കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ല: ജോയ് മാത്യു

നീതിക്കും അതിജീവനത്തിനുമായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, കൊച്ചിയില്‍ അക്രമത്തിന് ഇരയായ നടിയുടെ കുറിപ്പ് വന്നതിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. നടി കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങൾ രംഗത്തെത്തി. എന്നാൽ ഈ വിഷയത്തിൽ നടനും സംവിധായകനും നിർമാതാവുമായ ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുകയാണ്.

 ഇരയ്‌ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ലെന്നുമാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. നടൻ ദിലീപാണ് കേസിലെ പ്രതി. ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

“ഒരെ സമയം ഇര ക്കൊപ്പവും വേട്ടക്കാരനോപ്പവും ചേരാനുള്ള വിദ്യ ഒക്കെ സിനിമാക്കാർക്ക് അറിയാമല്ലോ. സാമൂഹ്യ പ്രശ്നംങ്ങളിൽ, രാഷ്ട്രീയ ത്തിൽ സ്വന്തം നിലപാട് തുറന്നു പറയാൻ ഏതെകിലും സിനിമാക്കാരൻ തയ്യാറാകുമോ? ആരെയും പിണക്കാതെ എങ്ങിനെ കൂടുതൽ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ് മിക്കവരും,” എന്നാണ് ഒരാളുടെ കമന്റ്.

ഇരയ്ക്കൊപ്പം എന്ന് പറയാന്‍ ചിലര്‍ 5 വര്‍ഷം സമയമെടുത്തെന്നും കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാന്‍ ഇനിയും ഒരഞ്ച് വര്‍ഷം കൂടി വേണ്ടി വരുമെന്നുമാണ് മറ്റൊരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

വൈകിയാണെങ്കിലും നടിയുടെ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടിയും പിന്നാലെ മോഹന്‍ലാലും പിന്തുണ അറിയിച്ചിരുന്നു.

നിന്നോടൊപ്പം എന്ന കുറിപ്പോടെയാണ് മമ്മൂട്ടി നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. മോഹൻലാൽ ‘റെസ്‌പെക്ട്’ എന്ന ഒറ്റവാക്കിൽ പ്രതികരിച്ചു.

ദിലീപ് പ്രതിയായ കേസ്‌ അഞ്ചുവർഷം പിന്നിടുമ്പോൾ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് തിങ്കളാഴ്ച രാവിലെയാണ് നടിയുടെ പോസ്റ്റ് വന്നത്.

നടിയുടെ പ്രതികരണം:

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു; എനിക്കുവേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, നടി കുറിച്ചു.

UPDATES
STORIES