കമല്‍ ഹാസന്, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ അണിനിരത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍. മൂന്ന് പ്രധാന നടന്മാര് ഒരുമിച്ചെത്തുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രമെത്തുന്നത് എന്നാണ് വിവരം. മേക്കിങ് വീഡിയോയുടെ ചെറിയ പതിപ്പോടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപനം.
കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് എന്നിവര്‍ക്കൊപ്പം നരേയ്നും കാളിദാസ് ജയറാമും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്.
രാജ്കമന് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്ന് സംഭാഷണമൊരുക്കി. അനിരുദ്ധ് രവിചന്ദ്രന്റേതാണ് സംഗീതം.