ഉണ്ടാകണമെന്ന് മമ്മൂട്ടിയുടെ നിര്‍ബന്ധം; സിബിഐയില്‍ ജഗതി മടങ്ങിയെത്തുമെന്ന് സ്ഥിരീകരണം

സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുമെന്ന് സ്ഥിരീകരണം. വിക്രം എന്ന കഥാപാത്രത്തെത്തന്നെ താരം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ സീരീസുകളിലെ അവിഭാജ്യ ഘടകമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ വിക്രം. സിബിഐ അഞ്ചിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകളും എത്തുന്നത്.

ചിത്രത്തില്‍ ഒരു സീനിലെങ്കിലും നിര്‍ബന്ധമായും ജഗതിയുണ്ടാകണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ കെ മധുവിനും ഇതേ ആഗ്രഹമുണ്ടായിരുന്നു. തുടര്‍ന്നാണ് ജഗതി എത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് തിരുവനന്തപുരത്തെ വീട്ടില്‍വെച്ചുതന്നെ ജഗതി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് തീരുമാനം.

വാഹനാപകടത്തില്‍ പരിക്കേറ്റതിന് ശേഷം ജഗതി ഒരു പരസ്യചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്. സിബിഐ അഞ്ച് പ്രഖ്യാപിച്ചതുമുതല്‍ മുന്‍ഭാഗങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിക്രത്തെ മികവുറ്റതാക്കിയ ജഗതി എത്തുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു.

മുകേഷ്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി തുടങ്ങിയവരും അഞ്ചാം ഭാഗത്തില്‍ വേഷമിടുന്നുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു സീരീസിലെ ആദ്യ ചിത്രം. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവ പിന്നാലെയെത്തി. എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയായിരുന്നു സംവിധാനം ചെയ്തത്. അഞ്ചാം സിബിഐയും ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടില്‍ത്തന്നെയാണ്.

സര്‍ഗചിത്ര ഫിലിംസിന്റെ ബാനറില്‍ സര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മാണത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടി നായകനായ വേഷമാണ് അദ്ദേഹം അവസാനമായി നിര്‍മ്മിച്ച ചിത്രം.

അഖില്‍ ജോര്‍ജാണ് സിബിഐ അഞ്ചിലെ ഛായാഗ്രാഹകന്‍. സംഗീതം ജേക്‌സ് ബിജോയ്. ഇതുവരെയുള്ള ചിത്രങ്ങള്‍ക്ക് ശ്യാം ആയിരുന്നു സംഗീതമൊരുക്കിയിരുന്നത്. കാക്കനാടുള്ള നിലവിലത്തെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തിയതിന്റെ വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

UPDATES
STORIES