‘500 രൂപ തരാമെന്ന് പറഞ്ഞ് പറ്റിച്ചു’; കടുവക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, പൊലീസില്‍ പരാതി

പൃഥ്വിരാജ് നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം കടുവയ്‌ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തങ്ങള്‍ക്ക് പണം നല്‍കിയില്ലെന്നും മോശം ഭക്ഷണം നല്‍കിയെന്നുമാണ് ആരോപണം. അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് പ്രധാന പരാതി. നിര്‍മ്മാതാക്കളില്‍നിന്നും പണം വാങ്ങിയ രഞ്ജിത്ത് അഭിനയിക്കാനെത്തിയവര്‍ക്ക് തുക നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

‘സെറ്റില്‍ മോശം ഭക്ഷണമാണ് നല്‍കിയത്. ഭക്ഷണം കഴിച്ചിട്ട് ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായി. ദിനംപ്രതി 500 രൂപ നല്‍കാമെന്ന് പറഞ്ഞാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചുവരുത്തിയത്. എന്നിട്ട് 350 രൂപയാണ് നല്‍കി പറ്റിച്ചു. പ്രൊഡക്ഷന്‍ കമ്പനി അണിയറ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയിട്ടുണ്ട്. അണിയറ പ്രവര്‍ത്തകരാണ് പറ്റിക്കുന്നത്’, പരാതി നല്‍കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു.

എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തള്ളി. ആദ്യദിവസം മാത്രമേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നുള്ളൂ. സെറ്റില്‍ എല്ലാ ദിവസവും നല്ല ഭക്ഷണമാണ് നല്‍കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കാന്‍ ഉപകരാര്‍ ഏറ്റെടുത്തവരുടെ വീഴ്ചയാണെന്നാണ് പൊലീസ് പറയുന്നത്.

ചിത്രത്തിന്റെ റിലീസിനെതിരെ പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കവെയാണ് പൂതിയ വിവാദങ്ങളുമുയരുന്നത്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാകുമെന്നും തന്നെ മനോവിഷമത്തിലാക്കുമെന്നുമാണ് ജോസിന്റെ പരാതി. ഹരജിയില്‍ തീര്‍പ്പാവുന്നതുവരെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതിനും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്ക്. ഒടിടിയിലും സാമൂഹിക മാധ്യമങ്ങളിലും വിലക്കുണ്ട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം തന്റെ ജീവിതത്തില്‍നിന്നും ഉള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്നതാണെന്നും തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നുമാണ് ജോസിന്റെ വാദം. ഹരജിയില്‍ കടുവയുടെ നിര്‍മ്മാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എന്നിവരെയും എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് കടുവ. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. സംയുക്താ മേനോനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തിലെത്തുന്ന മലയാള ചിത്രംകൂടിയാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനുമാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രാഹണം സുജിത് വാസുദേവ്. ജേക്‌സ് ബിജോയിന്റേതാണ് സംഗീതം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.

UPDATES
STORIES