തൊഴിലും വ്യക്തിബന്ധങ്ങളും പണയംവച്ച് ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയം: റിമ കല്ലിങ്കൽ

കേരളത്തിലെ സിനിമ സെറ്റുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ വേണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നടിയും നിര്‍മാതാവും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍. തങ്ങളുടെ തൊഴിലും വ്യക്തിബന്ധങ്ങളും പണയംവച്ച് നടത്തിയ വലിയൊരു പോരാട്ടത്തിന്‌റെ വിജയമാണ് ഇതെന്ന് റിമ സൗത്ത്‌റാപ്പ് മലയാളത്തോട് പ്രതികരിച്ചു.

റിമയുടെ വാക്കുകള്‍:

ഇതൊരു വലിയ വിജയമാണ്. പക്ഷെ നിയമം എങ്ങനെ നടപ്പാക്കുന്നു എന്നതാണ് ഇനി അറിയേണ്ടത്. തൊഴിലും വ്യക്തി ബന്ധങ്ങളും വില കൊടുക്കേണ്ടി വന്ന, ഞങ്ങളുടെ വളരെ കാലത്തെ ഒരു പോരാട്ടമായിരുന്നു ഇത്. സിനിമ മേഖല ഇതെങ്ങനെ നടപ്പാക്കും എന്നാണ് ഇനി അറിയേണ്ടത്. സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കാനുള്ള ഒരു കാരണമായി ഇതിനെ എടുക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

മുംബൈയിലുള്ള എന്‌റെ ഒരു സഹപ്രവര്‍ത്തകയോട് സംസാരിക്കുകയായിരുന്നു ഞാന്‍. സ്ത്രീകളെ ജോലിക്കെടുക്കാതിരിക്കാന്‍ ഉള്ള ഒരു ഒഴിവുകഴിവായാണ് അവിടുത്തെ പല നിര്‍മാണ കമ്പനികളും ഈ നിയമത്തെ ഉപയോഗപ്പെടുത്തുന്നത് എന്നാണ് അവര്‍ പറഞ്ഞത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഓരോ കാര്യങ്ങളും എങ്ങനെയാണ് പിന്നീട് ഇത്തരത്തില്‍ നെഗറ്റീവായി വരുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. ‘ഒരു പെണ്‍കുട്ടിയെ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം മുറിയും സൗകര്യങ്ങളും നല്‍കേണ്ടി വരും’ എന്ന് പറഞ്ഞ് സ്ത്രീകളായ അസിസ്റ്റന്‌റ് ഡയറക്ടര്‍മാരെ ജോലിക്കെടുക്കാത്തവരെ എനിക്കറിയാം.

മറ്റെന്തിനെക്കാള്‍ കൂടുതല്‍ ആളുകളുടെ മനോഭാവമാണ് മാറേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. ഈ തൊഴിലിടം സ്ത്രീകൾക്ക് കൂടി ഉള്ളതാണെന്ന കൃത്യമായ ഓർമ്മപ്പെടുത്തലാണ് ഹൈക്കോടതി വിധി. അതിനാൽ ഇത് തീർച്ചയായും പ്രതീക്ഷാവഹമാണ്.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് 2018-ല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

‘രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍ മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരെ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. ഒരുപാട് സ്ത്രീകള്‍ ജോലിചെയ്യുന്ന ഇടമാണ് സിനിമ’, ഹൈക്കോടതി വിലയിരുത്തി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന വനിതാകമ്മീഷനെ കക്ഷി ചേര്‍ത്തിരുന്നു. ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം ന്യായമാണെന്നാണ് വനിതാ കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

സിനിമാ രംഗത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ രംഗത്ത് സ്ത്രീകള്‍ക്കുനേരെ വലിയ ചൂഷണമാണ് നടക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പഠിച്ച് നിയമനിര്‍മ്മാണത്തിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

UPDATES
STORIES