ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കൂമന് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ജീത്തു ജോസഫ് പുറത്തിറക്കി. ആദ്യമായാണ് ജീത്തു ജോസഫ്- ആസിഫ് അലി കോമ്പോയില്‍ ഒരു ചിത്രമെത്തുന്നത്.
ദുരൂഹത നിറഞ്ഞ മോഷന്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. കെ.ആര് കൃഷ്ണകുമാറാണ് കൂമന് തിരക്കഥയൊരുക്കുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ട്വല്ത്ത്മാനിന്റെ തിരക്കഥയും കൃഷ്ണകുമാറിന്റേതാണ്.
രണ്‍ജി പണിക്കരും ബാബുരാജും അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ടെന്നാണ് വിവരം. പൊള്ളാച്ചി, മറയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഫെബ്രുവരി 20ന് ഷൂട്ടിങ് ആരംഭിക്കും.
ആല്വിന് ആന്റണിയാണ് കൂമന് നിര്‍മ്മിക്കുന്നത്. വിഷ്ണു ശ്യം സംഗീതവും വിനായക് ശശികുമാര്‍ വരികളും ചിട്ടപ്പെടുത്തിയിരിക്കുന്നു. രാജീവ് കോവിലകത്തിന്റേതാണ് കലാസംവിധാനം.എഡിറ്റര്‍ വിഎസ് വിനായക്. ജീത്തു ജോസഫിന്റെ ഭാര്യയും കോസ്റ്റിയൂം ഡിസൈനറുമായ ലിന്റാ ജീത്തു വസ്ത്രാലങ്കാരം നിര്നഹിക്കുന്നു.
ദൃശ്യം 2 ആണ് ജീത്തുവിന്റെ സംംവിധാനത്തില് ഒടുവിലെത്തിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ട്വല്‍ത്ത് മാന്‍, റാം എന്നീ ചിത്രങ്ങളും ജീത്തു പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോയാണ് ആസിഫിന്റേതായി തിയേറ്ററുകളിലെത്തിയ അവസാനത്തെ ചിത്രം. ആസിഫ് അലിയും മമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.