ജോബി ജോര്‍ജ് അഭിമുഖം: കാവലിനെ എന്തിന് ഭയപ്പെടണം?

കൊവിഡ് പ്രതിസന്ധിക്കൊടുവില്‍ വീണ്ടും ഉണര്‍ന്നു വരികയാണ് മലയാള സിനിമാ രംഗം. ജനങ്ങളെ തിയേറ്ററില്‍ തിരിച്ചെത്തിച്ച ‘കുറുപ്പ്’ പ്രദര്‍ശനം തുടരുകയാണ്. ‘ജാന്‍-എ-മന്‍’ അനുവദിക്കപ്പെട്ട 50 ശതമാനം സീറ്റുകളില്‍ ആളെ നിറച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഒരു മുതിര്‍ന്ന സൂപ്പര്‍താരത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത് ‘കാവല്‍’ ആണ്. നീണ്ട കാത്തിരിപ്പിനും വിവാദങ്ങള്‍ക്കൊടുവില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ ഡിസംബര്‍ രണ്ടിനെത്തും. ഒരാഴ്ച്ചത്തെ ഇടവേളയില്‍ രണ്ട് സൂപ്പര്‍താര ചിത്രങ്ങളുടെ ക്ലാഷാണ് നടക്കാന്‍ പോകുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വമ്പന്‍ ഓഫര്‍ നിരസിച്ചുകൊണ്ടും മരക്കാറുമായി നേരിട്ട് മുട്ടുമെന്ന് അറിഞ്ഞുകൊണ്ടും സുരേഷ് ഗോപി ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന നിലപാടാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് സ്വീകരിച്ചത്. തിയേറ്റര്‍ പ്രതിസന്ധിക്കും ഒടിടി റിലീസ് തര്‍ക്കങ്ങള്‍ക്കുമിടെ ഈ തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാവലിന്റെ വിശേഷങ്ങള്‍ക്കൊപ്പം വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി ജോബി ജോര്‍ജ് സൗത്ത്‌റാപ്പിനൊപ്പം.

വലിയ ഇടവേളയ്ക്ക് ശേഷം ഒരു മുതിര്‍ന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം തീയേറ്ററിലെത്തുന്നു. എന്തെല്ലാമാണ് ‘കാവലി’നെ കുറിച്ചുള്ള പ്രതീക്ഷകള്‍?

