ജോജു ജോര്‍ജാണ് മനസിലുള്ളതെന്നായിരുന്നു മധുമിതയുടെ മറുപടി. അത് നന്നായെന്ന് എനിക്കും തോന്നി. കാരണം, അതൊരു ശക്തമായ കഥാപാത്രമാണ്. ഇത്ര അനുഭവ പരിചയമുള്ള ജോജുവിന് അത് നന്നായി ചെയ്യാന്‍ കഴിയുമെന്ന് തോന്നി. അങ്ങനെ ഞാനും ജോജുവും ചേര്‍ന്ന് അത് ചെയ്യാന്‍ തീരുമാനിച്ചു.

ഷൂട്ടിങ് ഭയങ്കര രസമായിരുന്നു. വളരെ പ്രൊഫഷണലായ, ഓര്‍ഗനൈസ്ഡ് ആയ യൂണിറ്റായിരുന്നു മധുമിതയുടേത്. മൂന്ന് ദിവസം കൊണ്ട് ഞങ്ങള്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ടൈറ്റ് ഷെഡ്യൂളായിരുന്നെങ്കില്‍പ്പോലും മധുമിതയ്ക്ക് നല്ല ക്ലാരിറ്റിയുണ്ടായിരുന്നു. ജോജുവിന്റെ അഭിനയത്തിലെ പരിചയം ഷൂട്ടിങിനെ കുറച്ചുകൂടി എളുപ്പമാക്കി. പടപടാന്ന് പണി നടന്നു. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഭംഗിയായി പടം പൂര്‍ത്തിയാക്കാന്‍ പറ്റി.

ഒടിടിയില്‍ എത്തുന്ന ആദ്യ സിനിമയാണെന്ന് പറഞ്ഞല്ലോ. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

ഒടിടി റിലീസും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നൊന്നും എനിക്കൊരു ഐഡിയയുമില്ല. മുമ്പും ഇപ്പോഴും പ്രേക്ഷകരില്‍നിന്നും ലഭിക്കുന്ന ഫീഡ്ബാക്കിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനെയാണ് കുറച്ചുകൂടി വിലമതിക്കുന്നത്. അവരുടെ അഭിപ്രായം സത്യസന്ധമായിരിക്കും. ഇത് ആളുകളിലേക്ക് എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന, അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥയാണെന്നാണ് എനിക്ക് തോന്നുന്നത്. ‘ഇത് സംഭവിച്ചേക്കാവുന്ന കാര്യമാണല്ലോ, എന്റെ മാതാപിതാക്കളും ഇങ്ങനെയാണല്ലോ’ എന്നൊക്കെ കാണുന്നവര്‍ക്ക് തോന്നാന്‍ ഇടയുണ്ട്. എന്നിരുന്നാലും ആളുകള്‍ എങ്ങനെയാവും ചിത്രത്തെ എടുക്കുക എന്നറിയില്ല. കാണികളിലേക്ക് സിനിമ എത്തിയതിന് ശേഷമാവും എന്തായെന്ന് മനസിലാവുകയുള്ളു. എന്തുതന്നെയായാലും ഞാനതിനെ പോസിറ്റീവായേ എടുക്കുകയുള്ളൂ.

ഈ ആന്തോളജിയിലടക്കം മലയാളത്തില്‍നിന്നുള്ള അഭിനേതാക്കള്‍ ഒരുപാടുണ്ട്. ‘ജയ്ഭീമി’ലും ‘സുരറൈ പോട്രി’ലും മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ കേന്ദ്രകഥാപാത്രമായെത്തി. അങ്ങനെയൊരു ട്രെന്‍ഡ് തമിഴ് സിനിമയില്‍ ഉണ്ടോ?

