പണ്ഡിറ്റ് ബിർജു മഹാരാജ് സമാനതകളില്ലാത്ത നർത്തകൻ: കമൽ ഹാസൻ

അന്തരിച്ച ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ അനുസ്മരിച്ച് കമൽ ഹാസൻ. അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ട് തന്റെ ഹൃദയം തകർന്നുവെന്ന് കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. പണ്ഡിറ്റ് ബിർജു മഹാരാജ് സമാനതകളില്ലാത്ത നർത്തകനാണെന്നും കമൽ വിശേഷിപ്പിച്ചു.

കമല്‍ഹാസന്‍ സംവിധാനം ചെയ്ത് നായകനായെത്തിയ വിശ്വരൂപത്തിലെ ‘ഉന്നെ കാണാത്’ എന്ന ജനപ്രിയ ഗാനത്തിന് കമല്‍ ഹാസന് വേണ്ടി ചുവടുകള്‍ ഒരുക്കിയത് ബിര്‍ജു മഹാരാജ് ആയിരുന്നു. ഈ ഗാനത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

“സമാനതകളില്ലാത്ത കലാകാരനായ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഒരു ഏകലവ്യനെപ്പോലെ ദൂരെ മാറി നിന്ന് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചു. വിശ്വരൂപം എന്ന സിനിമയിൽ ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് കല പഠിച്ചു. സംഗീതത്തിനും നൃത്തത്തിനും വേണ്ടി നിങ്ങൾ സ്വയം സമർപ്പിച്ചു,” കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു പണ്ഡിറ്റ് ബിർജു മഹാരാജിന്റെ അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഡല്‍ഹിയില്‍ ‘കലാശ്രമം’ എന്ന പേരില്‍ കഥക് കളരി നടത്തിവരികയായിരുന്നു.

UPDATES
STORIES