വ്യക്തിപരമായി എനിക്ക് നല്ലവണ്ണം ഇഷ്ടമായി. ഞാനൊരു സിനിമയെടുത്ത് കഴിയുമ്പോള്‍ സ്വാഭാവികമായും വീട്ടില്‍ എല്ലാവരുമായി ഇരുന്ന് കാണാറുണ്ട്. എന്റെ അനുഭവങ്ങളാണ് കേട്ടോ ഞാന്‍ പറയുന്നത്. അതിനെ പൊങ്ങച്ചമായിട്ടോ തള്ളായിട്ടോ എടുക്കരുത്. എന്റെ അമ്മയ്ക്ക് 72 വയസുണ്ട്. ഞാനൊരു അമ്മക്കുട്ടനും കുടുംബസ്ഥനുമാണ്. അവരുടെ തൃപ്തിയാണ് എനിക്ക് പ്രധാനം. ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ എന്റെ അമ്മയ്ക്ക് സിനിമ ഇഷ്ടപ്പെട്ടു. എനിക്ക് മൂന്ന് മക്കളുണ്ട്. അതില്‍ മകന്‍ സിനിമാ ഭ്രാന്തനാണ്. അവന്‍ ലണ്ടനിലാണ്. അതുകൊണ്ട് അവന് കാണാന്‍ പറ്റിയില്ല. എന്റെ മൂത്ത മകളുണ്ട്. അവള്‍ അങ്ങനെ സിനിമയ്ക്ക് അഭിപ്രായമൊന്നും പറയുന്ന ആളല്ല. ഞാന്‍ കസേരയില്‍ ഇരുന്ന് ഇളകുവായിരുന്നു എന്നാണ് ഈ സിനിമ കണ്ടിട്ട് അവളെന്നോട് പറഞ്ഞത്. അപ്പോള്‍ ഞാനവളോട് നീ ഈ സിനിമയ്ക്ക് നൂറില്‍ എത്ര മാര്‍ക്ക് കൊടുക്കും എന്ന് ചോദിച്ചു. തൊണ്ണൂറ് മാര്‍ക്കെന്നായിരുന്നു അവളുടെ മറുപടി. എന്റെ ഇളയമകള്‍ പറഞ്ഞത് നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കുമെന്നാണ്. ഇതാണ് എനിക്ക് കിട്ടിയ ഫീഡ്ബാക്ക്. ഇവരിത് പറഞ്ഞെന്നുകരുതി ജനങ്ങള്‍ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല. ഓരോ സിനിമയും അതിന്റേതായ രീതിയില്‍ സംഭവിക്കുന്നതാണ്. സിനിമയ്ക്ക് ഒരു ഭാവി അല്ലെങ്കില്‍ ഒരു വിധിയുണ്ട്. അതേ നടക്കൂ. എന്നാല്‍, ഒരുകാര്യം ഞാന്‍ ഉറപ്പുതരാം. ഇത് ആധുനിക യുഗത്തില്‍ അല്ലെങ്കില്‍ ന്യൂജന്‍ സിനിമകളില്‍ കാണുന്നതുപോലെയുള്ള ഡാര്‍ക്ക് ഷേഡോ തെറി വിളികളോ ഒന്നുമില്ലാത്ത ചിത്രമാണ്. ഞാന്‍ മറ്റ് സിനിമകളെ കുറ്റം പറയുന്നതല്ല. അതും നല്ലതായിരിക്കാം. ഇത് പക്ഷേ, കുടുംബമായി പോയി കാണാവുന്ന, കുറച്ച് നനവുള്ള, ദുഃഖമുള്ള അങ്ങനെയൊക്കെ ഒരു കുടുംബത്തിന് കാണാന്‍ പറ്റുന്ന സിനിമയാണ്.

കാവല്‍ പോസ്റ്റര്‍

ഈ സിനിമയില്‍ എല്ലാവര്‍ക്കും പക ഇത്തിരി കൂടിയോ എന്നാണ് എന്റെ അമ്മ ചോദിച്ചത്. അത് മലയാളികള്‍ക്കുള്ളതാണ്. ഒരു പക മലയാളികള്‍ക്കുണ്ട്. അസാധാരണമായ ഒരു പക വളര്‍ന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹത്തില്‍. അതിന്റെ കാരണം എനിക്കറിയില്ല. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടില്‍ ഞാന്‍ സ്‌കൂളില്‍ പോകുമ്പോഴൊന്നും ഒരു പൊലീസ് വണ്ടി വരുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാലിപ്പോള്‍, ദിവസവും ഒരു മൂന്ന് തവണ പൊലീസ് വണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോവുന്നത് കാണാം. അത് നമ്മുടെ നാടിന്റെ മാറ്റമാണ്. പക ഈ സിനിമയിലുണ്ട്. പകയുടെ ഒരു രീതിയുണ്ട്. അതാണ് ഈ സിനിമയെക്കുറിച്ച് എനിക്ക് പറയാനുള്ളത്. സിനിമ സമൂഹത്തിന്റെ തന്നെ ഒരു പരിച്ഛേദമാണെന്ന്വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിനിമ ആരും ആകാശത്തുനിന്നും പൊടിയിട്ട് പിടിക്കുന്നതൊന്നുമല്ല. അവന്റെ ജീവിതത്തില്‍ കണ്ടുമറഞ്ഞ ‘പ്രശ്‌നങ്ങളില്‍’ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാണ് സിനിമയെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അതെന്റെ പോരായ്മയാണെങ്കില്‍ ക്ഷമിക്കണം.

