‘ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് ബസ് സ്റ്റാന്‍ഡില്‍ ഷൂട്ട് വേണ്ട’; സത്യന്‍ അന്തിക്കാട് ചിത്രത്തിന് അനുമതി നിഷേധിച്ച് ചെയര്‍പേഴ്‌സണ്‍

കാക്കനാട്: സത്യന്‍ അന്തിക്കാട് ചിത്രത്തിന് ഷൂട്ടിങ്ങ് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. കോണ്‍ഗ്രസ് നേതാവും നഗരസഭാ ചെയര്‍പേഴ്‌സണുമായ അജിത തങ്കപ്പനാണ് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയത്. ഗതാഗതം മുടക്കി പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള സിനിമാ ചിത്രീകരണം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള നഗരസഭ അനുമതി നിഷേധിച്ചത്. ജയറാം, മീരാ ജാസ്മിന്‍ ചിത്രത്തിന് അനുമതി ചോദിച്ചെത്തിയ സിനിമാ പ്രവര്‍ത്തകരോട് ചെയര്‍പേഴ്‌സണ്‍ ക്ഷുഭിതയായതായി റിപ്പോര്‍ട്ടുകളുണ്ട്.

ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇത് വന്ന് ചോദിക്കാന്‍?

അജിത തങ്കപ്പന്‍

നടന്‍ ജോജു ജോര്‍ജ് തങ്ങളുടെ ചിത്രത്തില്‍ ഇല്ലെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ പറഞ്ഞുനോക്കിയെങ്കിലും ചെയര്‍പേഴ്‌സണ്‍ നിലപാട് മാറ്റിയില്ല.

അജിത തങ്കപ്പന്‍

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നതിനേത്തുടര്‍ന്നുണ്ടായ വിവാദം കൂടുതല്‍ ഭിന്നതകളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ ചക്ര സ്തംഭന സമരത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ജോജുവിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. സിനിമാ മേഖലയ്‌ക്കെതിരെ ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി രംഗത്തെത്തി. ചിത്രീകരണത്തിന്റെ പേരില്‍ സിനിമാ ലൊക്കേഷനിലെ ഗുണ്ടകളും ബൗണ്‍സര്‍മാരും പൊതുജനത്തെ കൈയ്യേറ്റം ചെയ്യുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഷൂട്ടിങ്ങ് സെറ്റുകളില്‍ ലഹരിമാഫിയയുടെ സാന്നിധ്യമുണ്ട്. ഇതിനെതിരെ പൊലീസ് അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വാഹനത്തിന്റെ ചില്ലു തകര്‍ത്ത കേസില്‍ കോണ്‍ഗ്രസുമായി നടന്‍ ആദ്യം ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനകള്‍ നല്‍കിയെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ജോജുവിന്റെ സഹപ്രവര്‍ത്തകര്‍ മുഖേനയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഇതിനിടെ ചില്ലുതകര്‍ക്കല്‍ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ ജോജു കക്ഷി ചേരാനെത്തി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ കോടതി ഇടപെടണമെന്ന് ജോജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നാണ് നടന്റെ നിലപാട്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അലസിയതോടെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയടക്കമുള്ള നേതാക്കള്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ പോയിരിക്കുകയാണ്. കീഴടങ്ങലിനായി പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനവുമായാണ് കോണ്‍ഗ്രസ് എത്തിയത്. പ്രവര്‍ത്തകര്‍ ജോജുവിനെതിരെ മുദ്രാവാക്യം വിളിക്കുകയും നടന്റെ കോലം കത്തിക്കുകയും ചെയ്തു. ടോണി ചമ്മണിക്ക് പുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി ജി ജോസഫും ഷരീഫ് വാഴക്കാലയും മുന്‍പ് അറസ്റ്റിലായിരുന്നു.

കോട്ടയം പൊന്‍കുന്നത്ത് ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതും വിവാദമായി. ഇതിന് പിന്നാലെ സിനിമാ സെറ്റുകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്തയച്ചു. ജോജുവുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരില്‍ സിനിമാ മേഖലയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ വേണ്ടത് ചെയ്യണമെന്നാണ് ഫെഫ്കയുടെ അഭ്യര്‍ത്ഥന. ‘മലയാള സിനിമയിലെ സിപിഐഎം ഫ്രാക്ഷന്‍’ നേതാവാണ് താനെന്നും ജോജുവുമായുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഇടങ്കോലിട്ടെന്നുമുള്ള ആരോപണം അസത്യമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

UPDATES
STORIES