ഇന്ത്യയുടെ ദേശീയ ഭാഷയെ കുറിച്ചുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും തുടങ്ങിയിട്ട് ഒരാഴ്ചയായി. ബോളിവുഡ് താരം അജയ് ദേവ്ഗണ് ആണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന പറഞ്ഞ നടന് കിച്ച സുദീപിനെ വിമർശിച്ചുകൊണ്ട് അജയ് ദേവ്ഗൺ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഭാഷ ഒരു പ്രശ്നമല്ലെങ്കില്‍ ഉത്തരേന്ത്യന്‍ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയിലും ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യയിലും റിലീസ് ചെയ്യാമെന്ന് അജയ് ദേവ്ഗണ് പറഞ്ഞു. ഇതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നും പലും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തി. ഇപ്പോഴിതാ നടി കങ്കണാ റണാവത്തും ഈ തര്‍ക്കത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.
ധാക്കഡ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയപ്പോഴായിരുന്നു കങ്കണയോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.
‘ഈ ചോദ്യത്തിന് നേരിട്ട് ഉത്തരമില്ല. ഒരുപാട് വൈവിധ്യങ്ങളും ഒന്നിലധികം ഭാഷകളും സംസ്കാരങ്ങളുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഓരോരുത്തര്‍ക്കും അവരവരുടെ ഭാഷയിലും സംസ്കാരത്തിലും അഭിമാനിക്കാന്‍ അവകാശമുണ്ട്. ഞാന്‍ ഒരു പഹാരിയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ സംസ്കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്ന് കങ്കണ റണാവത്ത് പറഞ്ഞു.
‘ഏത് ഭാഷയാണ് ദേശീയ ഭാഷയെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അത് സംസ്കൃതമായിരിക്കണമെന്ന് ഞാന്‍ പറയും. കന്നഡ, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നിവയേക്കാള്‍ പഴക്കമുള്ളതാണ് സംസ്കൃതം. ഈ ഭാഷകളെല്ലാം സംസ്കൃതത്തില്‍ നിന്നാണ് വന്നത്. പിന്നെ എന്തുകൊണ്ട് സംസ്കൃതം ദേശീയ ഭാഷയായില്ല, ഹിന്ദി ദേശീയ ഭാഷയാകുന്നില്ല എന്നൊന്നും ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. അക്കാലത്ത് (ഭരണഘടന എഴുതപ്പെട്ടപ്പോള്‍) എടുത്ത തീരുമാനങ്ങളാണിവ,’ അവര്‍ പറഞ്ഞു.
ഹിന്ദിയെ ദേശീയ ഭാഷയായി കണക്കാക്കിയില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും കങ്കണ പറഞ്ഞു.
‘നിങ്ങള്‍ ഹിന്ദിയെ (ദേശീയ ഭാഷയായി) നിഷേധിക്കുമ്പോള്‍, കേന്ദ്രസര്‍ക്കാരിനെ നിഷേധിക്കുകയാണ്. നിങ്ങള്‍ ഡല്‍ഹിയെ തലസ്ഥാനമായി കണക്കാക്കുന്നില്ല. എന്തെല്ലാം നിര്‍മാണങ്ങള്‍ നടത്തിയാലും നിയമങ്ങള്‍ പാസാക്കിയാലും അതെല്ലാം ചെയ്യുന്നത് ഡല്‍ഹിയിലാണ്. അവര്‍ അത് ചെയ്യുന്നത് ഹിന്ദിയിലും,’ കങ്കണ കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ രാജ്യത്തുടനീളം യാത്ര ചെയ്യുമ്പോഴോ ജര്‍മ്മനി, സ്പെയിൻ അല്ലെങ്കില്‍ ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോഴോ അറിയാം അവര്‍ അവരുടെ ഭാഷയെക്കുറിച്ച് വളരെ അഭിമാനിക്കുന്നു എന്ന്. കൊളോണിയല്‍ ചരിത്രം എത്ര ഇരുണ്ടതാണെങ്കിലും, ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ, ഇംഗ്ലീഷ് ഒരു കണ്ണിയായി മാറിയിരിക്കുന്നു. ഇന്ന്, രാജ്യത്തിനകത്ത് പോലും, ആശയവിനിമയത്തിനായി നാം ഇംഗ്ലീഷ് ഉപയോഗിക്കുന്നു. ഇംഗ്ലീഷ് ആയിരിക്കണോ ആ കണ്ണി? അതോ ഹിന്ദിയോ സംസ്കൃതമോ തമിഴോ വേണോ? ആ തീരുമാനം എടുക്കേണ്ടത് നമ്മളാണ്. നിലവില്‍ ഭരണഘടനയനുസരിച്ച് ഹിന്ദിയാണ് ദേശീയ ഭാഷ. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗണ് ജി പറഞ്ഞതില്‍ തെറ്റില്ല. പക്ഷേ, ഹിന്ദി, ജര്‍മ്മനി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളെല്ലാം സംസ്കൃതത്തില്‍ നിന്ന് ഉടലെടുത്തതിനാല്‍ സംസ്കൃതം നമ്മുടെ ദേശീയ ഭാഷയാകണമെന്ന് ഞാന്‍ പറയും. എന്തുകൊണ്ട് നമുക്ക് സംസ്കൃതം ദേശീയ ഭാഷയായിക്കൂടാ? എന്തുകൊണ്ട് സ്കൂളുകളില്‍ ഇത് നിര്‍ബന്ധമാക്കുന്നില്ല? എനിക്ക് അറിയില്ല!’ കങ്കണ റണാവത്ത് പറഞ്ഞു.