എന്തുകൊണ്ടാണ് കാവല്‍ ഒടിടിക്ക് കൊടുക്കാതെ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്? ഒടിടി അല്ലേ കുറച്ചുകൂടി ലാഭവും സുരക്ഷിതവും?

ഞാനൊരു കച്ചവടക്കാരനാണ്. സിനിമയെടുക്കാന്‍ പോകുമ്പോള്‍ ആദ്യം ഞാന്‍ സംവിധായകനോട് പറയുന്നത് എനിക്ക് നിങ്ങള്‍ ബജറ്റ് തരണം എന്നാണ്. സാധാരണ ‘ഗുഡ് വില്‍’ ചെയ്യുന്നത് ഒരു ബജറ്റ് വാങ്ങിക്കഴിഞ്ഞാല്‍ ആ പണം സിനിമയ്ക്ക് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് ആദ്യമിടും. അത് കഴിഞ്ഞാല്‍, റിലീസിന് ശേഷം അതിന്റെ 80 ശതമാനം പണം പ്രീ ബിസിനസ്സിലൂടെ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഞാന്‍ ചിന്തിക്കുക. അതും കഴിഞ്ഞിട്ടേ ഗുഡ് വില്‍ ഒരു പടം തിയേറ്ററിലേക്ക് കൊണ്ടുവരാറുള്ളു. അങ്ങനെയാണ് ഗുഡ് വില്‍ ഇന്നുവരെയും സിനിമ ചെയ്തിട്ടുള്ളത്.

കൊവിഡിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കാരണം വിചാരിച്ചതിലും കൂടുതല്‍ പണം ഈ സിനിമയ്ക്ക് ചെലവായിട്ടുണ്ട്. ഒരാളുടെ ഈഗോ പ്രശ്‌നം മാറ്റി നിര്‍ത്തിയാല്‍, ബാക്കി എല്ലാവരുടെയും പണം കൊടുത്തുതീര്‍ത്തിട്ടാണ് സിനിമയിറങ്ങുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്കും പണം കൊടുക്കണമെന്ന് ഞാന്‍ എന്റെ ഓഫീസിലും പ്രൊഡക്ഷന്‍ കണ്‍ട്രോളറോടും പറഞ്ഞിട്ടുണ്ട്.

സിനിമയുടെ ബജറ്റ് പ്രതീക്ഷിച്ചതിലും കൂടിപ്പോയപ്പോള്‍ എനിക്കൊരു ആധിയൊക്കെ ഉണ്ടായിരുന്നു. പലരും എന്നോട് സിനിമ ഒടിടിക്ക് കൊടുക്കാന്‍ ഉപദേശിച്ചു. സിനിമ എന്നത് വലിയൊരു വ്യവസായമാണ്. അവിടെ ഞാന്‍ മാത്രം നിലനിന്നിട്ട് കാര്യമില്ല. 50 ലക്ഷം രൂപയാണ് ഈ സിനിമയ്ക്ക് പ്രിന്റ് മീഡിയയിലെ പരസ്യത്തിനുവേണ്ടി മുടക്കിയത്. 25 ലക്ഷം രൂപ ടിവി ചാനലുകളിലെ പരസ്യങ്ങള്‍ക്കുവേണ്ടി കൊടുത്തു. ഏകദേശം 40 ലക്ഷം രൂപയ്ക്കടുത്തുള്ള ഹോര്‍ഡിങ്‌സുകള്‍ പിടിപ്പിച്ചിട്ടുണ്ട്. അത് കൂടാതെ ഓണ്‍ലൈന്‍ പ്രൊമോഷന്‍. പോസ്റ്ററുകള്‍ വേറെ. ഈ പൈസയൊക്കെ സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് വിതരണം ചെയ്യപ്പെടുകയാണ്. എനിക്കിതൊക്കെ ലാഭമാക്കി മാറ്റാമായിരുന്നു. ഒടിടിയില്‍ നിന്ന് വലിയ ഓഫര്‍ വന്നതാണ്. പക്ഷെ സിനിമ കണ്ടപ്പോള്‍ ഇത് തിയേറ്ററില്‍ കാണേണ്ട സിനിമയാണ്, അല്ലാതെ മൊബൈലില്‍ കാണേണ്ടതല്ല എന്നാണ് എനിക്ക് തോന്നിയത്. ഒടിടിയില്‍ വന്നാലും എല്ലാ വീടുകളിലും ഹോം തിയേറ്ററൊന്നും ഇല്ലല്ലോ. ഫോണിലാണ് എല്ലാവരും അത്തരം ചിത്രങ്ങള്‍ കാണുന്നത്. നമ്മുടെ ആളുകളൊക്കെ ഐ പാഡിലോ ടാബിലോ കാണുന്നുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അങ്ങനെയൊരു സിനിമയെ കൊല്ലാന്‍ താല്‍പര്യമില്ല. ഒപ്പം, സമൂഹവും വളരണമെന്ന് വിചാരിച്ചതുകൊണ്ടാണ് തിയേറ്ററില്‍ പടമെത്തണമെന്ന് ശഠിച്ചത്. എന്റെ തീരുമാനം ശരിയായിരുന്നെന്ന് എല്ലാവരും സമ്മതിക്കുമെന്ന് എനിക്കുറപ്പാണ്.

