‘എന്നാൽ അവർക്കങ്ങ് വിളിച്ചു പറഞ്ഞൂടെ?’; തന്നെ ജോലി ഏൽപ്പിച്ചത് ഡബ്ല്യു.സി.സി അല്ലെന്ന് ജസ്റ്റിസ് ഹേമ

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പഠിക്കാൻ തന്നെ ചുമതലപ്പെടുത്തിയത് വിമൻ ഇൻ സിനിമ കലക്ടീവ് അല്ല സംസ്ഥാന സർക്കാർ ആണെന്ന് റിട്ടയേർഡ് ജസ്റ്റിസ് ഹേമ സൗത്ത്‌റാപ്പിനോട്‌. റിപ്പോർട്ട് പുറത്തുവന്നാൽ വലിയ പ്രശ്നങ്ങൾ നടക്കുമെന്നും മൊഴി നൽകിയ പെൺകുട്ടികളുടെ ഗുണത്തിനു വേണ്ടിയാണ് റിപ്പോർട്ട് പുറത്തു വിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ജസ്റ്റിസ് ഹേമ കൂട്ടിച്ചേർത്തു.

ജസ്റ്റിസ് ഹേമയുടെ വാക്കുകൾ:

റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അതിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റിയാണോ കമ്മീഷനാണോ എന്ന കാര്യത്തിൽ നിങ്ങൾക്ക് നിയമോപദേശം തരാൻ എനിക്ക് പറ്റില്ല. എന്റെ ജോലി കഴിഞ്ഞു. റിപ്പോർട്ട് കൊടുക്കണം എന്ന് ഗവൺമെന്റ് പറഞ്ഞു. വേറെ ആരും അല്ല ഏൽപ്പിച്ചത്. ഡബ്ല്യൂസിസി ഒന്നും അല്ല എന്നെ ഏൽപ്പിച്ചത്. ഗവൺമെന്റ് പറഞ്ഞു ഗവൺമെന്റിന് റിപ്പോർട്ട് കൊടുത്തു. ഇനിയുള്ളത് ഗവൺമെന്റാണ് ചെയ്യേണ്ടത്. എനിക്കൊന്നും ചെയ്യാനില്ല.

സ്ത്രീകളുടെ വളരെ രഹസ്യമായിട്ടുള്ള കാര്യം ആണ് അവരെന്നോട് പറഞ്ഞിട്ടുള്ളത്. ഇതൊന്നും പുറത്തേക്ക് വരില്ല എന്ന് ഞാൻ ഉറപ്പ് നൽകുകയും ചെയ്തു. അങ്ങനെ ഉറപ്പ് കൊടുത്തിട്ടാണ് ഇത് എഴുതിയിരിക്കുന്നത്. അത് അവരുടെ ഗുണത്തിന് തന്നെയാണ്. പുറത്തേക്ക് വന്നിട്ടുണ്ടെങ്കിൽ അത് വലിയ പ്രശ്നമാകും.

ഡബ്ല്യൂസിസിക്ക് ഇതൊക്കെ അറിയണം എന്നുണ്ടെങ്കിൽ ഏറ്റവും എളുപ്പവഴി എന്താണ്? റിപ്പോർട്ട് വായിക്കലാണോ സംഭവിച്ച ആൾക്കാരോട് ചോദിക്കലാണോ? എന്താണെന്ന് അറിയണം എന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് പാർവതിയോട് തന്നെ ചോദിക്കലാണ് എന്തൊക്കെ ചെയ്തു ആരൊക്കെ ചെയ്തു എന്ന്. എന്നിട്ട് അത് വിളിച്ചു പറഞ്ഞാൽ പോരെ? സുപ്രീം കോടതിയുടെ വിധിയുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇത് കോൺഫിഡൻഷ്യൽ ആയി വയ്ക്കണം എന്ന് പറഞ്ഞത്. അവർക്ക് അറിയണമെങ്കിൽ അവര് തന്നെ പറഞ്ഞോട്ടെ. അവർക്ക് അറിയാമല്ലോ ആരൊക്കെ എന്തൊക്കെ ചെയ്തു എന്ന്. അവര് പറയില്ലല്ലോ. എന്തുകൊണ്ടാ? ആ കാരണം എന്നോടും വന്നു പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണം എന്ന ആവശ്യമുന്നയിച്ച് ഡബ്ല്യൂസിസി അംഗങ്ങൾ കഴിഞ്ഞദിസവം വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More: ഹേമ കമ്മിറ്റി അംഗം ശാരദ സൗത്ത്‌റാപ്പിനോട്: മലയാള സിനിമയിൽ ലൈംഗിക ചൂഷണം വർധിച്ചു; റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ല

നടി പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, ദീദി ദാമോദരൻ, അർച്ചന പത്മിനി തുടങ്ങിയവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. ഇനി കാത്തിരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വനിതാ കമ്മീഷൻ ഇടപെടൽ നടത്തണമെന്നും ഡബ്ല്യു.സി.സി അംഗങ്ങൾ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യൂ.സി.സി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

അതേസമയം ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സിനിമ നിർമാണ കമ്പനികളുടെ ചുമതലയാണെന്നുമായിരുന്നു വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.

UPDATES
STORIES