രണ്ട് ചിത്രങ്ങള്‍ അടുത്തടുത്ത് വേണ്ട; കാവലിന്റെ റിലീസ് തീയതി മാറ്റി നെറ്റ്ഫ്‌ളിക്‌സ്

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവലിന്റെ ഒടിടി റിലീസ് തിയതി പുതുക്കി നെറ്റ്ഫ്‌ളിക്‌സ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് എത്തുമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരുന്നതെങ്കിലും ഡിസംബര്‍ 27ലേക്ക് മാറ്റിയെന്നാണ് പുതിയ വിവരം.

ടൊവിനോ തോമസിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി ഡിസംബര്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന പശ്ചാത്തലത്തിലാണ് മാറ്റം. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് റിലീസുകള്‍ വേണ്ടെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനം. ഡയറക്ട് ഒടിടി റിലീസാണ് മിന്നല്‍ മുരളി. ചിത്രമെത്തിയതിന് ശേഷമാവും കാവലിന്റെ റിലീസ് എന്നാണ് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കുന്നത്. ഡിസംബര്‍ 17ന് എത്തുമെന്ന് അറിയിച്ചിരുന്ന കുറുപ്പ് ഇന്നുമുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.

ക്രിസ്മസിനോടനുബന്ധിച്ച് ഇവയടക്കം ആറോളം ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത്. മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലും ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ‘മധുരം’ സോണി ലിവിലൂടെ ഡിസംബര്‍ 24നും ദിലീപ് നായകനായെത്തുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ 31ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലുമെത്തും.

തിയേറ്ററുകളും ക്രിസ്മസ് റിലീസുകള്‍കൊണ്ട് സമ്പന്നമാണ്. ക്യാമ്പസ് പ്രണയകഥപറഞ്ഞ് ആസിഫ് അലിയെത്തുന്ന ആര്‍ജെ മാത്തുക്കുട്ടിയുടെ ‘കുഞ്ഞെല്‍ദോ’, ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ തയ്യാറായ ‘അജഗജാന്തരം’, സൗബിന്‍ ഷാഹിറിനെയും മംമ്ത മോഹന്‍ ദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’, അമിത് ചക്കാലക്കല്‍ നായകനാവുന്ന ‘ജിബൂട്ടി’ തുടങ്ങിയവയാണ് ഈ മാസം തിയേറ്ററിലെത്തുന്ന പ്രധാന ചിത്രങ്ങള്‍.

UPDATES
STORIES