ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വകാര്യ വിവരങ്ങള്‍, പുറത്തു വിടാനാകില്ല: സജി ചെറിയാന്‍

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2018ല്‍ സര്‍ക്കാര്‍ നിയമിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ച് കെ.കെ രമ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന വിവരവകാശ കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. അതിക്രമം നേരിട്ടുവരുടെ പേരുവിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മൂടിവയ്ക്കുകയാണെന്നായിരുന്നു കെ.കെ രമയുടെ ആരോപണം.

അതേസമയം, സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പെടെയുള്ള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ യോഗം ചേരുമെന്ന് സജി ചെറിയാന്‍ സഭയെ അറിയിച്ചു. കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തില്‍ ആയിരിക്കും യോഗം. സാമൂഹ്യ നീതി വകുപ്പ്, വനിതാ കമ്മിഷന്‍ എന്നിവരെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ കെഎസ്എഫ്ഡിസിയും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് ക്രോഡീകരിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്മേല്‍ ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ഹേമ, മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സല കുമാരി ഐഎഎസ്, പഴയകാല നടി ശാരദ എന്നിവരുള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മലയാള സിനിമയില്‍ ജോലി ചെയ്യുന്നവരുമായി സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

UPDATES
STORIES