ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പൊലീസിന് അന്വേഷണം തുടരാമെന്നും കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

വധ ഗൂഢാലോചനകേസ് റദ്ദാക്കണമെന്നും അന്വേഷണം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച അന്വേഷണത്തിനിടെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്റെ വെളിപ്പെടുത്തലില്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് കെട്ടിച്ചമച്ച കേസാണെന്നും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് കേസിന്റെ പ്രാരംഭഘട്ടം മുതല്‍ ദിലീപ് കോടതിയെ അറിയിച്ചത്.

ഇന്ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. സുപ്രീംകോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനായിരുന്നു ദിലീപിനുവേണ്ടി ഹാജരായത്. എന്നാല്‍, അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നും ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കോടതി വേനലവധിക്ക് ശേഷം വീണ്ടും ചേരുമ്പോള്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. കേസില്‍ വിധി വരുന്നതിന് മുമ്പുതന്നെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

അതേസമയം, അഭിഭാഷകന്റെ മുമ്പില്‍ വെച്ച് ദിലീപ് ഫോണിലെ രേഖകളില്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരകയാണ്. രേഖകളില്‍ നശിപ്പിക്കാന്‍ സഹായിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ അന്വേഷണ സംഘമെത്തി പരിശോധന നടത്തി. ഈ പരിശോധയില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം.

ഫോണിലെ നിര്‍ണായക വിവരങ്ങള്‍ ദിലീപ് മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. താന്‍ തെളിവുകള്‍ നശിപ്പിച്ചെന്ന പ്രോസിക്യൂഷന്‍ വാദം വ്യാജമാണെന്ന് വാദിച്ച് ദിലീപ് കഴിഞ്ഞ ദിവസം മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഫോണില്‍നിന്ന് നീക്കം ചെയ്തതെന്നും തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസന്‍ എന്നയാളെ ഡി.വൈ.എസ്.പി ബിജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചെന്നുമാണ് സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നത്.

UPDATES
STORIES