‘തിയേറ്റര്‍ പോലെയല്ല, സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആളുകള്‍ തുടര്‍ന്ന് കാണില്ല’; ഒടിടി കാലത്ത് വെല്ലുവിളികളേറെയെന്ന് ജിസ് ജോയ്

കൊവിഡ് ലോക്ഡൗണുകള്‍ക്കിടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ സിനിമാ സംവിധാനം കൂടുതല്‍ ശ്രമകരമായെന്ന് സംവിധായകന്‍ ജിസ് ജോയ്. ഡിജിറ്റല്‍ ബൂം ഉണ്ടായതോടെ ആളുകള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുന്നത് എളുപ്പമായി. പ്രേക്ഷകരെ അത്രകണ്ട് പിടിച്ചിരുത്തുന്നതല്ല സിനിമയെങ്കില്‍ ചിത്രം തീരുന്നതിന് മുമ്പേ അവരത് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയും നിമിഷങ്ങള്‍ക്കകം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കുകയും ചെയ്യുമെന്നും ജിസ് ജോയ് പറഞ്ഞു. ഇനിയുള്ള കാലം സിനിമയ്ക്ക് വെല്ലുവിളിയേറിയതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സിനിമ കാണുന്ന രീതിയിലുണ്ടായ മാറ്റം അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ജിസ് ജോയ് പറയുന്നു. ‘മഹാമാരിക്ക് മുമ്പും ശേഷവും ആളുകളുടെ സിനിമാസ്വാദനത്തിന് മാറ്റം വന്നിട്ടുണ്ട്. വേഗത്തില്‍ കഥ പറയുന്നത് എളുപ്പം സ്വീകാര്യമാവുന്ന രീതിയാണ് അവര്‍ക്ക് വേണ്ടത്. ഏത് കാണണമെന്ന് തെരഞ്ഞെടുക്കാവുന്ന തരത്തില്‍ ചിത്രങ്ങള്‍ ലഭ്യമാവുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ക്ക് നേരിട്ടെത്താന്‍ കഴിയുന്നു. മുമ്പ് തിയേറ്ററുകളിലായിരുന്നപ്പോള്‍, സിനിമ അവസാനം വരെ കണ്ട് തീര്‍ക്കുക എന്നല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഡിജിറ്റല്‍ യുഗത്തിന്റെ ഈ കാലത്ത് ആളുകള്‍ക്ക് ബോധ്യപ്പെടുന്നതും പിടിച്ചിരുത്തുന്നതുമായ കഥകള്‍ തന്നെ പറയണം. അല്ലെങ്കില്‍ കാണുന്നതിനോട് താല്‍പര്യമുണ്ടാവാത്ത പക്ഷം അവര്‍ സിനിമ പകുതിക്കുവെച്ച് നിര്‍ത്തി അവസാനിപ്പിക്കും,’ ജിസ് ജോയ് വ്യക്തമാക്കി.

‘സിനിമ പൂര്‍ത്തിയാവുന്നതിനും പത്തുമിനുട്ട് മുമ്പേ അതിന്റെ അഭിപ്രായങ്ങള്‍ പുറത്തേക്കുവരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ആളുകള്‍ അവരവരുടെ അഭിപ്രായങ്ങള്‍ അപ്പപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കും. ഈ പ്രതികരണങ്ങളോട് നമുക്ക് ഉത്തരവാദിത്വവും കരുതലുമുണ്ടാവണം. മുമ്പങ്ങനെയായിരുന്നില്ല. നിങ്ങള്‍ക്ക് ഒരു സിനിമ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താല്‍, അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും നിങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരു കൂട്ടത്തിനുള്ളിലായിരുന്നു. ഇന്ന് ഏതെങ്കിലും ഒരാള്‍ക്ക് നമ്മുടെ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ക്കൂടിയും അത് ചിത്രത്തെ അടിമുടി ബാധിക്കും. ആയിരങ്ങള്‍ ആസ്വദിക്കുന്ന മാസ് മീഡിയമാണ് സിനിമ. അവരില്‍ രണ്ടുപേരുടെ നിരൂപണങ്ങള്‍ സ്വാധീനിക്കുന്നത് ഇനി കാണാനുള്ള പതിനായിരങ്ങളെയാണ്. ഭാവിയിലെ സിനിമാ നിര്‍മ്മാണം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോബി-സഞ്ജയ് തിരക്കഥയില്‍ ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി തയ്യാറാക്കുന്ന ചിത്രമാണ് ജിസ് ജോയിയുടേതായി ഇനി വരാനുള്ളത്. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ആസിഫ് അലിക്കൊപ്പം നിമിഷാ സജയന്‍, ആന്റണി വര്‍ഗീസ് തുടങ്ങവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

UPDATES
STORIES