തമിഴില്‍ മാത്രമായി എന്നല്ല ഇന്ത്യയിലൊട്ടാകെ അത്തരമൊരു മാറ്റം സംഭവിച്ചുകഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. മുമ്പായിരുന്നെങ്കില്‍, നോര്‍ത്തിലുള്ളവര്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കില്ല, സൗത്തിലുള്ളവര്‍ നോര്‍ത്തിന്ത്യന്‍ സിനിമകളില്‍ ഒട്ടുമുണ്ടാവാറില്ല എന്നൊക്കെയായിരുന്നല്ലോ. പ്രത്യേകിച്ചും ഹിന്ദി പടങ്ങള്‍ ചെയ്യുന്ന തെന്നിന്ത്യന്‍ നടന്മാര്‍ തീരെ കുറവായിരുന്നു. പിന്നെയും സ്ത്രീകളായിരുന്നു ഭാഷാഭേദമന്യേ സിനിമകള്‍ ചെയ്യാറുണ്ടായിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. എല്ലാവരും എല്ലാ ഇന്‍ഡസ്ട്രിയിലേക്കും എത്തുന്നുണ്ട്. അത് കാണുമ്പോള്‍ വളരെ സന്തോഷമാണ്. കാരണം, ഇന്ന് ആര്‍ട്ടിസ്റ്റിന്റെ കഴിവിന് ഭാഷാ വ്യത്യാസമില്ലാതെ അത്രത്തോളം പ്രാധാന്യം ലഭിക്കുന്നുണ്ട്. എവിടെ നിന്ന് വരുന്നു, ഏത് ഭാഷ സംസാരിക്കുന്നു എന്നതിലപ്പുറം, ആര്‍ട്ടിസ്റ്റിന് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് കാര്യം. ഹിന്ദിയിലെ അഭിനേതാക്കള്‍ ഇപ്പോള്‍ തെലുങ്കിലും തമിഴിലുമെല്ലാം സിനിമകള്‍ ചെയ്യുന്നുണ്ട്. പണ്ടത്തെ രീതിയൊക്കെ മാറി. ആ മാറ്റം വന്നത് വളരെ നന്നായി എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരും പരസ്പര സഹകരണത്തോടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോയി സിനിമകള്‍ ചെയ്യുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വവും റിലീസിന് തയ്യാറെടുക്കുകയാണ്. ഭീഷ്മപര്‍വത്തിലെ കഥാപാത്രത്തിന്റെ പ്രത്യേകതയെന്താണ്?

ഒരു വലിയ ആക്ഷന്‍ ഡ്രാമാ ചിത്രമാണ് ഭീഷ്മ പര്‍വം . ഇതുവരെ ഞാന്‍ ഒരു മുസ്‌ലിം കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. എന്റെ ആദ്യ മുസ്‌ലിം വേഷമായിരിക്കും ഇത്. നല്ല ഫ്രെയിംസും സീനുകളുമൊക്കെയാണ്. പടം നന്നായി വരുമെന്നാണ് പ്രതീക്ഷ. പ്രധാനപ്പെട്ട വേഷമാണ്. പക്ഷേ, ഒരു മുഴുനീള കഥാപാത്രമല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഒരുപാട് കഥാപാത്രങ്ങളുമുണ്ട്.

ഭീഷ്മ പര്‍വത്തില്‍ മമ്മൂക്ക ഒഴികെ ബാക്കിയെല്ലാം എനിക്ക് പുതിയതായിരുന്നു. മമ്മൂക്കയുടെ കൂടെ ഞാന്‍ കുറേ പടങ്ങള്‍ ചെയ്തിട്ടുണ്ട്. ബാക്കി ഇപ്പോഴുള്ള അഭിനേതാക്കളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതും എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. കാരണം, എനിക്ക് അവരില്‍നിന്നും പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. അവരുടെ രീതി തന്നെ വേറെയാണ്. സൗബിന്‍, ലെന, ശ്രിന്ദ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍,, മാലാ പാര്‍വതി തുടങ്ങി വലിയ താരനിര തന്നെയുണ്ട്‌ ചിത്രത്തില്‍. അവരുടെയൊക്കെ പ്രകടനം കാണുമ്പോള്‍ അഭിനയം എന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് എനിക്ക് തോന്നും. പുതിയ സംവിധായകരുടെയും പുതിയ അഭിനേതാക്കളുടെയും കൂടെ സിനിമ ചെയ്യുന്നത് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള വേദിയായി.

പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുന്നത്.

പൊതുവേ കുറച്ചൊന്ന് റിസേര്‍വ്ഡ് ആണ് മമ്മൂക്ക. അധികം വര്‍ത്താനമൊന്നും പറയില്ല. സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഓക്കെ ആണ്. കുടുംബ കാര്യങ്ങളടക്കം എല്ലാം ഞങ്ങള്‍ പരസ്പരം സംസാരിക്കും. ഈ കാലത്തും മമ്മൂക്ക ഇത്തരം വലിയ വേഷങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. അമല്‍ നീരദാണെങ്കില്‍ സിനിമയില്‍ മമ്മൂക്കയുടെ ലുക്ക് ആകെ മാറ്റി. അത് എനിക്കും ഒത്തിരി ഇഷ്ടപ്പെട്ടു. ഈ ഗെറ്റപ്പ് ഗംഭീരമായിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടും പറഞ്ഞു. ഓരോ സിനിമയിലും വ്യത്യസ്തമായ ലുക്കില്‍ എത്താന്‍ കഴിയുന്നത് അഭിനയിക്കുന്നവരെ സംബന്ധിച്ച് വലിയ കാര്യമാണ്. വ്യത്യസ്ത ലുക്കുകളിലെത്തുമ്പോഴും ആളുകള്‍ നമ്മളെ സ്വീകരിക്കുന്നു എന്നതും വലിയ കാര്യമാണ്. അമല്‍ നീരദൊക്കെ എല്ലാ കഥാപാത്രങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണല്ലോ അവതരിപ്പിക്കാറുള്ളത്. പുള്ളിയുടെ സ്റ്റൈല്‍ വേറെയാണ്.

ഭീഷ്മ പര്‍വത്തിലെ സെറ്റില്‍നിന്നും മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. പഴയ സിനിമകളിലെ രംഗങ്ങളുമായി താരതമ്യം ചെയ്‌തൊക്കെ ആളുകള്‍ അത് ഏറ്റെടുത്തിരുന്നു. സിനിമാ ആസ്വാദകരില്‍നിന്നും വലിയ സ്വീകാര്യതയാണ് നാദിയ മൊയ്തുവിന് ഇപ്പോഴും ലഭിക്കുന്നത്.

അതിന് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല. അന്ന് എന്നോട് കാണിച്ച സ്‌നേഹം ആളുകളില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴുമുണ്ടെങ്കില്‍ അതെന്റെ ഭാഗ്യം തന്നെയാണ്. അതില്‍ എനിക്ക് പറയാന്‍ വേറെ ഒന്നുമില്ല. ഒരു ആര്‍ട്ടിസ്റ്റിനും ഒരു വ്യക്തിക്കും കിട്ടുന്ന ഈ സ്‌നേഹം എങ്ങനെ തിരിച്ചുകൊടുക്കണമെന്ന് എനിക്കറിയില്ല. നല്ല പടങ്ങള്‍ ചെയ്ത് മാത്രമേ എനിക്കത് സാധിക്കുകയുള്ളൂ. ബോംബെയില്‍ സ്ഥിരതാമസമാക്കിയതുകൊണ്ടുതന്നെ സിനിമയില്‍ ഇപ്പോഴുണ്ടാകുന്ന സ്റ്റാറ്റസോ സ്റ്റാര്‍ഡമോ ഒന്നും ഇപ്പോള്‍ എന്റെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമല്ല. ആളുകള്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നതുതന്നെ.

