‘കാവലിന് ഒടിടിയില്‍നിന്നും വമ്പന്‍ ഓഫറുണ്ടായിരുന്നു’; ഒമ്പതക്ക സംഖ്യ വേണ്ടെന്നുവെച്ചത് താന്‍ മാത്രം കാശുണ്ടാക്കേണ്ടെന്ന ബോധ്യത്തിലെന്ന് ജോബി ജോര്‍ജ്

സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍ സിനിമയ്ക്ക് ഒടിടിയില്‍നിന്നും വലിയ ഓഫര്‍ വന്നിരുന്നെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. എന്നാല്‍, തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ആ തുക വേണ്ടെന്ന് താന്‍ തീരുമാനിച്ചു. താന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിലാണ് കാവല്‍ തീയറ്റര്‍ റിലീസ് ചെയ്യുന്നതെന്നും നിര്‍മ്മാതാവ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘കാവലിന് ഒമ്പതക്ക സംഖ്യയാണ് ഒടിടിയില്‍നിന്ന് എനിക്ക് ഓഫര്‍ വന്നത്. അത് എത്രയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. ആ സംഖ്യ എനിക്ക് ആവശ്യമില്ല. ഞാന്‍ മുടക്കിയ പണം അല്ലാതെതന്നെ സാറ്റലൈറ്റ് റൈറ്റ്‌സായിട്ടൊക്കെ തിരിച്ചുകിട്ടും. എനിക്കതുമതി. ആര്‍ത്തി പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍’, ജോബി ജോര്‍ജ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.

ഗുഡ്‌വില്‍ എന്ന കമ്പനി വളര്‍ന്നത് തിയറ്ററുകളുടെയും സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് താന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തിയറ്റര്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് ആളുകളുണ്ട് ഈ നാട്ടില്‍. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍, ഫ്‌ളക്‌സ് നിര്‍മ്മിക്കുന്നവര്‍ അങ്ങനെ ഒരുപാടു പേരുടെ അന്നമാണ് സിനിമ. അത് മുടക്കിയിട്ട് താന്‍ മാത്രം നന്നാവുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം വിശദീകരിച്ചു.

മോഹന്‍ലാല്‍ നായകനാവുന്ന ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയുണ്ടായ ചര്‍ച്ചകള്‍ക്കിടയിലാണ് ജോബി ജോര്‍ജ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ‘കുറുപ്പ്’ റിലീസ് ചെയ്യുന്നതിന് പിന്നാലെയാവും കാവലും തിയറ്ററുകളിലേക്കെത്തുക.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഫാമിലി ഡ്രാമയാണ് കാവല്‍. ജോബിയുടെ ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്‍സിനൊപ്പം നിതിന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സുരേഷ് ഗോപി ഒരു ഇടവേളയ്ക്ക് ശേഷം പഞ്ച് ഡയലോഗുകളോടെ അവതരിപ്പിക്കുന്ന കഥാപാത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്‍ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിലെ ഒരു രംഗം

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, കണ്ണന്‍ രാജന്‍ പി ദേവ്, പൗളി വല്‍സണ്‍, അരിസ്റ്റോ സുരേഷ്, മുത്തുമണി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മന്‍സൂര്‍ മാത്തുക്കുട്ടിയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിമാണ് സുരേഷ് ഗോപി നായകനായി ഒടുവില്‍ പുറത്തിറങ്ങിയത്.

UPDATES
STORIES