ജാഫര്‍ ഇടുക്കി അഭിമുഖം: ഞാന്‍ വിശ്വസിക്കുന്ന സമുദായത്തില്‍ അല്ല എന്റെ കൂലിപ്പണി നടക്കുന്നത്

മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളാണ് ജാഫര്‍ ഇടുക്കി. ഗൗരവക്കാരായ കഥാപാത്രങ്ങളേയും കോമഡി റോളുകളും ഇതിനിടയില്‍ വരുന്ന നെഗറ്റീവ് ഷേഡ് വേഷങ്ങളുമെല്ലാം പല റെയ്ഞ്ചില്‍ നിന്ന് അഭിനയിച്ച് ഫലിപ്പിക്കുന്ന ജാഫറിന്റെ വഴക്കം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ‘കനകം കാമിനി കലഹം’, ‘ചുരുളി’ എന്നീ ചിത്രങ്ങളിലെ പ്രകടനം ചര്‍ച്ചയായിരിക്കെ ജാഫര്‍ ഇടുക്കി സൗത്ത്റാപ്പിനോട് സംസാരിക്കുന്നു.

കകകയിലെ കള്ളുകുടിയന്‍ സുരയെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. മദ്യപന്‍ കഥാപാത്രങ്ങളെ മുന്‍പ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അവതരണത്തില്‍ ഒരു ഫ്രഷ്നസ് കാണാന്‍ പറ്റി?

ഒരുപാട് പേര്‍ നല്ല അഭിപ്രായം പറയുന്നതില്‍ സന്തോഷം. സൗദിയില്‍ നിന്ന് ഒരു കുടുംബം വിളിച്ചിരുന്നു. ‘ഞങ്ങള്‍ പടം കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’ എന്ന് പറഞ്ഞു. ഞാനിതുവരെ പടം കണ്ടിട്ടില്ല.

ഒരു മദ്യപന്റെ ഒരു ദിവസത്തെ മാനറിസങ്ങള്‍ 30 ദിവസത്തെ ഷൂട്ടിനിടയില്‍ അഭിനയിച്ച് ഫലിപ്പിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നില്ലേ?

ചലഞ്ച് തന്നെയായിരുന്നു. കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. എന്റെ കൂടെ നിന്ന് സംശയങ്ങള്‍ കേട്ട് എന്നെയൊന്ന് ശ്രദ്ധിച്ച്, കഥാപാത്രത്തിന്റെ പോക്ക് ശ്രദ്ധിച്ച്, രണ്ട് പെഗ്ഗടിക്കുമ്പോഴത്തേയും മൂന്ന് പെഗ് അടിക്കുമ്പോഴത്തേയും ബാലന്‍സ് എത്രയാണെന്ന് കൃത്യമായി നോക്കണമെന്ന് പറഞ്ഞിരുന്നു. അസോയിയേറ്റ് ഡയറക്ടറും ഡയറക്ടറും ഒക്കെ കൂടി ചേര്‍ന്ന് നല്ല പണിയെടുത്താണ് അത് ചെയ്തത്.

കള്ളുകുടിയന്‍മാര്‍ കൈയ്യും കാലും വയറുമൊക്കെ കുലുക്കുന്ന ഒരു രീതിയുണ്ടല്ലോ? സ്റ്റേജില്‍ ചെയ്യുന്ന പോലെ സിനിമയില്‍ മദ്യപന്റെ കഥാപാത്രം ചെയ്യാന്‍ പറ്റില്ല. മിമിക്രിയിലായാലും നാടകത്തിലായാലും കുറച്ച് കൂടുതലിടണം. സ്‌ക്രീനില്‍ വരുമ്പോള്‍ ഒതുങ്ങി ഓവര്‍ ആക്ഷന്‍ ആകാതെ ബാലന്‍സ് നോക്കണം. ഓവറായെന്ന് പറയുന്നവരുമുണ്ടാകും.

ജാഫര്‍ ഇടുക്കി/കനകം കാമിനി കലഹം

സുര ഓരോ പെഗ് അടിക്കുമ്പോഴും ഗിയര്‍ മാറുന്നുണ്ട്?

