ഷോഷാങ്ക് റിഡംഷനെയും പിന്തള്ളി ജയ് ഭീം; ഐഎംഡിബിയുടെ ലോക റേറ്റിങ്ങില്‍ ഒന്നാമത്

മികച്ച പ്രേക്ഷക പ്രശംസകള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമൊപ്പം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്ന് ടി.ജെ ജ്ഞാനവേല്‍ ചിത്രം ജയ് ഭീം. ലോക സിനിമകളെ റേറ്റ് ചെയ്യുന്ന ഐഎംഡിബി വെബ്‌സൈറ്റിന്റെ റേറ്റിങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം. ഹോളിവുഡ് ക്രൈം ത്രില്ലര്‍ ഷോഷാങ്ക് റിഡംഷനെ പിന്തള്ളിയാണ് ജയ് ഭീമിന്റെ മുന്നേറ്റം.

ജയ് ഭീമിന് 9.6 റേറ്റിങാണ് ഐഎംഡിബി നല്‍കിയിരിക്കുന്നത്. ഷോഷാങ് റിഡംഷന്റേത് 9.3-ഉം. ദ ഗോഡ് ഫാദര്‍, ദ ഡാര്‍ക്ക് നൈറ്റ് എന്നിവ തൊട്ടുപിന്നിലായുണ്ട്. ആദ്യമായാണ് ഒരു തമിഴ് ചിത്രം ഐഎംഡിബി റേറ്റിങില്‍ ഒന്നാമതെത്തുന്നത്.

ജാതിയുടെ രാഷ്ട്രീയവും വിവേചനവുമാണ് ജയ് ഭീം ചര്‍ച്ച ചെയ്യുന്നത്. 1995ല്‍ തമിഴ്‌നാട്ടിലെ കടലൂരില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. അഭിഭാഷകനും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുകളാണ് ചിത്രത്തിലുടനീളം. ജസ്റ്റിസ് ചന്ദ്രുവായുള്ള സൂര്യയുടെ അഭിനയം നടന്റെ കരിയറിലെ തന്നെ മികച്ച വേഷമായാണ് വിലയിരുത്തപ്പെടുന്നത്.

ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന ജയ് ഭീം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

UPDATES
STORIES