ജീവിതത്തില്‍ വിധിയോട് മത്സരിക്കാറില്ലാത്ത മനുഷ്യനാണ് ഞാന്‍. ഇതിനൊരു വിധിയുണ്ട്. ആ വിധി എന്താണോ അതേ നടക്കൂ. ആ വിധി ഗുഡ് വില്ലിന് അനുകൂലമായിരിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇന്നുവരെ ഗുഡ് വില്ലിന്റെ ഒറ്റ പടവും പരാജയപ്പെട്ടിട്ടില്ല. ഇതും പരാജയപ്പെടില്ലെന്നാണ് എന്റെ വിശ്വാസം. എല്ലാ നടന്മാര്‍ക്കും ഫാന്‍സുള്ള നാടാണിത്. ഗുഡ് വില്‍ എന്ന പ്രൊഡക്ഷന്‍ ഹൗസിന് വലിയ ഫാന്‍സുണ്ടിവിടെ. ഗുഡ് വില്ലിനെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് സിനിമാപ്രേമികളുണ്ട്. അവര്‍ ഒരു കാരണവശാവും ഗുഡ് വില്ലിനെ കൈവിടില്ല.

കാവലിലെ ഒരു രംഗം

സുരേഷ് ഗോപി ആരാധകരെ ചിത്രം എത്രത്തോളം തൃപ്തിപ്പെടുത്തും?

സുരേഷ് ഗോപി ആരാധകരെ നൂറ് ശതമാനം സംതൃപ്തരാക്കുന്ന ചിത്രമാണിത്. തൊണ്ണൂറുകളിലൊക്കെ കണ്ട സുരേഷ് ഗോപിയുടെ തിരച്ചുവരവാണ്. മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂക്കയും ലാലേട്ടനും സുരേഷ്‌ഗോപിയുമൊക്കെ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മലയാള സിനിമയില്‍ അവരുടേതായ സംഭാവനകള്‍ തീര്‍ച്ചയായുമുണ്ട്. മമ്മൂക്ക മലയാള സിനിമയിലെ നായകനായി നില്‍ക്കുന്നതുപോലെ പുതിയ തലമുറയിലെ ആര്‍ക്കും നില്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കത് നൂറുശതമാനം ഉറപ്പാണ്. മലയാള സിനിമയുടെ അടുപ്പുകല്ലാണ് ഇവര്‍ മൂന്നുപേരും. ഇവരുണ്ടെങ്കില്‍ അതിന് മുകളില്‍ മലയാള സിനിമ സുരക്ഷിതമാണ്. അതില്‍ ഒരാള്‍ ഇളകിയാലും പ്രശ്‌നമാണ്. വീണ്ടും വിധിയെന്നാണ് ഞാന്‍ കരുതുന്നത്. സുരേഷ് ഗോപിയുടെ രണ്ടാം വരവെന്ന ചരിത്ര നിയോഗത്തില്‍ പങ്കുകാരാവുകയാണ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. ഇതിനെയെല്ലാം ഞാന്‍ പോസിറ്റീവായിട്ടാണ് എടുക്കുന്നത്.

