പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തീർത്തും പ്രൊഷണലായ നടന്മാരാണെന്നും രണ്ടുപേരുടേയും ശൈലികൾ വ്യത്യസ്തമാണെന്നും ‘ജനഗണമന’ സംവിധായകന് ഡിജോ ആന്റണി. ഒരു ഷോട്ട് തീർന്നാലും ലൊക്കേഷനിൽ തന്നെ ഇരിക്കുന്ന സ്വഭാവക്കാനാണ് സുരാജ് എങ്കിൽ, സിനിമയുടെ ലൊക്കേഷനില്‍ വന്ന് തന്റെ ഷോട്ട് പൂര്‍ത്തിയാക്കിയാല്‍ തിരിച്ച് കാരവനില്‍ പോയിരിക്കുന്ന സ്വഭാവക്കാരനാണ് പൃഥ്വിരാജ് എന്നും ഡിജോ ജോസ് ആന്റണി പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നീ നടന്മാരെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
“രണ്ടുപേര്‍ക്കും വ്യത്യസ്തമായ ശൈലികളുണ്ട്. സുരാജ് വെഞ്ഞാറമൂട് ഷോട്ട് എടുക്കുന്ന സമയം മുഴുവന്‍ എനിക്കൊപ്പം ഉണ്ടാകും. ചില പ്രത്യേക സീനുകള്‍ എങ്ങനെ ചെയ്യണം എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരിക്കും. ഷോട്ട് കഴിഞ്ഞാലും ചിലപ്പോള്‍ തമാശ പറഞ്ഞ് അദ്ദേഹം എനിക്കൊപ്പമിരിക്കും. ആ ശൈലി ഞാന്‍ ആസ്വദിക്കാറുണ്ട്. അതേസമയം, പൃഥ്വിരാജ് ലൊക്കേഷനിലേക്ക് വരും, അദ്ദേഹത്തിന്റെ ഷോട്ട് തീര്‍ന്നാല്‍ കാരവനില്‍ പോയിരിക്കും,” ഡിജോ പറഞ്ഞു.
“ഞാന്‍ ആവശ്യപ്പെടുകയാണെങ്കില് എത്ര തവണ വേണമെങ്കിലും ഒരു സീന്‍ എടുക്കാന്‍ രണ്ടുപേരും തയ്യാറാണ്. രണ്ടുപേരും നല്ല പ്രൊഫഷണലുകളാണ്. പക്ഷെ രണ്ടുപേരുടേയും സമീപനം വ്യത്യസ്തമാണ്. ട്രെയിലറിലെ ബോംബ് സ്ഫോടനത്തിന്റെ സീന്‍ സിംഗിള്‍ ഷോട്ടായിരുന്നു. അത് വളരെ പെര്‍ഫെക്ട് ആയി വന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാം. പക്ഷെ അത് കഴിഞ്ഞതും പൃഥ്വി ചോദിച്ചു ‘എല്ലാം ഓക്കെ അല്ലേ? ഞാന്‍ പൊക്കോട്ടെ?’ എന്ന്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വീന്‍ എന്ന ക്യാംപസ് ചിത്രം പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് ഡിജോ ജോസ് ആന്റണി തന്റെ അടുത്ത ചിത്രവുമായി എത്തുന്നത്. ആദ്യ ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. ക്യാംപസ് ചിത്രമായിരുന്നെങ്കിലും ലിംഗ സമത്വത്തെ കുറിച്ചും സംസാരിക്കുന്ന സിനിമയായിരുന്നു ക്വീന്‍. എന്നാല്‍ താന്‍ സിനിമയെടുക്കുന്നത് തന്റെ രാഷ്ട്രീയ നിലപാട് വില്‍ക്കാനല്ല എന്നും ഡിജോ ജോസ് പറയുന്നു.