ആളുകളുടെ പിന്തുണയില്‍ ഞാനും വളരെ എക്‌സൈറ്റഡാണ്. പൊതുവെ സിനിമയെ വ്യക്തിപരമായി പ്രൊമോട്ട് ചെയ്യുന്നത് ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. അതൊക്കെ പ്രേക്ഷകരുടെ അഭിപ്രായത്തിന് വിടാനാണ് എനിക്കിഷ്ടം. സിനിമ കണ്ടിട്ട് ആളുകള്‍ക്ക് എന്താണോ തോന്നുന്നത്, അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം. പ്രൊമോഷനൊക്കെ ചെയ്യുമ്പോള്‍ ആളുകളുടെ പ്രതീക്ഷയും കൂടുതലായിരിക്കും. ആ പ്രതീക്ഷിക്കൊത്ത് നമ്മള്‍ എത്തിയിട്ടുണ്ടോ എന്ന പേടി എനിക്കെപ്പോഴുമുണ്ട്. പ്രത്യേകിച്ചും വലിയ സിനിമകളാകുമ്പോള്‍ ഈ പ്രതീക്ഷയുടെ തോത് ഉയരും.

മഹേഷ് നാരായണന്‍- ഫഹദ് കൂട്ടുകെട്ടിലെത്തുന്ന ‘ഷെര്‍ലോക്കി’ലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടല്ലോ.

‘ഷെര്‍ലോക്ക്’ ഷൂട്ടിങ് തുടങ്ങിയിട്ടില്ല. അതില്‍ ഞാന്‍ വളരെ വളരെ എക്‌സൈറ്റഡാണ്. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടി. അതില്‍ ഞാന്‍ കുറച്ച് നെര്‍വസ് കൂടിയാണ്. ഫഹദിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ടി’ല്‍ അഭിനയിക്കുമ്പോള്‍ അതിലേ ഓടി നടന്ന പയ്യനാണ്. ഈ സിനിമ ഫാസില്‍ അങ്കിളിനുള്ള എന്റെ സമര്‍പ്പണമായിരിക്കുമെന്ന് ഞാന്‍ ഷാനുവിനോട് (ഫഹദ്) പറയുകയും ചെയ്തു. ഫാസില്‍ അങ്കിളിന് ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു പടം ഷാനുവുമൊന്നിച്ച് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഷാനുവും വളരെയധികം എക്‌സൈറ്റഡാണ്. മഹേഷ് ചോദിച്ചയുടനേ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ സമ്മതം നല്‍കുകയായിരുന്നു. ആദ്യ ചിത്രം മുതലേ ഫാസില്‍ അങ്കിളിനോട് എനിക്ക് വലിയ സ്‌നേഹമാണ്. തിരിച്ചും അങ്ങനെത്തന്നെ.

ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങണമെന്ന് കരുതിയിരുന്നു. കൊവിഡ് കാരണം അത് നടക്കുമോ എന്നറിയില്ല. പിന്നെ ഫഹദിന്റെ വേറൊരു സിനിമ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ പടങ്ങളും ഷൂട്ടിങിലാണ്. അതിനിടയില്‍ ഒമിക്രോണും വന്നു. അതുകൊണ്ടുള്ള അനിശ്ചിതത്വത്തിലാണ്.

തെലുങ്കില്‍ നസ്രിയക്കൊപ്പം

അതിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി. അത് നല്ലൊരു അനുഭവമായിരുന്നു. നല്ലൊരു ടീമായിരുന്നു അത്. നസ്രിയയും ഞാനും നല്ല കൂട്ടായിരുന്നു. എന്റെ ടെക്‌നോളജി കോച്ചാണ് നസ്രിയ. കൊവിഡ് തുടങ്ങിയതും സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാന്‍ നല്ല വശമില്ലാതെ ഞാന്‍ മടുത്തുപോയിരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ നസ്രിയയോടാണ് ചോദിക്കുക. എന്റെ പോസ്റ്റ് എന്തെങ്കിലും കാണുമ്പോള്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം എന്ന് പറഞ്ഞ് നസ്രിയ എന്നെ കളിയാക്കും.