ഉണ്ട്. ഗിയര്‍ മാറുമല്ലോ. രാവിലെ ഒമ്പത് മണിക്ക് ബാത് റൂമില്‍ മൂത്രമൊഴിച്ചുനില്‍ക്കുന്നത് ഫ്രഷായിട്ടുള്ള സുരേന്ദ്രനാണ്. പിന്നെ മൂന്നെണ്ണം അടിച്ചു. നാലായി. പന്ത്രണ്ടായി. രണ്ട് ഫുള്ളായി. രാവിലെ കേറിയാല്‍ പിന്നെ രാത്രി ബാര്‍ അടയ്ക്കുന്നതു വരെ നിന്ന് കഴിച്ച് കോക് ടെയ്ല്‍ (അളന്നൊഴിക്കുന്ന പാത്രത്തിലെ തുള്ളികള്‍ എല്ലാം ചേര്‍ന്ന മദ്യക്കൂട്ട്) കൂടി കുടിച്ച് ഇറങ്ങുന്നവരുണ്ട്. സുര അത്തരത്തിലുള്ള ഒരാളാണ്. തോറ്റിട്ടേയുള്ളൂ, ജയിക്കണം എന്ന് പറയുന്ന ഒരു മദ്യപാനി. സുര അന്ന് കഴിച്ചത് കുറച്ച് കൂടിപ്പോയി.

കൊവിഡ് സമയത്ത് ആര്‍ടിസ്റ്റുകളും ടെക്നീഷ്യന്‍സും ഹോട്ടലില്‍ 30 ദിവസം താമസിച്ചായിരുന്നല്ലേ ചിത്രീകരണം?

അബാദ് പ്ലാസയുടെ അകത്ത് കെട്ടിപ്പൂട്ടിയായിരുന്നു ഷൂട്ടിങ്ങ്. കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് കനകം കാമിനി കലഹം. ലൈറ്റ്, ആര്‍ട്, പ്രൊഡക്ഷന്‍ എല്ലാവരും ഒരുമിച്ച് ഒറ്റ ഹാളിലാണ്. എല്ലാ കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുന്ന സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍. അതുകൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും എളുപ്പമായിരുന്നു. ഷൂട്ട് കഴിയുമ്പോള്‍ എല്ലാവരും ഇരുന്ന് വര്‍ത്തമാനം പറയും. ആരും വീട്ടില്‍ പോകുന്നില്ലല്ലോ.

സ്ഥിരം മദ്യപിക്കുന്നവരില്‍ ചിലരുടെ കണ്ണിന് താഴെ ഒരു പാട് കാണാറുണ്ട്. അത് മേക്കപ്പിട്ടതാണോ?

അതെ. അതിലൊരു ദുഃഖം കൂടി പറയാനുണ്ട്. എന്നെ മേക്കപ്പ് ചെയ്തയാള്‍ക്ക് ഒന്നര മണിക്കൂര്‍ ഓരോ ദിവസവും എന്റെയൊപ്പം ചെലവഴിക്കേണ്ടി വന്നു. ഡൈ ചെയ്തത് ഓരോ ദിവസവും കഴുകി കളയണം. ആ മേക്കപ്പ് ആര്‍ടിസ്റ്റ് മരണപ്പെട്ടുപോയി. നിവിന്‍ പോളിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ഷാബു പുല്‍പള്ളി. (ക്രിസ്മസിന് വീട്ടില്‍ നക്ഷത്രം തൂക്കുന്നതിനിടെയിലെ വീണ് പരുക്കേറ്റ് മരിച്ചു). ഷാബു കൂടെ ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും കൂടുതല്‍ ഹാപ്പിയായേനെ. ആ ദുഃഖം മനസില്‍ നിന്ന് പോകുന്നില്ല. എന്നെ ഒന്നര മണിക്കൂര്‍ ദിവസവും ചുറ്റിപ്പറ്റി നിന്ന പയ്യനാണ്. എനിക്കൊരു സ്വര്‍ണപ്പല്ലുണ്ട്. അതിന് മുകളില്‍ ക്യാപ് വെയ്ക്കുമ്പോള്‍ മോണയ്ക്ക് വേദനയുണ്ടാകും. ഷാബു വേദനയുണ്ടോ എന്ന് കൂടെക്കൂടെ ചോദിക്കുമായിരുന്നു.

നിവിന്‍ പോളി, ഷാബു പുല്‍പ്പള്ളി

കൂടെ വര്‍ക്ക് ചെയ്യുന്നവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സ് ആരുടേതാണ്?

