‘മരണം അടുത്തേക്ക് വരുന്നത് ഇര്‍ഫാന്‍ ഖാന്‍ സ്വാഗതപൂര്‍വ്വം നോക്കി നിന്നു’; നസീറുദ്ദീന്‍ ഷാ

ഇര്‍ഫാന്‍ ഖാന്‍ തന്റെ മരണം രണ്ട് വര്‍ഷം മുന്‍പേ മുന്‍കൂട്ടി കണ്ടിരുന്നെന്ന് നസീറുദ്ദീന്‍ ഷാ. താന്‍ മരിക്കാന്‍ പോകുകയാണെന്ന് മനസിലാക്കിയ ഇര്‍ഫാന്‍ മരണം അടുത്ത് വരുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് മുതിര്‍ന്ന നടന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നസീറുദ്ദീന്‍ ഷാ ഇര്‍ഫാന്റെ അവസാനകാലത്ത് താന്‍ നടത്തിയ സംഭാഷണങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞത്.

‘അസാധാരണമായ ഒന്നായിരുന്നു അത്. അങ്ങനെ സംഭവിക്കാന്‍ പോകുകയാണെന്ന കാര്യം ഇര്‍ഫാന് രണ്ട് വര്‍ഷമായി അറിയാമായിരുന്നു. പല തവണ ഞാന്‍ ഇര്‍ഫാനുമായി ഫോണില്‍ സംസാരിച്ചു. ഇര്‍ഫാന്‍ ലണ്ടനിലെ ആശുപത്രിയിലായിരുന്ന സമയത്ത് പോലും വിളിച്ചു. അതിശയിപ്പിക്കുന്ന തരത്തിലാണ് ഇര്‍ഫാന്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്തത്. അതൊരു യഥാര്‍ത്ഥ പാഠമാണ്.’ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞ വാക്കുകളും നസീറുദ്ദീന്‍ ഷാ ഓര്‍ത്തെടുത്തു.

മരണം എന്റെ അടുക്കലേക്ക് വരുന്നത് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എത്ര ആളുകള്‍ക്ക് ഈ അവസരം ലഭിക്കും?

ഇര്‍ഫാന്‍ ഖാന്‍

കാലന്‍ നേരെ നടന്നുവരുമ്പോള്‍ ഏതാണ്ട് സ്വാഗതം ചെയ്യുന്ന തരത്തിലായിരുന്നു ഇര്‍ഫാന്റെ സമീപനമെന്നും ഷാ ചൂണ്ടിക്കാട്ടി. ഇര്‍ഫാന്റെ മരണം തീര്‍ച്ചയായും ഒരു വലിയ നഷ്ടം തന്നെയാണ്. പക്ഷെ, അത് നമ്മുടെ കൈയില്‍ ആയിരുന്നില്ല. ശരീരമെന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകല്‍ മാത്രമാണത്. അതില്‍ ആര്‍ക്കും നിയന്ത്രണമില്ലെന്നും നസീറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

നസീറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍

ഉദരഭാഗങ്ങളില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് 2020 ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചത്. 56 വയസ് മാത്രമായിരുന്നു പ്രായം. അവസാന നിമിഷം വരെ നടന്‍ ന്യൂറോഎന്‍ഡോക്രൈന്‍ ക്യാന്‍സര്‍ എന്ന അപൂര്‍വ്വ രോഗത്തോട് പൊരുതി. ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍ ഉദ്ദ’മില്‍ വിക്കി കൗശല്‍ ചെയ്ത ടൈറ്റില്‍ റോള്‍ ഇര്‍ഫാന്‍ ഖാന് വേണ്ടിയുള്ളതായിരുന്നു. ഉദ്ദം സിങ്ങിന്റെ കഥാപാത്രം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇര്‍ഫാന്‍ ഖാന്‍ പിന്മാറുകയാണുണ്ടായത്.

മൂന്ന് പതിറ്റാണ്ട് നീണ്ട കരിയര്‍ പകുതിയോളം പിന്നിട്ട ശേഷമാണ് ഇര്‍ഫാന് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ ഇര്‍ഫാന്‍ ഖാന്‍ ചലച്ചിത്ര സ്‌നേഹികള്‍ക്ക് സമ്മാനിച്ചു. ഹാസില്‍, ദ നെയിംസേക്, ലൈഫ് ഇന്‍ എ മെട്രോ, പാന്‍ സിങ് തൊമാര്‍, ലഞ്ച് ബോക്‌സ്, ഹിന്ദി മീഡിയം, അംഗ്രേസി മീഡിയം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഇപ്പോഴും പ്രശംസിക്കപ്പെടുന്നു.

UPDATES
STORIES