ട്വിറ്ററില്‍ വാണത് കീര്‍ത്തിയും വിജയിയും; 2021ല്‍ ചര്‍ച്ചയായ തെന്നിന്ത്യന്‍ താരങ്ങള്‍ ഇവര്‍

സിനിമാപ്രേമികള്‍ ഏറ്റവുമധികം ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റര്‍ ഇന്ത്യ. നടിമാരില്‍ കീര്‍ത്തി സുരേഷും നടന്മാരില്‍ വിജയിയുമാണ് മുന്‍നിരയിലുള്ളത്. വിജയ് ചിത്രം മാസ്റ്ററാണ് ഏറ്റവുമധികം ട്വീറ്റുകള്‍ നേടിയ തെന്നിന്ത്യന്‍ സിനിമ.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തിപരമായി വിജയ് സജീവമല്ല. എന്നിരുന്നിട്ടുകൂടിയും വിജയിയുടെ പേരിലാണ് ഏറ്റവുമധികം ട്വീറ്റുകളുണ്ടായത്. പവന്‍ കല്യാണ്‍, മഹേഷ് ബാബു, സൂര്യ, ജൂനിയപര്‍ എന്‍ടിആര്‍ എന്നിവരാണ് തൊട്ടുപിന്നിലായിട്ടുള്ളത്. അല്ലു അര്‍ജുന്‍ ആറാം സ്ഥാനത്തും രജനികാന്ത്, രാംചരണ്‍, ധനുഷ്, അജിത്ത് എന്നിവര്‍ പിന്നാലെയുമുണ്ട്.

നടിമാരുടെ പട്ടികയില്‍ ഹെഗ്‌ഡെ പൂജയെയും സമാന്തയെയും പിന്നിലാക്കിയാണ് കീര്‍ത്തി സുരേഷ് എത്തിയിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍, മാളവിക മോഹന്‍, രാകുല്‍ പ്രീത്, സായ് പല്ലവി, തമന്ന, അനുഷ്‌ക ഷെട്ടി, അപര്‍ണ പരമേശ്വരന്‍ എന്നിവരാണ് നാലുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലെത്തിയത്.

ഏറ്റവുമധികം ട്വീറ്റുകള്‍ ലഭിച്ച ചിത്രമായി മാസ്റ്റര്‍ ഒന്നാമത് നില്‍ക്കുമ്പോള്‍, അജിത്തിന്റെ വലിമൈ തൊട്ടുപിന്നിലുണ്ട്. വിജയിയുടെ തന്നെ ബീസ്റ്റ് ആണ് മൂന്നാമതെത്തിയിരിക്കുന്നത്. ബീസ്റ്റിലെ പോസ്റ്ററാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രം. സൂര്യ നായകനായെത്തിയ ജയ് ഭീം നാലാം സ്ഥാനത്തെത്തിയ തെന്നിന്ത്യന്‍ ചിത്രമായി. വക്കീല്‍ സാബ്, ആര്‍ആര്‍ആര്‍, സര്‍ക്കാരു വാരി പാടാ, പുഷ്പ, ഡോക്ടര്‍, കെജിഎഫ് 2 എന്നിവയും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി.

ബോളിവുഡ് ലിസ്റ്റില്‍ സോനു സൂദും ആലിയ ഭട്ടുമാണ് ഒന്നാമതുള്ളത്. അക്ഷയ് കുമാര്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ നടന്മാരില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ട്. നടിമാരില്‍ ആലിയക്ക് പിന്നാലെ പ്രിയങ്ക ചോപ്ര, ദിഷ പത്താനി, ദീപിക പദ്‌കോണ്‍, അനുഷ്‌ക ശര്‍മ്മ എന്നിവരുമുണ്ട്.

UPDATES
STORIES