ഗ്രേസ്, വിന്‍സിയൊക്കെ എന്ത് മനോഹരമായാണ് ചെയ്തത്. ഫ്‌ളഷ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞുവരുന്നത് എന്റെ സുഹൃത്തിന്റെ അച്ഛനാണ്. അദ്ദേഹം വരെ ഭംഗിയായി ചെയ്തു. രാജേഷ് മാധവ് നല്ല ആക്ടറാണ്. സുധീര്‍ പറവൂരും നന്നായി. ഗ്രേസും വിന്‍സിയും ചെയ്യുന്നത് കണ്ട് കൊതി തോന്നി. ഗ്രേസ് പൊളിച്ചടുക്കി. വിന്‍സി കൂടെ കട്ടയ്ക്ക് നിന്നു. വിനയ് ഫോര്‍ട്ടിന്റേത് വ്യത്യസ്തമായ ഒരു വേഷമായിരുന്നു.

വിനയ് ഫോര്‍ട്ടിന്റെ ചവിട്ട് ദേഹത്ത് കൊണ്ടോ?

അത് കുറച്ചൊക്കെ കൊള്ളുമെന്നേ. ഇടിക്കുമ്പോള്‍ വേദനയുണ്ടാകും. അതൊക്കെയുണ്ടാകും. നോക്കിയും കണ്ടും നിക്കും. അതൊക്കെ സിനിമയുടെ ഭാഗമാണ്.

സ്‌ക്രീന്‍ ടൈം മിക്കവരും ഏതാണ്ട് തുല്യമായി വീതിച്ചെടുക്കുകയാണ്?

നിവിന്‍ പോളി പടത്തില്‍ ഹീറോയിസം കളിക്കാന്‍ താല്‍പര്യപ്പെട്ടതേയില്ല. എല്ലാവരും ഒരുപോലെയായിരുന്നു. അതല്ലേ വേണ്ടത്? പ്രൊജക്ടല്ലേ വലുത്?

‘നായാട്ടി’ല്‍ മുഖ്യമന്ത്രി വേഷമാണ് ചെയ്തത്. ആരെയെങ്കിലും മനസില്‍ കണ്ടിരുന്നോ? രമേശ് ചെന്നിത്തല, വി എസ്, ഉമ്മന്‍ ചാണ്ടിയൊക്കെ അതേപോലെ ഷര്‍ട്ടിന്റെ കൈ മടക്കി വെയ്ക്കുന്നവരാണ്?

മുഖ്യമന്ത്രി ആയി അഭിനയിക്കണമെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു. കഥ മുഴുവന്‍ പറയണമെന്നില്ല, എന്റെ ഭാഗത്തേക്കുറിച്ച് പറഞ്ഞാലും മതിയെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇടയ്ക്ക് സംശയം ചോദിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവാണല്ലോ. ‘സഖാവിനെയാണോ ഉദ്ദേശിക്കുന്നത്?’ എന്ന് ‘കേരളത്തിന്റെ ഒരു മുഖ്യമന്ത്രി’ എന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്.

സീരിയസ് വേഷങ്ങളാണല്ലോ ഇപ്പോള്‍ കൂടുതലായും കിട്ടുന്നത്?

ജയസൂര്യയും ഞാനും ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗൗരവമുള്ള വേഷമാണ്. അതിന്റെ പേര് മാറുമോയെന്നും അറിയില്ല. ‘ഈശോ’ എന്നാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന പേര്. സീരിയസ് പടമാണ്.

ജാഫര്‍ ഇടുക്കി, ജയസൂര്യ/ഈശോ

ഈശോയുടെ ടൈറ്റിലിനെ ചൊല്ലി വിവാദങ്ങളുണ്ടായല്ലോ?

