മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി എത്തുന്ന, സിബിഐ സിനിമകളിലെ അഞ്ചാം ഭാഗം ‘സിബിഐ 5: ദ് ബ്രെയിന്‍’ എന്ന ചിത്രം മെയ് ഒന്നാം തിയതി പ്രദര്‍ശനത്തിനെത്തുകയാണ്. 34 വര്‍ഷം മുന്‍പ് അവതരിപ്പിച്ച കഥാപാത്രത്തെ അഞ്ച് സിനിമകളിലും മാറ്റമില്ലാതെ ഒരേ നടന് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’,’സേതുരാമയ്യര്‍ സിബിഐ’,’നേരറിയാന്‍ സിബിഐ’, എന്നീ ചിത്രങ്ങള്‍ ഒരുക്കിയ കെ.മധു തന്നെയാണ് ‘സിബിഐ 5: ദ് ബ്രെയ്ന്‍’ എന്ന ചിത്രവും ഒരുക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് അലി ഇമ്രാന് എന്നായിരുന്നെന്നും ഈ കഥാപാത്രത്തെ ബ്രാഹ്മണന് ആക്കാന്‍ നിര്‍ദേശിച്ചത് മമ്മൂട്ടി ആയിരുന്നു എന്നുമാണ് സംവിധായകന് പറയുന്നത്. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് കെ. മധു ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങള്‍ ആദ്യം കണ്ടു വച്ചിരുന്ന പേര് അലി ഇമ്രാന് എന്നായിരുന്നു.’ഇരുപതാം നൂറ്റാണ്ട്’ ഇറങ്ങിയ ശേഷം പൊലീസ് കഥ സിനിമ ആക്കാമെന്നു മമ്മൂട്ടിയോട് എസ്.എന്‍.സ്വാമി പറഞ്ഞു. അലി ഇമ്രാന് എന്ന സിബിഐ ഓഫിസര്‍ കേസ് അന്വേഷിക്കുന്ന കഥയാണു സ്വാമി പറഞ്ഞത്.എന്നാല്‍ ഈ കഥാപാത്രത്തെ ബ്രാഹ്മണന് ആക്കാന്‍ മമ്മൂട്ടി നിര്‍ദേശിച്ചു. അങ്ങനെ സേതുരാമയ്യര്‍ എന്ന പേരു സ്വാമി കണ്ടെത്തി. അലി ഇമ്രാന് എന്ന കഥാപാത്രം പിന്നീട് ‘മൂന്നാംമുറ’ യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു. സേതുരാമയ്യരെ രൂപപ്പെടുത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കു വഹിച്ചിട്ടുണ്ട്.’
അപകടത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് കൂടിയാണ് ഈ സിനിമ വഴിയൊരുക്കുന്നത്. സിബിഐ 5 എന്ന ചിത്രത്തിന്റെ വികാസത്തില്‍ ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് വലിയ പങ്കുണ്ടെന്ന് കെ.മധു പറയുന്നു. അപകടത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും സിനിമയില്‍ ഉണ്ടാകുക എന്നാണ് പലരും കരുതുന്നതെന്നും, എന്നാല്‍ ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്ന് പടം കണ്ടു കഴിയുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജഗതി വിക്രം ആകുന്നതിന് പുറമെ ചാക്കോ ആയി മുകേഷ് തന്നെയായിരിക്കും സ്ക്രീനില്‍ എത്തുക.
സൗബിന് ഷാഹിര്‍, രമേഷ് പിഷാരടി, കനിഹ, ആശ ശരത്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍, മാളവിക മേനോന്, ദിലീഷ് പോത്തന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2005ലാണ് നാലാം ഭാഗമായ നേരറിയാന്‍ സിബിഐ തിയേറ്ററുകളില്‍ എത്തിയത്.