പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഡിജോ ജോസ് ആന്റണി ചിത്രം ‘ജന ഗണ മന’യുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുമായി നടന് പൃഥ്വിരാജ്. റിലീസിന് ഒരു മാസം മാത്രം ശേഷിക്കവെ രണ്ട് ഭാഗങ്ങളായി ആയിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്ന് പൃഥ്വിരാജ് അറിയിച്ചു. പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെ ഒരു കോളേജില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെളിപ്പെടുത്തല്‍.
‘ജന ഗണ മന’ രണ്ട് ഭാഗങ്ങളുള്ള സീക്ക്വല്‍ ചിത്രമായിരിക്കുമെന്നും നിലവില്‍ പുറത്തുവിട്ട ടീസറിലേത് രണ്ടാം ഭാഗത്തില്‍ നിന്നുള്ള രംഗങ്ങളാണെന്നും പൃഥ്വിരാജ് പറഞ്ഞു. മാര്‍ച്ച് 30 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരാനിരിക്കെ ട്രയിലറിലും രണ്ടാംഭാഗത്തില്‍ നിന്നുള്ള രംഗങ്ങളായിരിക്കും ഉണ്ടാകുക. സമകാലിക കാലഘട്ടം പശ്ചാത്തലമാക്കിയുള്ള രണ്ടാം ഭാഗത്തിന്റെ ഫ്ളാഷ് ബാക്കാണ് ആദ്യഭാഗമെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും നേര്‍ക്കുനേരെത്തുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പൊലീസ് വേഷത്തിലെത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം പൃഥ്വിരാജിന്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പുറത്തുവിട്ട ടീസറിലുള്ളത്. ഡ്രൈവിംഗ് ലൈസന്‍സിനുശേഷം രണ്ട് താരങ്ങളും മുഖാമുഖമെത്തിയ ടീസറിലെ രംഗങ്ങള്‍ നിരവധി ചര്‍ച്ചകളിലേക്കും കടന്നിരുന്നു.
‘ക്യൂന്‍’ ഡയറക്ടര്‍ ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ‘ജന ഗണ മന’ നിര്‍മ്മിക്കുന്നത്. മമ്ത മോഹന്‍ദാസ്, സിദ്ദീഖ്, വിന്‍സി അലോഷ്യസ്, ശാരി, ശ്രീദിവ്യ, ദ്രുവന്‍, ആനന്ദ് ബാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം എപ്രില്‍ 28 ന് തിയറ്ററുകളിലെത്തും.