ധാക്കാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ജയസൂര്യ; നേടിയത് സൗത്ത് ഏഷ്യയിലെ വിലപിടിപ്പുള്ള പുരസ്‌കാരം

ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട് ജയസൂര്യ. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലെത്തിയ ‘സണ്ണി’യിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് താരം നേട്ടം കരസ്തമാക്കിയിരിക്കു്‌നനത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരം കൂടിയാണിത്.

കൊവിഡ് സാഹചര്യമായതിനാല്‍ ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും പുരസ്‌കാര ചടങ്ങില്‍ നേരിട്ടെത്താന്‍ സാധിച്ചില്ല. ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ നൂറാമത്തെ ചിത്രമാണ് സണ്ണി. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച തമിഴ് ചിത്രം കൂഴങ്കലാണ് മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച ഫീച്ചര്‍ സിനിമ. ഡോ ബിജുവിന്റെ ദ പോര്‍ട്രെയ്റ്റ്‌സ്, സിദ്ധാര്‍ത്ഥ് ശിവയുടെ എന്നിവര്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, ഷെരീഫ് ഈസയുടെ ആണ്ടാള്‍ എന്നീ മലയാള ചിത്രങ്ങളും ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മണ്ണും പ്രദര്‍ശന യോഗ്യത നേടി.

ആമസോണ്‍ പ്രൈമിലായിരുന്നു സണ്ണി റിലീസ് ചെയ്തത്. ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന രീതിയായിരുന്നു ചിത്രത്തിന്റേത്. സ്വന്തമായി കരുതിയിരുന്നതെല്ലാം നഷ്ടപ്പെടുന്ന ഒരു മനുഷ്യന്റെ വൈകാരിക തലങ്ങളെയാണ് ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം വരച്ചിട്ടത്.

ചിത്രത്തിന് തിരക്കഥയൊരുക്കിയതും രഞ്ജിത്ത് ശങ്കര്‍ തന്നെയായിരുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

UPDATES
STORIES