1985ല്‍ തുടങ്ങിയ അഭിനയ ജീവിതത്തിന് വിവാഹത്തോടെ ചെറിയ ബ്രേക്കിട്ടു. പിന്നീട് തമിഴിലൂടെ തിരിച്ചെത്തി ഇപ്പോള്‍ തെലുങ്കിലും മലയാളത്തിലും സജീവമായി. എങ്ങനെയാണ് ഈ യാത്രയെ കാണുന്നത്?

കുറേ കാലത്തിന് ശേഷമാണ് ഞാന്‍ ഇപ്പോള്‍ ഒരു തമിഴ് സിനിമ ചെയ്യുന്നത്. തമിഴിലുള്ള എന്റെ പ്രേക്ഷകരെ സംബധിച്ചിടത്തോളം എന്റെ മടങ്ങിവരവാണ്. എന്റെ ഏത് പടം വരുമ്പോഴും മടങ്ങി വരവ്… മടങ്ങി വരവ് എന്നാണ് പറയാറുള്ളത്. ഇതുപോലെ കം ബാക്ക് ഹിസ്റ്ററിയുള്ള വേറെ ആര്‍ട്ടിസ്റ്റ് ഉണ്ടാവില്ല (ചിരിക്കുന്നു). എല്ലാം ഭാഗ്യമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. എനിക്ക് ആവശ്യമെന്ന് തോന്നിയപ്പോള്‍ ഞാനൊരു ബ്രേക്ക് എടുത്തു. പിന്നെ പടങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ കുറച്ചെണ്ണം ചെയ്തു. അന്ന് കുട്ടികള്‍ ചെറുതായിരുന്നു. ഇപ്പോള്‍ അവരൊക്കെ വലുതായി. ഇപ്പോള്‍ സിനിമകള്‍ ചെയ്യാനുള്ള സമയവും ആരോഗ്യവും എനിക്കുണ്ട്. ഞാന്‍ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ഒരിക്കലും കരുതിയതായിരുന്നില്ല. സിനിമ ഞാന്‍ വിട്ടിരുന്നു. ജീവിതത്തിന്റെ മറ്റൊരു ഏടിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. തിരിച്ച് വരുമെന്നോ ആളുകള്‍ സ്വീകരിക്കുമെന്നോ ഞാന്‍ കരുതിയിരുന്നില്ല. തിരിച്ചുവരവില്‍ നല്ല സിനിമകളും അവസരങ്ങളും ഒപ്പം കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല ആളുകളെയും കിട്ടി. ഇതൊരു ഭാഗ്യം തന്നെയാണ്.

അതിനിടയില്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

ശരണ്‍ വേണുഗോപാലിന്റെ ‘പാതിരാ സ്വപ്‌നം പോലെ എന്ന പടം’. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവരുടെ അവസാന വര്‍ഷ പ്രൊജക്ടായിരുന്നു അത്. അവര്‍ പെട്ടെന്ന് വന്ന് പറഞ്ഞ കഥയാണ്. എന്റെടുത്ത് അവര്‍ വന്ന് കഥപറഞ്ഞതൊക്കെ ഒരു പരുങ്ങലോടെയായിരുന്നു. ‘എങ്ങനെ ചോദിക്കണമെന്ന് അറിയില്ല, പറ്റില്ലെങ്കില്‍ അത് തുറന്നുപറയാം, പക്ഷേ, നിങ്ങളെ മനസില്‍ കണ്ടാണ് ഈ കഥയെഴുതിയതെന്ന്’ എന്നൊക്കെ അവരെന്നോട് പറഞ്ഞു. യുവാക്കളായ ആളുകള്‍ ഒരു ഐഡിയയുമായി മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. നല്ല ഓര്‍ഗനൈസ്ഡ് ആയ പിള്ളേരായിരുന്നു അവര്‍. അതിന് മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കഷ്ടപ്പെട്ട് പണിയെടുത്തിട്ട് അവര്‍ക്ക് അവാര്‍ഡ് കിട്ടി എന്നതും എന്നെ വളരെ സന്തോഷിപ്പിച്ചു.

