അതിജീവിതയ്‌ക്കൊപ്പം; കാവ്യ സുഹൃത്തല്ല, ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും: നവ്യ നായര്‍

വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ അഭിനേത്രി നവ്യ നായര്‍. ഇത്രയും കാലം പല നല്ല തിരക്കഥകളും കേട്ടെങ്കിലും ‘ഒരുത്തീ’യുടെ കഥ കേട്ടപ്പോഴാണ് ഇതാണ് തനിക്ക് വേണ്ടത് എന്ന തോന്നല്‍ ഉണ്ടായതെന്ന് നവ്യ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചും നവ്യ തന്‌റെ നിലപാട് വ്യക്തമാക്കി. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ തനിക്ക് സങ്കോചമുണ്ടാക്കുന്നുണ്ടെന്നും കോടതിയുടെ പരിഗണനയില്‍ ഉള്ള കേസ് ആയതിനാല്‍ ആധികാരികമായി ഒന്നും പറയാന്‍ സാധിക്കില്ലെന്നും പറഞ്ഞ നവ്യ, ആക്രമിക്കപ്പെട്ട തന്‌റെ സഹപ്രവര്‍ത്തകയ്ക്ക് നിരുപാധിക പിന്തുണയും അറിയിച്ചു. അവര്‍ അനുഭവിച്ച ബുദ്ധിമുട്ട് വലിയതാണെന്നും അതിനാല്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും നവ്യ പറഞ്ഞു. കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കള്‍ അല്ലെന്നും നവ്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ കുടുംബവുമായി മുംബൈയിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്‌റെ ഭാഗമാകാന്‍ സാധിക്കാതിരുന്നതെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരിടം എന്നത് വളരെ സ്വാഗതാര്‍ഹമാണെന്നും ഡബ്ല്യൂസിസി കൊണ്ടുവന്ന മാറ്റം നല്ലതാണെന്നും നവ്യ അഭിപ്രായപ്പെട്ടു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വളരെ നേരത്തേ തന്നെ പുറത്ത് വിടേണ്ടതായിരുന്നു എന്നും നവ്യ പറഞ്ഞു.

തനിക്ക് മോശമായ ഒരു അനുഭവം ഉണ്ടായാല്‍ അത് എങ്ങനെയാണ് പുറത്ത് പറയുക എന്ന സങ്കോചം ഉള്ളില്‍ ഉള്ള സ്ത്രീകളില്‍ ഒരാളാണ് താനെന്നും നവ്യ വ്യക്തിമാക്കി. എന്നാല്‍ അത് നല്ല കാര്യമല്ല, അത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയണമെന്നും അതിനുള്ള ധൈര്യം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.

UPDATES
STORIES