അന്ന ബെന്‍, റോഷന് മാത്യു, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അണിനിരത്തി വൈശാഖ് സംവിധാനം ചെയ്ത ‘നൈറ്റ് ഡ്രൈവ്’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ, അഭിനന്ദനവുമായി സംവിധായകന് ജൂഡ് ആന്തണി. ചിത്രം ലക്ഷണമൊത്ത ത്രില്ലറാണ് എന്നാണ് ജൂഡിന്റെ അഭിപ്രായം. തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് നൈറ്റ് ഡ്രൈവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘നൈറ്റ് ഡ്രൈവ് ലക്ഷണമൊത്ത ത്രില്ലര്‍. അഭിലാഷ് പിള്ള എന്ന മികച്ച തിരക്കഥാകൃത്തും വൈശാഖ് എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാനും ചേര്‍ന്നപ്പോള്‍ ഒരടിപൊളി സിനിമ. റോഷനും അന്നയും സിദ്ധിക്ക് ഇക്കയും ഇന്ദ്രേട്ടനും എല്ലാവരും മികച്ചു നിന്നു’; ജൂഡിന്റെ കുറിപ്പ് ഇങ്ങനെ.
‘വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു’ എന്ന ടാഗ് ലൈനോടെ മാര്‍ച്ച് 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അന്ന ബെന്നിന്റെയും റോഷന്റേയും കഥാപാത്രങ്ങളുടെ രാത്രിയാത്രക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. മുത്തുമണി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. കപ്പേളയ്ക്ക് ശേഷം റോഷന് മാത്യുവും അന്ന ബെന്നും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
‘പുലിമുരുകന്’, ‘മധുരരാജ’ എന്നിവയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയിരിക്കുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രഞ്ജിന് രാജിന്റേതാണ് സംഗീതം. ഛായാഗ്രഹണം ഷാജികുമാര്‍. എഡിറ്റിങ് എസ് പിള്ള.