ജൂണ്‍ എന്ന ആദ്യ ചിത്രത്തിന് ശേഷം സംവിധായകന് അഹ്മദ് കബീര്‍ ഒരുക്കിയ മധുരം ഇന്നലെ സോണിലിവില്‍ റിലീസ് ചെയ്തു. ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്, അര്ജുന് അശോകന്, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം, ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്സിന്റെ കഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ കുറേ മധുരം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് സിനിമയുടെ യാത്ര.
സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വന്നവരുടെ മുറി. അവിടേയ്ക്ക് വരുന്ന അപരിചിതരായ മനുഷ്യര്‍ തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ ആശ്വാസം കണ്ടെത്തുന്നു. ആ മുറിയിലേക്ക് അപരിചിതരായി കടന്നുവരുന്നവര്‍ സുഹൃത്തുക്കളായാണ് അവിടെ നിന്ന് പോകുന്നത്. ഭാര്യമാരായ ചിത്രയ്ക്കും (ശ്രുതി രാമചന്ദ്രന്) സുലേഖയ്ക്കും കൂട്ടിരിക്കാന്‍ വന്ന സാബു(ജോജു ജോര്‍ജ്) രവി(ഇന്ദ്രന്‍സ്) എന്നീ ഭര്ത്താക്കന്മാരും അമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന കെവിന്(അര്ജുന് അശോകന്) എന്ന മകനും ആ മുറിയില്‍ വച്ച് സുഹൃത്തുക്കളാകുകയാണ്. അവിടെ വച്ച് അവര്‍ ജീവിതത്തിന്റെ മധുരവും കയ്പ്പും കണ്ണീരും പങ്കിടുന്നു.
കടലില്‍ എട്ടുമാസവും കരയില്‍ നാലുമാസവും ജീവിക്കുന്ന, കപ്പലിലെ ഷെഫ് അസിസ്റ്റന്റായ സാബുവിന്റെ ജീവിതത്തിലേക്ക് ചിത്ര എന്ന ഗുജറാത്തി പെണ്‍കുട്ടി കടന്നുവരുന്നു. അതിന് കാരണമാകുന്നത് കുഞ്ഞിക്കയുടെ മദീന ഹോട്ടലും സ്നേഹത്തിന്റെ ഫ്ളേവര്‍ ചേര്‍ത്ത ബിരിയാണിയും. കണ്ണിനും മനസിനും ഏറെ സന്തോഷം നല്‍കുന്നതാണ് സാബുവിന്റേയും ചിത്രയുടേയും പ്രണയം. ഇത്രയും റൊമൊന്റിക് ആയി തനിക്ക് അഭിനയിക്കാന്‍ അറിയും എന്ന് ജോജു ജോര്‍ജ് തെളിയിക്കുമ്പോള്‍ ചിത്രയായി മനോഹരമായ പ്രകടനമാണ് ശ്രുതി രാമചന്ദ്രന് കാഴ്ചവയ്ക്കുന്നത്. ശ്രുതിയുടെ കരിയറിലെ മികച്ച കഥാപാത്രം തന്നെയാണ് ചിത്ര.

നാല്‍പ്പത് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഇനിയും പ്രണയിച്ചു തീരാത്ത രവി-സുലേഖ ദമ്പതികളും ആര്‍ദ്രമായൊരു കാഴ്ചയാണ്. അസുഖത്തിന്റെ വേദനയല്ല, അകന്നിരിക്കുന്നതിന്റെ വേദനയാണ് സഹിക്കാന്‍ പറ്റാത്തതെന്നും, അവള് കിടക്കുന്ന മുറിയിലേക്ക് ഒരുപാട് ദൂരമുള്ളതായി തോന്നുന്നുവെന്നും അവളില്ലാതെ എനിക്ക് പറ്റുന്നില്ലെടോ എന്നും രവി പറയുമ്പോള്‍ സാബുവിനൊപ്പം കാഴ്ചക്കാരും കരയുന്നുണ്ട്. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ആശുപത്രിയില്‍ പ്രിയപ്പെട്ടവര്‍ക്ക് കൂട്ടിരുന്നിട്ടുണ്ടെങ്കില് നിങ്ങള്‍ക്കത് റിലേറ്റ് ചെയ്യാനാകും. കെവിന്-ചെറി ദമ്പതികളുടെ കഥയ്ക്ക് ശക്തമായൊരു നിലം ഇല്ലാത്തതായി അനുഭവപ്പെട്ടു. അര്ജുന് അശോകന്, നിഖില വിമല്‍ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാബുവിനും ചിത്രയ്ക്കുമൊപ്പം സമാന്തരമായി പറഞ്ഞുപോകുന്ന കെവിന്റേയും ചെറിയുടേയും കഥ ഒന്നൂകൂടി ഡീറ്റെയ്ല് ചെയ്യാമായിരുന്നു എന്ന് തോന്നി.
ഭക്ഷണമാണ് സിനിമയിലെ മറ്റൊരു പ്രധാന മെറ്റഫര്‍. കുഞ്ഞിക്കയുടെ ബിരിയാണിയുടേയും, കാന്റീനിലെ പതച്ചായയുടേയും മഞ്ഞ ജിലേബിയുടേയും ഗുജറാത്തി പപ്പടത്തിന്റേയും, തേങ്ങാപ്പാലൊഴിച്ചുവച്ച മീന്‍ കറിയുടേയും, റിയോനോവയിലെ ലോബ്സ്റ്റര്‍ പാസ്തയുടേയും രുചി സിനിമ കഴിയുമ്പോഴും തീരുന്നില്ല.

വലിയ ട്വിസ്റ്റുകളോ ടേണുകളോ പുതുമയോ അവകാശപ്പെടാനില്ലെങ്കിലും മാധുര്യമുള്ള ഒരു കാഴ്ചയാണ് മധുരം. സംവിധായകന് അഹമ്മദ് കബീറിന്റെ കഥയ്ക്ക് ആഷിക് ഐമറും ഫാഹിം സഫറുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറയ്ക്ക് മുമ്പിലെത്താത്ത കഥാപാത്രങ്ങളെ പോലും മനസുകൊണ്ട് കാണാം. ചിത്രത്തിലെ താജു എന്ന കഥാപാത്രമായി എത്തുന്നത് ഫാഹിം തന്നെയാണ്.
സ്ലോപേസില്‍ നോണ്‍ ലീനിയറായി കഥ പറഞ്ഞു പോകുന്ന സിനിമയെ ഹൃദയസ്പര്‍ശിയാക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബും ഗോവിന്ദ് വസന്തയും ചേര്‍ന്നൊരുക്കിയ സംഗീതമാണ്. ജിതിന് സ്റ്റാനിസ്ലെസിന്റെ ക്യാമറ ഓരോ കാഴ്ചകളേയും മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മധുരം ചുണ്ടിലൊരു ചിരിയോടെയാണ് കണ്ടവസാനിപ്പിക്കാനാകുക.