‘ഗംഗയുടെ തീരത്തുപോയി അവര്‍ക്കുവേണ്ടി ബലികര്‍മ്മം ചെയ്തതുപോലെ’; സഹപ്രവര്‍ത്തകരുടെ വിയോഗത്തില്‍ വികാരാധീനനായി ജനാര്‍ദ്ദനന്‍

അന്തരിച്ച ചലച്ചിത്ര കലാകാരന്മാരുടെ സ്മരണാര്‍ത്ഥം റീജിയണല്‍ ഐഎഫ്എഫ്‌കെയുടെ കൊച്ചിയിലെ വേദിയില്‍ നടത്തിയ പരിപാടിയില്‍ വികാരാധീനനായി നടന്‍ ജനാര്‍ദ്ദനന്‍. സമീപകാലത്തായി മരണമടഞ്ഞ കലാകാരന്മാരുടെ ചിത്രത്തിന് മുമ്പില്‍ വിളക്കുകൊളുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ചവര്‍ക്കായുള്ള ബലികര്‍മ്മമെന്നവണ്ണമാണ് താന്‍ പരിപാടിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മളെ വിട്ടുപോയ ആളുകളെക്കുറിച്ചും അവരുടെ സൃഷ്ടികളെക്കുറിച്ചും സ്മരിക്കുകയല്ലാതെ ഇനിയെന്ത് ചെയ്യാനാണ്? എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ എനിക്ക് ആദ്യം തോന്നിയത് ഒരു ബലികര്‍മ്മമാണ്. എന്റെ കടമയാണത് എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നതുപോലെ തോന്നി. ഈ വിളക്കുകൊളുത്തിയപ്പോള്‍ അവര്‍ക്കുവേണ്ടി ഞാന്‍ ഗംഗയുടെ തീരത്തുപോയി അവര്‍ക്കുവേണ്ടി ബലികര്‍മ്മം ചെയ്തതുപോലെയൊരു സന്തോഷമുണ്ടായി. അതുകൊണ്ടാണ് ഞാന്‍ ഓടിവന്നത്. ഓരോരുത്തരെപ്പറ്റിയും പറയുകയാണെങ്കില്‍ എനിക്ക് വ്യക്തിപരമായ ഒരുപാട് അനുഭവങ്ങളുണ്ട്. സേതുമാധവന്‍ സാറാണ് ആദ്യത്തെ കഥ എന്ന ചിത്രത്തില്‍ ആദ്യമായി എനിക്കൊരു വേഷം തന്നത്. മരിക്കുന്നതിന് മുമ്പുവരെയും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മറ്റുള്ളവരെപ്പറ്റി ഞാന്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. വീണ്ടും വീണ്ടും ലളിതയെപ്പറ്റിയും വേണുവിനെപ്പറ്റിയും പറഞ്ഞുകഴിഞ്ഞാല്‍ ഹൃദയവേദനയുണ്ടാകുമെന്നല്ലാതെ പോയവരെ തിരിച്ചുവിളിക്കാനാവില്ലല്ലോ. ഈ ചടങ്ങ് ഇവിടെ നടത്തിയ ഭാരവാഹികളെ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും നല്ല ആശംസകള്‍ നേരുന്നു. നമ്മളെ വിട്ടുപോയ ആത്മാക്കള്‍ക്ക് സ്വര്‍ഗത്തില്‍ സിംഹാസനം തന്നെ കിട്ടാന്‍വേണ്ടി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു’, ജനാര്‍ദ്ദനന്‍ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചടങ്ങുകളില്‍ ഏറെ വിഷമം തോന്നുന്ന ഒന്നുതന്നെയാണ് പരിപാടിയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. സംവിധായകന്‍ ജോഷിയും പരിപാടിയില്‍ പങ്കെടുത്തു. ബംഗാളി സംവിധായകന്‍ ബുദ്ധ ദേവ്ദാസ് ഗുപ്ത, മലയാളി സംവിധായകന്‍ കെ.എസ് സേതുമാധവന്‍, സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഡെന്നിസ് ജോസഫ്, ഗായിക ലതാമങ്കേഷ്‌കര്‍, അഭിനേതാക്കളായിരുന്ന കെപിഎസി ലളിത, നെടുമുടി വേണു, പി ബാലചന്ദ്രന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ദിലീപ് കുമാര്‍ എന്നിവരെ സ്മരിച്ചുകൊണ്ടായിരുന്നു പരിപാടി.

ഏപ്രില്‍ ഒന്നിന് സരിത തിയേറ്ററില്‍ നടന്‍ മോഹന്‍ലാലാണ് ആര്‍ഐഎഫ്എഫ്‌കെ ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ മുഖ്യാതിഥിയായി. ഏപ്രില്‍ 1 മുതല്‍ 5 വരെയാണ് മേള. സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് എന്നിങ്ങനെ 26ാമത് ഐഎഫ്എഫ്കെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 68 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

UPDATES
STORIES