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സുരേഷ് ഗോപി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് ഇത്തവണ ക്യാമറയ്ക്ക് മുന്‍പിലാണ് കൈകോര്‍ക്കുന്നത്. കൂടാതെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രണ്‍ജി പണിക്കര്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും. വലിയൊരു ഹിറ്റ് തന്നെയാണ് പ്രതീക്ഷ?

ഞാനിത് ഹിറ്റാക്കി കഴിഞ്ഞു. എനിക്കിത് ഹിറ്റായിട്ടാണ് തോന്നുന്നത്. അതില്‍ ഒരു സംശയവും വേണ്ട. പിന്നെ രണ്‍ജി പണിക്കര്‍ മകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതും അത് ഞങ്ങള്‍ക്ക് നിര്‍മിക്കാന്‍ സാധിക്കുന്നതും ഒരു നിയോഗമാണ്. അപ്പനെ മകന്‍ ഡയറക്ട് ചെയ്യുക എന്നത് രസമുള്ള കാര്യമാണ്. അപ്പനെ അനുസരിച്ച് ജീവിക്കുന്ന മകനാണ് ഞാന്‍ മനസിലാക്കിയ നിതിന്‍ രണ്‍ജി പണിക്കര്‍. പുള്ളി കുറച്ച് ഉള്‍വലിഞ്ഞ് നില്‍ക്കുന്ന സ്വഭാവക്കാരനാണ്. എങ്കില്‍ക്കൂടിയും അപ്പന്‍ പറയുന്നതിന് അപ്പുറത്തേക്ക് പോവില്ല. ആ ഒരു സ്പിരിറ്റില്‍ അതുകൊണ്ടുപോയതുകൊണ്ടുള്ള ഒരു രസമുണ്ട്. നല്ലതാണത്. പല സമയങ്ങളിലും അത് ഭയങ്കര രസകരമായിട്ടാണ് എനിക്ക് തോന്നിയത്. നല്ലതുപോലെ വര്‍ക്കൗട്ടായിട്ടുണ്ട്.

നിതിന്‍, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍

ആഗോളതലത്തിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കൊവിഡ് ആശങ്കകള്‍ അവശേഷിക്കെ ജനങ്ങളെ തിയേറ്ററിലെത്തിക്കാന്‍ കാവല്‍ എന്ന സിനിമയ്ക്കാകും എന്നാണോ വിശ്വസിക്കുന്നത്?

പ്രേക്ഷകര്‍ക്ക് നൂറുശതമാനം ഈ പടം ഇഷ്ടപ്പെടും. കേരളത്തില്‍ ഏകദേശം നാലരക്കോടി മലയാളികളുണ്ടെന്നാണ് പരിമിതമായ എന്റെ അറിവില്‍നിന്നും ഞാന്‍ മനസിലാക്കുന്നത്. അതില്‍ ഏകദേശം ഒരുകോടിയിലധികം പേര്‍ വിദേശത്താണ് താമസിക്കുന്നത്. ബാക്കി ഇവിടെയുള്ളത് മൂന്നരക്കോടി ജനങ്ങള്‍. ഇതില്‍ അഞ്ച് ശതമാനം ആളുകള്‍ പോലും മലയാളം സിനിമ കാണുന്നില്ല എന്നതാണ് സത്യം. അത്ര വലിയ സിനിമയാണെങ്കില്‍ മൂന്ന്-നാല് ശതമാനം ആളുകളാണ് സിനിമ കാണാന്‍ തിയേറ്ററിലെത്തുന്നത്. ആന്ധ്രയിലോ തമിഴ്‌നാട്ടിലോ സ്ഥിതി ഇതല്ല. ആന്ധ്രയില്‍ 80 ശതമാനം ആളുകള്‍ സിനിമ കാണുന്നവരാണ്. ഈ നാലോ അഞ്ചോ ശതമാനം ആളുകള്‍ സിനിമ കാണുമ്പോഴാണ് ഇവിടെ നൂറുകോടി ക്ലബ്ബുണ്ടാകുന്നത്. നമ്മളെ സംബന്ധിച്ച് നമുക്ക് ഇതില്‍ രണ്ട് ശതമാനം ആളുകള്‍ കണ്ടാല്‍ മതി. നമ്മള്‍ ഹാപ്പിയാണ്.

