രജനികാന്തുമായി അടുത്ത ചിത്രമോ? ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി കാര്‍ത്തിക് സുബ്ബരാജ്

സിനിമ പ്രതിസന്ധിയിലായിരുന്ന ലോക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പ്രചരണമായിരുന്നു രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് പുതിയ സിനിമയൊരുക്കുന്നു എന്നത്. സണ്‍ പിക്‌ചേഴ്‌സും ഇതിന് സമ്മതെ മൂളിയിരുന്നു എന്നായിരുന്നു പ്രചാരണം. ഈ ഊഹാപോഹങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

പ്രചാരണങ്ങളൊന്നും സത്യമല്ലെന്നും തലൈവറുമായി ചേര്‍ന്നുള്ള അടുത്ത ചിത്രം ആലോചനയിലില്ലെന്നുമാണ് കാര്‍ത്തിക് വ്യക്തമാക്കുന്നത്. പേട്ടയ്ക്ക് ശേഷം അടുത്ത രജനീ ചിത്രമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ചോദ്യത്തോട് അങ്ങനെയൊന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ‘മഹാന്‍’ മാത്രമായിരുന്നു തന്റെ മുമ്പിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കാര്‍ത്തിക് അറിയിച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

2019-ല്‍ പുറത്തിറങ്ങിയ പേട്ടയായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലെത്തിയ രജനി ചിത്രം. പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും പേട്ട വലിയ പ്രതികരണങ്ങള്‍ സ്വന്തമാക്കിയിരുന്നു. വിക്രം-ധ്രുവ് വിക്രം കോമ്പോയില്‍ പ്രദര്‍ശനം തുടരുന്ന മഹാനാണ് കാര്‍ത്തിക്കിന്റേതായി ഒടുവിലെത്തിയ ചിത്രം.

സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മ്മാണത്തില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് ഇനിയെത്തുന്നത്. നടന്റെ സിനിമാ ജീവിതത്തിലെ 169ാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രീകരണം ആരംഭിക്കുക.

UPDATES
STORIES