സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകള്‍; ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; സര്‍ക്കാര്‍ യോഗം നിര്‍ണായകം

കൊവിഡ് പശ്ചാത്തലത്തില്‍ സി കാറ്റഗറി ജില്ലകളില്‍ തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ തിയേറ്ററുടമകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി. നിലവിലത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാന്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

തിങ്കളാഴ്ച രാവിലെ ആദ്യ കേസായി തിയേറ്ററുടമകളുടെ ഹരജിയാവും പരിഗണിക്കുക. ഇന്ന് സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ക്കൂടി വിലയിരുത്തിയാവും വിഷയത്തില്‍ കോടതി ഇടപെടലുണ്ടാവുക. കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടാവുന്നതോടെ റിലീസ് മാറ്റി വെച്ച പല ചിത്രങ്ങളും പുതിയ റിലീസ് തിയതികള്‍ പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇക്കാര്യവും തിയേറ്ററുടമകള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നേക്കും.

സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണമാവുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.ന അടച്ചിട്ട എസി ഹാളുകളില്‍ രണ്ടുമണിക്കൂറിലധികം ഇരിക്കേണ്ടി വരുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നത് തുല്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, മാളുകള്‍ക്കും ബാറുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാവാതിരിക്കേ തിയേറ്ററുകള്‍ മാത്രം അടച്ചിടാനുള്ള തീരുമാനം യുക്തിസഹമല്ലെന്നാണ് തിയേറ്ററുടമകളുടെ വാദം.

ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി തിയേറ്ററുകള്‍ അടച്ചിടണമെന്ന തീരുമാനത്തിനെതിരെയും ഫിയോക് ഹരജിയില്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിയോക് കഴിഞ്ഞ ദിവസം നല്‍കിയ ഹരജിയില്‍ കോടതി സ്‌റ്റേ അനുവദിച്ചിരുന്നില്ല. നിലവിലത്തെ സാഹചര്യം മനസിലാക്കാന്‍ തിയേറ്ററുടമകള്‍ തയ്യാറാവണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്.

UPDATES
STORIES