അച്ഛനും നിര്‍മ്മാതാവുമായ ആര്.ബി ചൗധരിയുമായി ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തമിഴ് നടന് ജീവ. ചരിത്രത്തിന് പ്രധാന്യമേറെയാണെന്ന് അര്‍ത്ഥം വരുന്ന ‘വരളാര് മുഖ്യം’ എന്ന പേരിലാണ് ചിത്രമെത്തുക. സന്തോഷ് രാജനാണ് ‘വരളാര് മുഖ്യം’ ഒരുക്കുന്നത്. ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം.
ജീവയുടെ 37ാം പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെത്തിയിരിക്കുന്നത്. ഫാമിലി എന്റര്‍ടൈനറായിട്ടാണ് ചിത്രമെത്തുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കാശ്മീര പര്‍ദേശി, പ്രഗ്യ നഗ്ര തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി.
2003ല്‍ ‘ആസൈ ആസൈയ്’ ആയിരുന്നു ജീവയെ കേന്ദ്രകഥാമാക്കി ചൗധരി നിര്‍മ്മിച്ച ആദ്യചിത്രം. ജീവ നായക സ്ഥാനത്തേക്കെത്തിയതും ഈ ചിത്രത്തിലൂടെയായിരുന്നു. തിത്തിക്കുദെ, കച്ചേരി ആംഭം, ജില്ല തുടങ്ങിയ ചിത്രങ്ങളിലും അച്ഛനും മകനും ഒരുമിച്ച് ഭാഗമായി. കീര്‍ത്തിചക്ര, കാട്രത് തമിഴ്, റാം, നീ താനേ എന്‍ പൊന്‍വസന്തം തുടങ്ങിയ ചിത്രങ്ങളിലൂടെ ജീവ പിന്നീട് സിനിമാ രംഗത്ത് സജീവമായി.
അമര്‍ ബി ചൗധരിയെന്നാണ് ജീവയുടെ യഥാര്‍ത്ഥ പേര്. സ്പോട്സ് ഡ്രാമ 83യിലൂടെ 2021ല്‍ താരം ഹിന്ദിയിലേക്കും ചുവടുറപ്പിച്ചിട്ടുണ്ട്. 83ലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.