ഞാന്‍ വിശ്വസിക്കുന്ന സമുദായത്തില്‍ അല്ല എന്റെ കൂലിപ്പണി നടക്കുന്നത്. ഞാന്‍ ക്രിസ്ത്യന്‍ പള്ളികളിലെ പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും പരിപാടികള്‍ ചെയ്താണ് ജീവിച്ചത്. എന്നെ പോലുള്ള മിമിക്രി കലാകാരന്‍മാര്‍ ഇപ്പോഴും അങ്ങനെയാണ് ജീവിക്കുന്നതും. ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടത്തിനൊക്കെ പോയി പരിപാടി ചെയ്ത്. ഏത് സ്‌റ്റേജ് കലാകാരനും ജീവിക്കുന്നത് അമ്പലവും പള്ളിയും ഉള്ളതുകൊണ്ടാണ്. ഞങ്ങള്‍ക്കിടയിലേക്ക് ആരും മതം പറഞ്ഞ് വരേണ്ട. പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിക്കുകയുമില്ല. ഞങ്ങള്‍ക്ക് എല്ലാവരേയും വേണം. ജാതി, മതം, വേഷം, ഭാഷ, രാഷ്ട്രീയം ഇതൊന്നും ഞങ്ങള്‍ നോക്കുന്നില്ല. മനുഷ്യന്‍ എന്നതാണ്. ഭിക്ഷ യാചിച്ച് ജീവിക്കുന്നവരാണെങ്കിലും ലോക പ്രസിഡന്റാണെങ്കിലും അവരെ മനുഷ്യരായി കാണുന്നവരാണ് മിക്ക കലാകാരന്മാരും. എല്ലാവരും കലാകാരന്മാരേപ്പോലെയാകണം. എല്ലാ വേര്‍തിരിവുകളും മറക്കണം. എങ്കിലേ മനുഷ്യന്‍ മനുഷ്യനായി ജീവിക്കൂ. 150ലധികം പേര്‍ കൂട്ടായി പണിയെടുത്താണ് ഒരു സിനിമയുണ്ടാകുന്നത്. അതിന്റെ ഔട്ട് വരുമ്പോള്‍ സന്തോഷിക്കുന്നത് മതവും രാഷ്ട്രീയവും നോക്കിയാണോ? നമ്മള്‍ വെള്ളം വാങ്ങിക്കുടിക്കുന്നത് മതമേതെന്ന് ചോദിച്ചിട്ടാണോ? രണ്ട് മനുഷ്യര്‍ മാത്രമേ അവിടെയുള്ളൂ.

വിദ്വേഷപ്രചരണം നടത്തുന്നവരോട് എന്താണ് പറയാനുള്ളത്?

പലര്‍ക്കും പല സ്വഭാവമാണ്. 10,000 കുടം എടുത്ത് കുറച്ച് തുണിയും തന്ന് വാ കെട്ടാന്‍ പറഞ്ഞാല്‍ നമുക്കത് ചെയ്യാം. 5-6 ദിവസം പിടിക്കുമെന്നേയുള്ളൂ. പക്ഷെ, ഒരാളുടെ വായ മൂടിക്കെട്ടാന്‍ നമുക്ക് പറ്റുമോ? വിദ്വേഷം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ നമ്മളെന്ത് ചെയ്താലും, നല്ലത് ചെയ്താലും ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അവരത് പറഞ്ഞ് ആ വശത്തൂടെ പൊയ്‌ക്കോട്ടെ. നമുക്ക് ചെയ്യാന്‍ എന്തെല്ലാം കാര്യങ്ങളുണ്ട്. അതിന് കമന്റ് ചെയ്യാന്‍ പോകുന്നതിന് പകരം ചികിത്സാ സഹായം ആവശ്യമുള്ളവര്‍ക്ക് ഒരു നൂറ് രൂപ വാങ്ങിക്കൊടുക്കാന്‍ സമയം കണ്ടെത്തുകയാണ് വേണ്ടത്. അവര്‍ വേറെ തരം ആള്‍ക്കാരാണ്. പലതാണല്ലോ സമൂഹം. നമുക്ക് എല്ലാവരേയും വെറുക്കാന്‍ പറ്റില്ല. വിമര്‍ശിക്കുന്നവര്‍ക്കും ചീത്തവിളിക്കുന്നവര്‍ക്കും പോലും നമ്മളോട് ഉള്ളില്‍ ഒരു ഇഷ്ടമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജാഫര്‍ ഇടുക്കി/ചുഴല്‍

‘ചുഴല്‍’ കാന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചല്ലോ?