ഓസ്‌ട്രേലിയ മുതല്‍ അമേരിക്ക വരെ ഉള്ള രാജ്യങ്ങളിള്‍ ഒരേ ദിവസമാണ് റിലീസ്. പക്ഷേ, പുറത്തെ റിലീസുകളില്‍ ഗുഡ് വില്ലിന് നേരിട്ട് പങ്കില്ല. ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ എന്ന കമ്പനിക്ക് കൊടുത്തിരിക്കുകയാണ്. അവര്‍ ഇതേ ദിവസമാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത് എന്ന് എനിക്കറിയാം. എന്നാല്‍, ഏതൊക്കെ തിയേറ്ററുകളാണ് എന്നൊന്നും അറിയില്ല. കേരളത്തിന് പുറത്ത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുഡ് വില്‍ നേരിട്ടാണ് വിതരണം. കേരളത്തിന് പുറത്ത് ഏകദേശം 140 തിയേറ്ററുകളില്‍ ധാരണയായി. കേരളത്തില്‍ 225 തിയേറ്ററുകളില്‍ ചിത്രമെത്തി. ഇന്ത്യയിലൊട്ടാകെ ഏകദേശം അഞ്ഞൂറ് സ്‌ക്രീനുകളിലാണ് കാവല്‍ റിലീസാകുന്നത്.

മരക്കാര്‍ എന്ന വമ്പന്‍ ചിത്രവും റിലീസിനെത്തുകയാണ്. ഇതോടൊപ്പം കാവല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്നില്ലേ? കാവലിന്റെ പോസ്റ്ററുകളെ മറച്ചുകൊണ്ട് കുറച്ച് ആരാധകര്‍ മരക്കാറിന്റെ ഫ്ളക്സ് തൂക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു?

അതിനെയും പോസിറ്റീവായി കാണാനാണ് എനിക്കിഷ്ടം. പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡര്‍ ഞാനായിരുന്നു. എന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു എനിക്കെതിരെ മത്സരിച്ചത്. ഞാനവനെ പൊന്നുപോലെ കൊണ്ടുനടന്ന ആളാണ്. അന്ന് അവനും അവന്റെ സുഹൃത്തുക്കളും പറഞ്ഞിട്ടുള്ള അപവാദങ്ങള്‍ എന്തെല്ലാമാണെന്ന് എനിക്കുപോലും അറിയില്ല. ഇതൊക്കെ ആ സ്പിരിറ്റിലെടുക്കണം. നാളെ ഗുഡ് വില്‍ ലാലേട്ടന്റെ പടമെടുക്കുമ്പോള്‍ ഈ ഫാന്‍സുകാര്‍ തിരിച്ച് ഗുഡ് വില്ലിനൊപ്പം നില്‍ക്കും. അല്ലാതെ അവര്‍ക്കെന്നോട് വ്യക്തിപരമായ വൈരാഗ്യമൊന്നുമില്ലല്ലോ. എന്റെ മകളെ ഞാന്‍ അവര്‍ക്കാര്‍ക്കും കല്യാണം കഴിച്ചുകൊടുക്കാന്‍ പോകുന്നുമില്ല. എനിക്കവരോടൊരു പരാതിയുമില്ല. അവരാ സ്പിരിറ്റിലെടുത്തു, ഞാന്‍ ആ സ്പിരിറ്റില്‍ ആ വീഡിയോ ഷെയര്‍ ചെയ്തു എന്നേയുള്ളു. അതില്‍ മറ്റൊന്നുമില്ല. അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അങ്ങനെ വേണമത്. നമ്മള്‍ നമ്മുടെ നിലപാടിലും നില്‍ക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം പോലെത്തന്നെയാണ് ആരാധകരുടെ സ്വാതന്ത്ര്യവും. അവരത് ആഘോഷിച്ചു. പിന്നെ നമ്മള്‍ ആഘോഷിക്കുമ്പോള്‍ ചിന്തിക്കേണ്ടത് മറ്റൊരാളെ വേദനിപ്പിച്ചുകൊണ്ട് വേണോ നമുക്ക് സുഖമുണ്ടാക്കാന്‍ എന്നാണ്. അത് ആളുകളെ ആശ്രയിച്ചിരിക്കും. ഞാന്‍ വീണ്ടും പറയുന്നു, മരക്കാര്‍ എന്ന സിനിമയ്ക്ക് കാവല്‍ ഒരു ഭീഷണില്ല. കാവലിന് മരയ്ക്കാറും ഭീഷണിയല്ല. പിന്നെ എന്തിനാണ് അവര്‍ കാവലിനെ ഭയപ്പെടുന്നത്?

