ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ ആഘോഷം പങ്കുവെക്കുന്നതായുള്ള വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടന് ജോജു ജോര്‍ജ്. നടന് വിനായകനെ കണ്ടിട്ടാണ് അവിടേക്ക് ചെന്നത്. ഉപതെരഞ്ഞെടുപ്പാണെന്നുപോലും തനിക്ക് അറിയുമായിരുന്നില്ല. ആളുകളെ തനിക്കെതിരെ തിരിക്കുക എന്നതാവും വിവാദങ്ങളുണ്ടാക്കുന്നവരുടെ ഉദ്ദേശമെന്നും ജോജു പറഞ്ഞു.
എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ളാദ പ്രകടനത്തില്‍ ജോജു ജോര്‍ജ് താളം പിടിക്കുന്നതായുള്ള വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിജയാഘോഷത്തില്‍ ജോജു പങ്കെടുത്തു എന്നതരത്തില്‍ വാര്‍ത്തകളും പ്രചരണങ്ങളും പിന്നീടുണ്ടായി. എന്നാല്‍, താന്‍ ലാല്‍ ജോസിന്റെ സിനിമാ ഷൂട്ടിങിന്റെ ഭാഗമായാണ് അവിടെയെത്തിയതെന്നാണ് ജോജു നല്കുന്ന വിശദീകരണം. വിനായകനുമായി താന്‍ സൗഹൃദം പങ്കിട്ടപ്പോഴുള്ള ദൃശ്യങ്ങള്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘വിനായകന് എന്റെ അടുത്ത സുഹൃത്താണ്. അയാളും ഞാനും വളരെ കഷ്ടപ്പെട്ടാണ് ഇന്നുള്ള അവസ്ഥകളിലെത്തിയത്. ഒരു നടനെന്നതിലുപരി ഞാന്‍ ബഹുമാനിക്കുന്ന വ്യക്തിയാണ്. ആ സൗഹൃദത്തിന്റെ തുടര്‍ച്ചയായാണ് വിനായകനെ കണ്ടപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്നത്. അല്ലാതെ അത് ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായല്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം പോലും എനിക്കറിയില്ല. അതിനെ ചിലര്‍ വളച്ചൊടിച്ചു. സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു ഞാന്‍ നിന്നത്. പക്ഷേ, ഞാന്‍ ചുവന്ന ഷര്‍ട്ട് ഇട്ടെത്തി എന്നുപറഞ്ഞും തെറ്റിദ്ധാരണയുണ്ടാക്കി’, ജോജു വിശദീകരിക്കുന്നതിങ്ങനെ.
സിനിമയുടെ പിന്നില്‍ ഒരുപാട് വര്‍ഷം പ്രവര്‍ത്തിച്ച് ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ടാണ് ഇവിടെ വരെയെത്തിയത്. അങ്ങനെയൊരാള്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്കുവേണ്ടി ഇതുപോലെ ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ‘ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. കുറേയേറെ പിടിച്ചുനിന്നു. സത്യത്തിന് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമൊക്കെ ഇപ്പോള്‍ ചോര്‍ന്നുപോവുകയാണ്. തെറ്റിദ്ധാരണ പരത്തി നടത്തുന്ന ആക്രമണങ്ങള്‍ മാനസികമായി തളര്‍ത്തുകയാണ്’.
ചുരുളി സിനിമയുടെ പേരിലും തനിക്കെതിരെ വിവാദങ്ങളുണ്ടാക്കുകയാണെന്നും ജോജു ചൂണ്ടിക്കാട്ടി. ‘ഒരു പ്രശ്നം കഴിയുമ്പോള്‍ മറ്റൊന്ന് വന്നുകൊണ്ടിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ് ചുരുളി. ആ സിനിമയുമായി ബന്ധപ്പെട്ടും എനിക്കെതിരെ വിവാദങ്ങളുണ്ടായി. ഇപ്പോള്‍ ഇതും. ആളുകളെ എനിക്കെതിരെ തിരിക്കുക എന്നതാവും ഇവരുടെ ഉദ്ദേശം. സത്യത്തില്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്?. വീണ്ടും കുറേപ്പേര് തെറിവിളി തുടങ്ങിയിരിക്കുന്നു. എനിക്ക് എന്തെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യം വേണ്ടേ? ഓണ്‍ലൈനിലും ഓഫ്ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാനില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്?
ഇന്ധന വില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് സമരത്തില്‍ ജോജു ജോര്‍ജ് ഇടപെട്ടതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമമുണ്ടായിരുന്നെങ്കിലും ജോജു പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേര്‍ന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് പ്രകടനത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയും എത്തിയത്. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.