മോഹന്‍ലാല്‍ പറയുമ്പോഴാണ് ‘ചുഴല്‍’ കാന്‍ ഫെസ്റ്റിവലിന് കളിക്കാന്‍ പോയ കാര്യം തന്നെ ഞാന്‍ അറിയുന്നത്. ഹൈദരാബാദില്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ വെച്ച്. ‘ജാഫറിന്റെ ഒരു പടം കാന്‍ ഫെസ്റ്റിന് പോയി’ എന്ന് ലാലേട്ടന്‍ പറഞ്ഞു. ‘ഏതാ ചേട്ടാ? എനിക്ക് അറിയാന്‍ പാടില്ലല്ലോ’ എന്ന് ഞാന്‍. ‘അയ്യോ. ഇതൊക്കെ തിരക്കണ്ടേ?’. എനിക്കറിയില്ലെന്ന് ഞാന്‍ വീണ്ടും പറഞ്ഞു. ‘ചു..ചു’ എന്ന് ലാലേട്ടന്‍ കാണിച്ചപ്പോള്‍ ഞാന്‍ ‘ചുരുളി’ എന്ന് പറഞ്ഞു. ‘ചുരുളിയല്ല. ജാഫര്‍ വണ്ടിയില്‍ നിന്നിറങ്ങി ധൃതിയടിച്ച് ഓടുന്ന ഒരു സംഭവം’ എന്ന് പ്രൊമോ കണ്ട ഓര്‍മ്മവെച്ച് ലാലേട്ടന്‍ പറഞ്ഞു. അത് ചുഴല്‍ എന്ന പടമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ‘ചുഴലിന് കാന്‍ ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്ച്വറല്‍ ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടി’ എന്ന് ലാലേട്ടനാണ് അറിയിച്ചത്.

ചുഴല്‍ ഒരുപാട് പേര്‍ കണ്ടില്ലല്ലോ എന്നൊരു സങ്കടമുണ്ട്. ആളുകളുടെ കൈയില്‍ അരി വാങ്ങാന്‍ പൈസയില്ലാത്ത സമയത്താണ് തിയേറ്ററില്‍ അല്ലാതെ ഒടിടിയില്‍ ഇറക്കിയത്. ആളുകളുടെ ഈ ദുരിതത്തിനിടെ സിനിമ കണ്ടില്ലെങ്കിലും നമുക്ക് ദുഃഖമില്ല.

തിയേറ്ററിലായിരുന്നെങ്കില്‍ എല്ലാവര്‍ക്കും കാണാമായിരുന്നു. പ്രാര്‍ത്ഥനയാണെങ്കിലും ആഹ്ലാദമാണെങ്കിലും കൂട്ടായ്മയോടെ ചെയ്യുമ്പോഴാണ് നന്നാവുക. ആളുകള്‍ അമ്പലത്തിലും പള്ളിയിലും പോകുന്നതും അതുകൊണ്ടാണ്. വീട്ടിലിരുന്ന് സിനിമ കാണുമ്പോള്‍ ചിലപ്പോള്‍ അതൊരു ജോലി മാത്രമായി മാറും.

ജാഫര്‍ ഇടുക്കി/ചുരുളി

ഐഎഫ്എഫ്‌കെയില്‍ ‘ചുരുളി’ കണ്ടവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. മറ്റൊരു വേര്‍ഷനാണല്ലേ ഒടിടിയില്‍ വന്നത്?

ഐഎഫ്എഫ്‌കെയില്‍ കാണിച്ച ചുരുളിയില്‍ 10-35 തെറിവാക്കുണ്ട്. കുളമാവില്‍ തോട്ടപ്പുഴുവിന്റെ കടിയും കൊണ്ട് ഞങ്ങള്‍ മഴയത്ത് അലഞ്ഞുതിരിഞ്ഞ് നടന്നെടുത്ത പടമാണ് ചുരുളി.

ക്യാരക്ടര്‍ ആക്ടേഴ്‌സിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും റിച്ചാണ് മലയാളം ഇന്‍ഡസ്ട്രി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അവരില്‍ ഒരുപാട് പേരെ നമുക്ക് നഷ്ടപ്പെട്ടു. ആ ഏരിയയില്‍ വലിയൊരു വിടവ് ഉണ്ടാകുമെന്ന നിരാശകള്‍ക്കിടെയാണ് മിമിക്രിയില്‍ നിന്നും നാടകവേദിയില്‍ നിന്നുമുള്ളവര്‍ വന്ന് ആ കുറവ് നികത്താന്‍ ശ്രമിക്കുന്നത്?