നിതിന്‍ രണ്‍ജി പണിക്കര്‍ക്കൊപ്പം ചെയ്ത ‘കസബ’ എന്ന ചിത്രം പില്‍ക്കാലത്ത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വീണ്ടുമൊരു സിനിമയുമായി എത്തുമ്പോള്‍ അത്തരം ഫില്‍റ്ററിങ് നടത്തിയിരുന്നോ?

അതൊക്കെ അനാവശ്യമായ വിവാദങ്ങളാണ്. നമ്മുടെ ആളുകള്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ. പൈസയില്ല, തൊഴിലാളി സംഘടന എന്നൊക്കെ ചുമ്മാ പറയുന്നതാ. തട്ടിപ്പാ. ദൈവകൃപയാല്‍ നമ്മുടെ ആളുകളുടെ കയ്യിലൊക്കെ പൈസയുണ്ട്. എല്ലാ വീട്ടിലും വിദേശത്തുള്ള ആളുകളുണ്ട്. കാര്‍ന്നോന്മാര്‍ക്ക് പൈസ അയച്ചുകൊടുക്കുന്ന മക്കളുണ്ട്. ദാരിദ്ര്യമൊന്നുമില്ല. അങ്ങനെ ഒരുപണിയുമില്ലാതെ ഇരിക്കുമ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങളാണ്. ആ സിനിമയില്‍ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?

മമ്മൂട്ടിയൊടൊപ്പം ‘കസബ’യുടെ സെറ്റില്‍

കാവലില്‍ അങ്ങനെയൊരു ഫില്‍ട്ടറിങ്ങനൊന്നുമില്ലന്നേ. കാവല്‍ കാണുമ്പോള്‍ നിങ്ങള്‍ പറയും, അയ്യോ ഇതൊരു ഭയങ്കര സംഭവമാണെന്ന്. അന്നൊരു വിവാദമുണ്ടാക്കിയതാണ്. അതൊക്കെ ചുമ്മാതെയാന്നേ. ഒരാള്‍ നല്ലതാണെന്ന് ഒരാള്‍ പറഞ്ഞാല്‍ എല്ലാരും അതേറ്റുപറയും. മോശമാണെന്ന് പറഞ്ഞാല്‍ അതേറ്റ് പറയും. ഇവരാണോ നല്ലതും മോശവും തീരുമാനിക്കുന്നത്? അങ്ങനെയൊന്നുമല്ല. നമ്മള്‍ അനുഭവത്തിലൂടെ പഠിക്കണം. ഞാന്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. കാവല്‍ പേര് പോലെ സിനിമയ്ക്ക് കാവലാണ്. പലര്‍ക്കും കാവലാണ്. നല്ല സിനിമയാണ്. അതെനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനവികാരം അതാവുമെന്ന് എനിക്കുറപ്പുണ്ട്.

UPDATES
STORIES