ഒന്നര മാസത്തെ ഇടവെളയ്ക്കുശേഷം തിയറ്ററുകളിലേക്ക് മടങ്ങാനൊരുങ്ങി മലയാള സിനിമ. മാര്‍ച്ച് ആദ്യവാരത്തില്‍ റിലീസിനെത്തിയ ഭീഷ്മപർവ്വത്തിനും പടയ്ക്കും ശേഷം റംസാന് നോമ്പുകാലത്ത് ഇടവേളയിലായിരുന്നു ബിഗ് സ്ക്രീന്‍ പെരുന്നാള്‍ ചിത്രങ്ങള്‍ക്കായി വീണ്ടും സജീവമാകുകയാണ്. പ്രേക്ഷക പ്രതീക്ഷയുടെ ഭാരം ഏറെയുള്ള മൂന്ന് സൂപ്പർസ്റ്റാർ ചിത്രങ്ങളാണ് ഈ ആഴ്ച തിയറ്ററിലെത്തുന്നത്- ജന ഗണ മന, മകള്‍, സിബിഐ 5: ദ ബ്രയിന്‍.
ജന ഗണ മന
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജന ഗണ മനയാണ് ആദ്യ റിലീസ്. നാളെ ഏപ്രില്‍ 28 നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ക്വീന്‍ സംവിധായകന് ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിർമ്മാണം. 2021 ജനുവരിയില്‍ പുറത്തുവന്ന പ്രമോ മുതല്‍ അടുത്ത കാലത്ത് പുറത്തുവന്ന ടീസറിലൂടെയും ട്രയിലറിലൂടെയും പ്രേക്ഷകരുടെ ആകാംഷ ഉയർത്തിയിട്ടുണ്ട് ചിത്രം. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു.
മകള്‍
സത്യന് അന്തിക്കാട് – ജയറാം – മീരാ ജാസ്മിന് കൂട്ടുകെട്ട് ഒന്നിക്കുന്ന മകള്‍ ഏപ്രില്‍ 29 വെള്ളിയാഴ്ചയാണ് റിലീസിനെത്തുന്നത്. 12 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമുണ്ടാകുന്ന സത്യന് അന്തിക്കാട് – ജയറാം ചിത്രം, ആറുവര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള മീരാ ജാസ്മിന്റെ തിരിച്ചുവരവ് എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് മകള്‍. ഫാമിലി ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. സെന്‍ട്രല്‍ പിക്സചേഴ്സാണ് നിർമ്മാണം.
സിബിഐ 5: ദ ബ്രയിന്‍
‘സേതുരാമയ്യര്‍ സിബിഐ’ എന്ന ഐക്കോണിക് കഥാപാത്രത്തിന്റെ അഞ്ചാം വരവായ സിബിഐ 5: ദ ബ്രയിന്‍ മെയ് ഒന്നിന് ഞായറാഴ്ച റിലീസാണ്. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സ്വർഗചിത്ര ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. 17 വർഷങ്ങള്‍ക്കുശേഷം താരങ്ങളും അണിയറ പ്രവർത്തകരും ഒന്നിക്കുന്ന സിബിഐ സീരീസിലെ അടുത്ത ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വാഹനാപകടത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാറിന്റെ വിക്രം ആയിട്ടുള്ള തിരിച്ചുവരവും ചിത്രത്തിന്റെ പ്രത്യേകതയാണ്.
കാതുവാക്കിലെ രണ്ടു കാതല്‍
ഈ മറുഭാഷകളില്‍ നിന്ന് മലയാളി പ്രേക്ഷകരിലേക്കെത്തുന്ന തിയറ്റർ റിലീസുകളില്‍ ഒന്നായ കാതുവാക്കിലെ രണ്ടു കാതല്‍ ഏപ്രില്‍ 28 ന് ബിഗ് സ്ക്രീനിലെത്തും. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ത്രികോണ പ്രണയ കഥയാണെന്നാണ് സൂചന. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും, റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേർന്നാണ് നിർമ്മാണം.
ഹീറോ പന്തി 2
ഏപ്രില്‍ 28 നാണ് ബോളിവുഡ് ചിത്രം ‘ഹീറോപന്തി 2’ റിലീസിനെത്തുന്നത്. ടെെഗർ ഷെറോഫ് നായകനായെത്തുന്ന ചിത്രം 2014-ല്‍ റിലീസായ ഹീറോപന്തിയുടെ രണ്ടാം ഭാഗമാണ്. നദിയാദ്വാല ഗ്രാൻഡ്സൺ എന്റർടൈൻമെന്റും എഎ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന് അഹമ്മദ് ഖാനാണ്. റഷ്യയില്‍ രഹസ്യദൗത്യത്തിന് പോകുന്ന നായകന് അവിടെ എതിരാളികളുടെ സംഘത്തില്‍ അകപ്പെടുന്നതാണ് പ്ലോട്ട്.