അതെ. ഒരുപാട് ആക്ടേഴ്‌സ് നമുക്കുണ്ടായിരുന്നു. എന്നേപ്പോലുള്ളവര്‍ ക്യാരക്ടര്‍ റോള്‍ കൂടി ചെയ്യുന്നതിന് പിന്നില്‍ മറ്റൊരു വസ്തുതയുണ്ട്. കഥ എഴുതുന്നവര്‍ക്ക് അവരുടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടന്‍മാരെ വേണം. ഉദാഹരണത്തിന്, അമ്പിളിച്ചേട്ടനുണ്ടെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ പറ്റുന്ന അവസ്ഥയല്ല. എഴുതുന്നയാളും സംവിധായകരും എത്ര ആലോചിച്ചാലും അമ്പിളിച്ചേട്ടനേപ്പോലെ ചെയ്യാന്‍ പറ്റുന്ന ഒരാളെ കിട്ടില്ല. ഏതാണ്ട് അതുപോലെ ചെയ്യാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കി നടന്‍മാരെ വിളിക്കും. അമ്പിളിച്ചേട്ടനേപ്പോലെയൊക്കെ ചെയ്യാന്‍ പറ്റുമോ? അദ്ദേഹം രാജാവും ഞങ്ങളൊക്കെ ഭടന്‍മാരുമാണ്. സായികുമാര്‍ ചേട്ടനൊക്കെ ഒന്ന് ആലോചിച്ച് നോക്കിക്കേ. അളന്ന് തൂക്കി അഭിനയിക്കുന്ന ആള്‍ക്കാരാണ്.

ഭീഷ്മപര്‍വ്വത്തിലെ റോളിനേക്കുറിച്ച്?

ഭീഷ്മപര്‍വ്വം എന്ന പടത്തില്‍ ഞാന്‍ ഉണ്ടെന്ന് എല്ലാവരും പറയുന്നു. ഞാന്‍ ഇതുവരെ അതില്‍ അഭിനയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ മറ്റൊരാളും ഇത് ചോദിച്ചു. ആദ്യ ലിസ്റ്റില്‍ വന്ന ശേഷം ക്യാരക്ടര്‍ മാറിപ്പോയതായിരിക്കാം. അമല്‍ നീരദിനെ ഒന്ന് ഫോണ്‍ ചെയ്യണം. ‘ഇങ്ങനെ വന്നല്ലോ. ഞാനുണ്ടോ പടത്തില്‍?’ എന്ന് ചോദിച്ചു നോക്കണം. വിളിച്ചാല്‍ പോയി ചെയ്യാമല്ലോ.

ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ബാലു വര്‍ഗീസ്/ആളങ്കം

ആളങ്കത്തിന്റെ പോസ്റ്ററില്‍ കലിപ്പ് ലുക്കാണല്ലോ?

പടം അടിപൊളി സെറ്റപ്പാണ്. ഒരു മോര്‍ച്ചറി സൂക്ഷിപ്പുകാരനാണ് കഥാപാത്രം. ഇയാള്‍ ഒരു പണി കൊടുക്കുന്നതാണ് സംഭവം. കൂടുതല്‍ പറയാന്‍ പറ്റില്ല. ഷാനി ഖാദറിന്റേതാണ് തിരക്കഥയും സംവിധാനവും. വേറൊരു റൂട്ടാണ് പടം.

എത്ര ചിത്രങ്ങള്‍ വരുന്നുണ്ട്?

പത്തൊന്‍പതാം നൂറ്റാണ്ട്, അജഗജാന്തരം, ആളങ്കം, കേശു ഈ വീടിന്റെ നാഥന്‍, ഈശോ, ബ്രോ ഡാഡി, ഗുണ്ടാ ജയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, ചുരുളി, സഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെ 17-18 പടങ്ങളുണ്ട്. സീരിയസ് വേഷങ്ങളും കോമഡിയുള്ള കഥാപാത്രങ്ങളുമുണ്ട്.

ഇടുക്കിക്കാര്‍ പൊതുവേ കൂടുതല്‍ അധ്വാനിക്കുന്നവരാണെന്ന് പറയാറുണ്ട്?

ഹൈറേഞ്ച് മേഖലയില്‍ താമസിക്കുന്നവരൊക്കെ അങ്ങനെയൊക്കെയാണ്. വീട്ടിലെന്തെങ്കിലും നടാനും പിടിക്കാനുമൊക്കെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കും താല്‍പര്യമാണ്. വീട്ടില്‍ പച്ചക്കറി പുറത്തുനിന്ന് വാങ്ങാറില്ല, വര്‍ഷങ്ങളായി. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, ചെറുകിഴങ്ങ്, വഴുതന, പയര്‍.. ആഴ്ച്ചയില്‍ 10-25 കിലോ പയര്‍ പറിക്കുന്നുണ്ട്. വള്ളിപ്പയര്‍..പച്ചയും ബ്രൗണും.

UPDATES
STORIES