കൊവിഡ് ലോക്ഡൗണുകള്‍ക്കിടെ തിയേറ്ററുകള്‍ അടച്ചിട്ടെങ്കിലും മലയാള സിനിമ വലിയ മാറ്റങ്ങളോടെ സജീവമായിരുന്നു. മികച്ച ഒരുപാട് ചിത്രങ്ങളെത്തി. മുമ്പ് ഇവിടെ സജീവമായിരുന്ന ഒരാള്‍ എന്ന നിലയില്‍ ഈ മാറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്?

നല്ല മാറ്റമാണ് മലയാളത്തില്‍ ഉണ്ടായിരിക്കുന്നത്. മലയാളം സിനിമകള്‍ കാണാറില്ലാത്ത ആളായിരുന്നു എന്റെ ഭര്‍ത്താവ്. അദ്ദേഹം മഹാരാഷ്ട്രക്കാരനാണ്. അതുകൊണ്ട് ഞങ്ങള്‍ കൂടുതലും ഹിന്ദി പടങ്ങളാണ് കണ്ടുകൊണ്ടിരുന്നത്. താങ്ക്‌സ് ടു കൊവിഡ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ ഞങ്ങള്‍ കുടുംബ സമേതം ഒരുപാട് മലയാള സിനിമകള്‍ കണ്ടു. എത്രനല്ല ചിത്രങ്ങളാണ് മലയാളത്തില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാളം സംവിധായകരുടെയും അഭിനേതാക്കളുടെയും റേഞ്ച് തന്നെ വേറെ ലെവലായി. പുതിയ പുതിയ കഥകളും പുതിയ തിരക്കഥാകൃത്തുകളും പുതിയ അഭിനേതാക്കളും സംവിധായകരും. അമേസിങ്.

നമ്മളെന്തിനാണ് കൊറിയന്‍ ഡയറക്ടേഴ്‌സിനെയും മറ്റുമൊക്കെ എടുത്തുപറയുന്നത്, നമുക്ക് മലയാളം സംവിധായകരെക്കുറിച്ച് പറയാമല്ലോ എന്ന് ഞങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളു. അത്ര നല്ല പടങ്ങളാണ് വരുന്നത്. ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോഴാണ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെത്തന്നെ കുറച്ചുകൂടി നന്നാക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നത്. സംവിധായകര്‍ സന്ദര്‍ഭം പറഞ്ഞുകൊടുക്കുന്നതിലും ആര്‍ട്ടിസ്റ്റുകള്‍ അത് ഉള്‍ക്കൊള്ളുന്നതിലുമടക്കം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എനിക്ക് വലിയ പാഠമാണ് ഇതെല്ലാം. ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്യുന്നുമുണ്ട്.

ഇനി വരാനുള്ള സിനിമകള്‍?

കൊവിഡിന്റെ സമയത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അഞ്ച് പടം ചെയ്തു. കിരണ്‍ സംവിധാനം ചെയ്യുന്ന ‘ഖനി’, വിവേക് അത്രേയയുടെ ‘അണ്ടേ സുന്ദരാനികി’, എന്‍ ലിംഗുസാമിയുടെ ദ്വിഭാഷാ ചിത്രം തുടങ്ങിയവയാണ് തെലുങ്കില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. അണ്ടേ സുന്ദരാനികിയിലാണ് നസ്രിയയും നാനിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. മറ്റൊരു മലയാളം സിനിമയെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്.

UPDATES
STORIES